Vadodara IAF Base Terror Plot: വഡോദര വ്യോമ താവളത്തിൻ്റെ ദൃശ്യങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചു; ജെയ്ഷെ ഭീകരൻ്റെ യുപി-അസം ബന്ധം അന്വേഷിച്ച് പോലീസ്
Arrested Assam Youth Trained on WhatsApp and Instagram by Pak Handler to Attack Vadodara Air Force Station: പാക്കിസ്ഥാനിലുള്ള ഒരു ഹാൻഡ്‌ലറുടെ സഹായത്തോടെ വാട്സാപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒരു വർഷത്തിലേറെയായി തനിക്ക് പരിശീലനം ലഭിച്ചിരുന്നതായി പ്രതി ഗുജറാത്ത് എ.ടി.എസിനോട് വെളിപ്പെടുത്തി. വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തി രക്തസാക്ഷിത്വം വരിക്കാനും അതുവഴി സ്വർഗ്ഗത്തിൽ പ്രവേശിച്ച് അല്ലാഹുവിനെ കാണാനുമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ
വഡോദര: ഗുജറാത്തിലെ വഡോദര വ്യോമസേനാ താവളത്തിന് നേരെ ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ പിടിയിലായ ജെയ്ഷെ മുഹമ്മദ് ഭീകരൻ മുഹമ്മദ് സഹറുൾ ഇസ്ലാമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വ്യോമസേനാ താവളത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും ഇയാൾ പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നതായി, അന്വേഷണ സംഘം കണ്ടെത്തി. ‘ബയഅത്ത്’ എന്നറിയപ്പെടുന്ന ഔദ്യോഗിക പ്രതിജ്ഞയെടുത്ത ശേഷമാണ് താൻ ജെയ്ഷെ മുഹമ്മദിൽ ചേർന്നതെന്ന് 22-കാരനായ പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള സഹറുൾ ഇസ്ലാമിനെ വെള്ളിയാഴ്ച രാത്രിയാണ് വഡോദരയ്ക്ക് സമീപത്ത് വെച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. നേരത്തെ സാധാരണ വിനോദസഞ്ചാരിയുടെ വേഷത്തിലാണ് ഇയാൾ വഡോദര വ്യോമസേനാ താവളത്തിന് സമീപമെത്തിയത്. പ്രദേശം നിരീക്ഷിക്കാനായി താവളത്തിന് പുറത്തുനിന്ന് ഇയാൾ വീഡിയോ പകർത്തിയിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത ഈ വീഡിയോയും, ഇതിലുണ്ടായിരുന്ന പാക്കിസ്ഥാൻ മൊബൈൽ നമ്പറും പോലീസ് ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
പരിശീലനം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി
പാക്കിസ്ഥാനിലുള്ള ഒരു ഹാൻഡ്‌ലറുടെ സഹായത്തോടെ വാട്സാപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും ഒരു വർഷത്തിലേറെയായി തനിക്ക് പരിശീലനം ലഭിച്ചിരുന്നതായി പ്രതി ഗുജറാത്ത് എ.ടി.എസിനോട് വെളിപ്പെടുത്തി. വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തി രക്തസാക്ഷിത്വം വരിക്കാനും അതുവഴി സ്വർഗ്ഗത്തിൽ പ്രവേശിച്ച് അല്ലാഹുവിനെ കാണാനുമാണ് താൻ ലക്ഷ്യമിട്ടിരുന്നതെന്നും ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ആക്രമണത്തിനുള്ള ചെലവിനായി 50,000 രൂപയും പുതിയ മൊബൈൽ ഫോണും ഇയാൾക്ക് ലഭിച്ചിരുന്നു. വീഡിയോകൾ കണ്ടാണ് എകെ-47 അസോൾട്ട് റൈഫിൾ ഉപയോഗിക്കാൻ ഇയാൾ പരിശീലനം നേടിയത്.
പാകിസ്ഥാനിൽ നിർമ്മിച്ച തോക്കുകളോട് സാമ്യമുള്ള എകെ-47 റൈഫിളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്, രണ്ട് ഒഴിഞ്ഞ മാഗസിനുകൾ, 23 തിരകൾ, ജെയ്ഷെ മുഹമ്മദിൻ്റെ പതാക, സിം കാർഡുകൾ, മൊബൈൽ ഫോണുകൾ, ഏകദേശം 20,000 രൂപ എന്നിവ എ.ടി.എസ് പിടിച്ചെടുത്തിരുന്നു. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ വനപ്രദേശത്തെ രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് എകെ-47 തോക്കും തിരകളും ഇയാൾക്ക് ലഭിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആയുധമെത്തിക്കാൻ കൂടുതൽ ജെയ്ഷെ പ്രവർത്തകരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
ഭീകരൻ്റെ യുപി-അസം ബന്ധം കണ്ടെത്തുന്നതിനായി ഗുജറാത്ത് എ.ടി.എസ്, അസം പോലീസ്, ഉത്തർപ്രദേശ് പോലീസ് എന്നിവരുടെ സംയുക്ത സംഘം അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ദയൂബന്ദിലുള്ള ഒരു മദ്രസയിൽ ഇയാൾ ഒരു വർഷത്തോളം പഠിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. നിലവിൽ ഗുജറാത്ത് എ.ടി.എസിൻ്റെ കസ്റ്റഡിയിലാണ് പ്രതി
English Summary
Arrested Jaish-e-Mohammed operative Mohammad Saharul Islam sent Vadodara Air Force Station visuals to Pakistan and planned a lone-wolf attack. Gujarat, Assam, and UP police are probing his multi-state terror network.