PM Modi: മന്ത്രാലയങ്ങളിൽ ‘ടീം വർക്ക്’ വേണം, സൈബർ സുരക്ഷ ഉറപ്പാക്കണം; കേന്ദ്ര സെക്രട്ടറിമാരുമായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗം
PM Modi Chairs High-Level Meeting with Government Secretaries: കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യം-സാമ്പത്തികം, വാണിജ്യം-വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി.
ന്യൂഡൽഹി: കേന്ദ്ര ഗവൺമെന്റ് സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനകാര്യം-സാമ്പത്തികം, വാണിജ്യം-വ്യവസായം, സാങ്കേതികവിദ്യ എന്നീ മേഖലകൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഭാവി കർമ്മപദ്ധതികൾ അദ്ദേഹം വിലയിരുത്തി. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പുരോഗതി വേഗത്തിലാക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. വിവിധ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഇടയിൽ ശക്തമായ ടീം വർക്ക് വേണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ഉദ്യോഗസ്ഥർ ഒരു പൊതുവായ ലക്ഷ്യബോധത്തോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പുകള്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കണം. വേര്‍തിരിവുകള്‍ അവസാനിപ്പിച്ച് യോജിച്ച് മുന്നോട്ടുപോകണം. ഭരണത്തിന്റെ കേന്ദ്രബിന്ദു ഇന്ത്യയിലെ ജനങ്ങളായിരിക്കണം. ഓരോ തീരുമാനവും നയവും സാധാരണക്കാരന്റെ താല്പര്യങ്ങളെയും ആഗ്രഹങ്ങളെയും മുൻനിർത്തിയായിരിക്കണമെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയുടെ പുരോഗതി, മുൻഗണനകൾ, നടത്തിപ്പിലെ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് സെക്രട്ടറിമാർ യോഗത്തിൽ വിശദമായ ചർച്ചകൾ നടത്തി. കാബിനറ്റ് സെക്രട്ടറി, വിവിധ പ്രമുഖ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും സെക്രട്ടറിമാർ, പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മോദിയുടെ ട്വീറ്റ്:
In today’s meeting with Secretaries to the Government of India, we discussed key aspects relating to sectors like Finance and Economy, Commerce and Industry as well as Technology. Highlighted ways to enhance citizen-centric governance, boost infrastructure and develop indigenous…
— Narendra Modi (@narendramodi) July 28, 2026
രാജ്യം അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെങ്കിലും, തദ്ദേശീയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് തുല്യ മുൻഗണന നൽകണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. നിർണായക മേഖലകളിൽ സാങ്കേതിക സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെയും ആഭ്യന്തര ശേഷി വർധിപ്പിക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ചും മോദി സംസാരിച്ചു.
സ്വയംപര്യാപ്തത കൈവരിക്കണം
ഊർജ്ജ സുരക്ഷ എന്നത് ദേശീയ സുരക്ഷ, സാമ്പത്തിക സ്ഥിരത, പൗരന്മാരുടെ ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നവീകരണം, വൈവിധ്യവൽക്കരണം തുടങ്ങിയവയിലൂടെ ഊർജ്ജ മേഖലയിൽ ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പരിഷ്കാരങ്ങൾ എന്നത് കേവലം ആകർഷകമായ ഒരു പദം മാത്രമല്ല. തടസ്സമില്ലാത്ത ഭരണത്തിന് നിരന്തരമായ ഒരു ആവശ്യകതയാണ്. ഇതിനായി നടപടിക്രമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതിന്റെയും, തൊഴിൽ സംസ്കാരം മെച്ചപ്പെടുത്തേണ്ടതിന്റെയും, സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം സെക്രട്ടറിമാരെ ഓര്‍മ്മിപ്പിച്ചു.
സൈബർ സുരക്ഷ
സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന ഉപയോഗത്തോടൊപ്പം ഡിജിറ്റൽ സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് സൈബർ സുരക്ഷയിൽ ശക്തമായ ശ്രദ്ധ നൽകണം. ഉയർന്നുവരുന്ന സൈബർ ഭീഷണികൾക്കെതിരെ നിരന്തരമായ ജാഗ്രത വേണം. സൈബർ സുരക്ഷാ മേഖലയിൽ നൂതന ആശയക്കാരുടെയും സംരംഭകരുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം പ്രധാന സംരംഭങ്ങൾ നടപ്പിലാക്കുന്ന തന്ത്രപ്രധാനമായ മേഖലകളിൽ മുൻകൈയെടുത്തുള്ള കൃത്യമായ വിനിമയം ഉണ്ടാകണം. ഇത്തരം പ്രവൃത്തികൾക്കെതിരെയുണ്ടാകുന്ന വ്യാജപ്രചാരണങ്ങളെയും അടിസ്ഥാനരഹിതമായ ഭയങ്ങളെയും ചെറുക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ അക്കാദമിക് കോഴ്‌സുകള്‍
തൊഴിൽ ശക്തിയെ സജ്ജമാക്കുന്നതിന് വ്യവസായ മേഖലയുമായി സഹകരിച്ച് പുതിയ അക്കാദമിക് കോഴ്സുകൾ ആസൂത്രണം ചെയ്യണം. ഒരു ഗവൺമെന്റ് എപ്പോഴും ഊർജ്ജസ്വലവും, ചടുലവും, ഭാവിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായിരിക്കണം. പുതിയ വെല്ലുവിളികളോടും അവസരങ്ങളോടും വേഗത്തിലും നൂതനാശയങ്ങളോടെയും നിരന്തരം പ്രതികരിക്കാൻ തയ്യാറാവണമെന്നും യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മ്മിപ്പിച്ചു.
English Summary
Prime Minister Narendra Modi chaired a high-level review meeting with top central government secretaries. He urged officers to improve teamwork and break operational silos across various departments. He stressed the importance of citizen-centric policies, energy security, and indigenous technology. He also called for stronger cybersecurity measures and industry-aligned education for youth.