LPG Booking: എൽപിജി സിലിണ്ടർ ബുക്കിംഗ് കാലയളവ് 25 ദിവസമായി ഉയർത്തി; ഉത്പാദനം വർദ്ധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദ്ദേശം
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള കാലയളവ് 21 ദിവസത്തിൽ നിന്നും 25 ദിവസമായി വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ട്.
ന്യൂഡൽഹി: പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനിടയിലുള്ള കാലയളവ് 21 ദിവസത്തിൽ നിന്നും 25 ദിവസമായി വര്‍ധിപ്പിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ 55 ദിവസത്തിലൊരിക്കൽ സിലിണ്ടർ ബുക്ക് ചെയ്തിരുന്നവർ പോലും നിലവിൽ 15 ദിവസത്തിനുള്ളിൽ ബുക്കിംഗ് നടത്തുന്ന സാഹചര്യമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
എൽപിജി ഉത്പാദനം വർധിപ്പിക്കാൻ സർക്കാർ റിഫൈനറികൾക്ക് നിര്‍ദ്ദേശം നല്‍കി. കൂടാതെ വാണിജ്യ കണക്ഷനുകളേക്കാൾ ആഭ്യന്തര എൽപിജിക്ക് മുൻഗണന നൽകാനും നിര്‍ദ്ദേശമുണ്ട്. ആഭ്യന്തര ഉപഭോക്താക്കൾക്ക് എപ്പോഴും മുൻഗണന നൽകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
കൂടുതൽ എൽപിജി ഇറക്കുമതി ചെയ്യുന്നതിനായി ഇന്ത്യ പുതിയ രാജ്യങ്ങളെ തേടുന്നുവെന്നാണ് റിപ്പോര്‍ട്ട്. അൾജീരിയ, ഓസ്‌ട്രേലിയ, കാനഡ, നോർവേ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയ്ക്ക് എൽപിജി വിൽക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് 130 യുഎസ് ഡോളർ കടക്കുന്നതുവരെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യതയില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിൽ ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ ഇന്ധന വില ഉയരാൻ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
ക്രൂഡ് ഓയിൽ വില ബാരലിന് ഏകദേശം 100 യുഎസ് ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഒരു പമ്പിലും പെട്രോളിനും ഡീസലിനും ക്ഷാമം നേരിടുന്ന പ്രശ്‌നമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഹോർമുസ് കടലിടുക്ക് വഴിയല്ലാതെ മറ്റ് മാര്‍ഗങ്ങളിലൂടെയുള്ള ക്രൂഡ് ഓയിൽ സംഭരണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിൽ ആവശ്യത്തിന് ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) ഉണ്ടെന്നും പ്രസ്തുത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യ എടിഎഫിന്റെ ഉൽപ്പാദകരും കയറ്റുമതിക്കാരും ആണ്. അതുകൊണ്ട് അക്കാര്യത്തിലും ആശങ്ക വേണ്ടെന്നും, മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.