UP Floods: യു.പിയിൽ പ്രളയം രൂക്ഷം; പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്ന് മരണം, 16,000-ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു
Uttar Pradesh Floods: Three Casualties Reported, More Than 16,000 Shifted to Safety: അയോധ്യ, അസംഗഢ്, ബല്ലിയ, ബരാബങ്കി, ബദായുൻ, ചന്ദൗലി, ഫറൂഖാബാദ്, ഗാസിപ്പൂർ, ഗോരഖ്പൂർ, ഹർദോയ്, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മിർസാപൂർ, മൊറാദാബാദ്, പിലിഭിത്ത്, പ്രയാഗ്‌രാജ്, റായ്ബറേലി, സന്ത് കബീർ നഗർ, ഷാജഹാൻപൂർ, സീതാപൂർ, സോൻഭദ്ര, ഉന്നാവോ, വാരണാസി എന്നിവയാണ് വെള്ളപ്പൊക്കം ബാധിച്ച പ്രധാന ജില്ലകൾ
ഉത്തർപ്രദേശിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായതോടെ ഇതുവരെ 16,784 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. ബുധനാഴ്ച മാത്രം 3,042 പേരെയാണ് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്. ഇതുവരെ പ്രളയം ബാധിച്ച 35 ജില്ലകളിൽ 23 ജില്ലകളിലും ഇപ്പോഴും വെള്ളപ്പൊക്കം തുടരുകയാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പ്രതാപ്ഗഡിൽ പതിനെട്ടു മാസം മാത്രം പ്രായമുള്ള പ്രിയാൻഷ് എന്ന പിഞ്ചു കുഞ്ഞും, അംറോഹയിലെ ഗജ്‌റൗലയിൽ ഷേര (32), സുരേഷ് (55) എന്നിവരുമാണ് മരിച്ചത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,499 ബോട്ടുകൾ സർക്കാർ വിന്യസിച്ചിട്ടുണ്ടെന്നും 1,067 മെഡിക്കൽ സംഘങ്ങളെയും സേവനത്തിനായി നിയോഗിച്ചു എന്നും അധികൃതർ അറിയിച്ചു. അയോധ്യ, അസംഗഢ്, ബല്ലിയ, ബരാബങ്കി, ബദായുൻ, ചന്ദൗലി, ഫറൂഖാബാദ്, ഗാസിപ്പൂർ, ഗോരഖ്പൂർ, ഹർദോയ്, കാസ്ഗഞ്ച്, ലഖിംപൂർ ഖേരി, മിർസാപൂർ, മൊറാദാബാദ്, പിലിഭിത്ത്, പ്രയാഗ്‌രാജ്, റായ്ബറേലി, സന്ത് കബീർ നഗർ, ഷാജഹാൻപൂർ, സീതാപൂർ, സോൻഭദ്ര, ഉന്നാവോ, വാരണാസി എന്നിവയാണ് വെള്ളപ്പൊക്കം ബാധിച്ച പ്രധാന ജില്ലകൾ.
1,311 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതിനോടകം സജ്ജീകരിച്ചിട്ടുള്ളത്. ഇതിൽ 201 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച 442 പേർക്ക് ദുരിതാശ്വാസ ഏജൻസികൾ സഹായം നൽകിയിട്ടുണ്ട്. 36,287 വളർത്തുമൃഗങ്ങളെയും പ്രളയം ബാധിച്ചു. ചിത്രകൂടിൽ മന്ദാകിനി നദിയുടെ തീരത്തുള്ള ചൗര ഗ്രാമത്തിൽ നിന്നും 150-ഓളം പേരെ മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. ഇവർക്ക് ഭക്ഷണവും മരുന്നും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
ബല്ലിയയിൽ ഗംഗാ, സരയു നദികളിലെ ജലനിരപ്പ് ഉയർന്നത് 20,500-ഓളം ആളുകളെ ബാധിച്ചു. ഇവിടെ 83 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ 6,500 റേഷൻ കിറ്റുകൾ, 33,843 മെഡിസിൻ കിറ്റുകൾ, 83,092 ഭക്ഷണ പാക്കറ്റുകൾ എന്നിവ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചു ഗോപാൽനഗർ താടി, ഭോജ്പൂർവ എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളും കമ്മ്യൂണിറ്റി കിച്ചണുകളും സജ്ജീകരിച്ചിട്ടുണ്ട്. പിലിഭിത്തിൽ ശാരദ, ദിയോഹ, ഖക്ര നദികളിൽ ജലനിരപ്പ് ഉയരുകയാണ്.
ബൻബാസയിൽ നിന്ന് ശാരദ നദിയിലേക്ക് രണ്ട് ലക്ഷത്തിലധികം ക്യുസെക്‌സ് വെള്ളവും, നാനാക് സാഗറിൽ നിന്ന് ദിയോഹയിലേക്ക് 30,000 ക്യുസെക്‌സ് വെള്ളവും തുറന്നുവിട്ടു. ഇതേത്തുടർന്ന് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഖക്ര പാലം മുങ്ങിയതോടെ പതിനെട്ടോളം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദുരന്ത നിവരണ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.
English Summary
Severe floods in Uttar Pradesh have claimed three lives, including a toddler, and forced the evacuation of over 16,000 people across 23 affected districts. The government has deployed boats, medical teams, and the NDRF for rescue operations while setting up relief camps and distributing essential supplies to those displaced.