രണ്ടു വർഷം കാട്ടിൽ തീറ്റിപ്പോറ്റി; പാക് ഭീകരർക്ക് ഒളിത്താവളമൊരുക്കിയയാള്‍ കശ്മീരിൽ അറസ്റ്റിൽ
Anti-Terror Operation in Jammu & Kashmir: പാക് ഭീകരര്‍ക്ക് അഭയവും സഹായവും നല്‍കിയ മൗലവിയെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തു. കിഷ്ത്വാറിലെ ചത്രൂ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ഭീകരർക്ക് സുരക്ഷിതമായ അഭയകേന്ദ്രവും മറ്റ് സഹായങ്ങളും നല്‍കിയ മുഹമ്മദ് റഫീഖ് നായിക് ആണ് അറസ്റ്റിലായത്.
ശ്രീനഗര്‍: പാക് ഭീകരര്‍ക്ക് അഭയവും സഹായവും നല്‍കിയ മൗലവിയെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റു ചെയ്തു. കിഷ്ത്വാറിലെ ചത്രൂ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പാകിസ്ഥാൻ ഭീകരർക്ക് സുരക്ഷിതമായ അഭയകേന്ദ്രവും മറ്റ് സഹായങ്ങളും നല്‍കിയ മുഹമ്മദ് റഫീഖ് നായിക് ആണ് അറസ്റ്റിലായത്. കിഷ്ത്വാറിലെ സിംഗ്പോറയിലുള്ള ദ്വാഥർ സ്വദേശിയായ ഇയാൾ കലാസോയി പ്രദേശത്തെ ഒരു പള്ളിയിൽ മൗലവിയായിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ സൈഫുള്ള നയിക്കുന്ന പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയുടെ പ്രധാന സഹായിയായിരുന്നു മുഹമ്മദ് റഫീഖ് നായിക് എന്ന് പൊലീസ് പറഞ്ഞു.
സൈഫുള്ളയ്ക്കും ഇയാളുടെ കൂട്ടാളികൾക്കും അഭയം, ഭക്ഷണം, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഇയാൾ നൽകിയിരുന്നു. ഇത് രണ്ട് വർഷത്തോളമായി ചത്രൂവിലെ കാടുകളിൽ കഴിയാന്‍ ഇവരെ സഹായിച്ചു. ഈ വർഷം ആദ്യം നടന്ന സൈനിക ഓപ്പറേഷനിൽ സൈഫുള്ളയെയും സംഘത്തെയും സുരക്ഷാ സേന വധിച്ചിരുന്നു.
മുഹമ്മദ് റഫീഖ് നായിക്കിന്റെ പിന്തുണയുള്ള ശൃംഖലയാണ് ഇത്രയും കാലം ഇവരെ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചത്രൂ മേഖലയിൽ ഭീകരർക്ക് സാമ്പത്തികവും മറ്റ് സഹായങ്ങളും നൽകുന്നതിനെക്കുറിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നായിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
നിര്‍ണായക നടപടി:
അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ പിടികൂടാനുള്ള ശ്രമങ്ങളില്‍ ഈ അറസ്റ്റ് ഒരു നിർണായകമായ മുന്നേറ്റമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതേ കേസിൽ മുനീർ അഹമ്മദ്, മഷ്കൂർ അഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ ഭീകരസംഘത്തെ സഹായിച്ചതിനാണ് സ്കൂൾ അധ്യാപകനായ മഷ്കൂർ അഹമ്മദിനെ പിടികൂടിയത്.
ഭീകരർക്ക് സഹായം നൽകുന്ന ആരെയും വെറുതെ വിടില്ലെന്ന വ്യക്തമായ സന്ദേശമാണ് ഈ അറസ്റ്റ് നൽകുന്നതെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
“നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിലെ സുപ്രധാനമായ ഒരു മുന്നേറ്റമാണ് ഈ അറസ്റ്റ്. ഇയാളുടെ (നായിക്) പങ്കാളിത്തം, ഇയാൾക്കുള്ള ശൃംഖല, വിദേശ ഭീകരസംഘവുമായുള്ള ബന്ധങ്ങൾ എന്നിവ പൂർണ്ണമായി മനസ്സിലാക്കുന്നതിനായി കൂടുതൽ അന്വേഷണം നടന്നുവരികയാണ്,”-കിഷ്ത്വാർ സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് (എസ്എസ്പി) നരേഷ് സിംഗ് വ്യക്തമാക്കി.
ഭീകരരുടെ മുഴുവൻ പിന്തുണ ശൃംഖലയും തിരിച്ചറിഞ്ഞ് തകർക്കാനുള്ള അന്വേഷണം തുടരുകയാണ്. ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തുന്ന എല്ലാ വ്യക്തികളെയും നിയമപരമായ നടപടികളിലൂടെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് നരേഷ് സിംഗ് പറഞ്ഞു.
പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദിന്റെ സെയ്ഫുള്ള ഗ്രൂപ്പിലെ ഏഴ് അംഗങ്ങളും ചാത്രൂ മേഖലയിൽ നടന്ന വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടിരുന്നു. ഈ സംഘത്തിലെ നാല് ഭീകരർ കഴിഞ്ഞ വർഷം കൊല്ലപ്പെട്ടപ്പോൾ, കമാൻഡറായ സെയ്ഫുള്ള ഉൾപ്പെടെ ബാക്കി മൂന്ന് പേർ ഫെബ്രുവരിയിലാണ് വധിക്കപ്പെട്ടത്.
English Summary
J&K Police arrested a cleric in Kishtwar for sheltering Pakistani terrorists. Mohammad Rafiq Naik provided food and supplies to a Lashkar-e-Taiba group. His support helped the terrorists survive in Chatroo forests for two years. Security forces have already eliminated the group and continue dismantling their support network.