ആരുടെയൊക്കെയോ ഭാഗ്യം! ജിയോ ഇന്റർനെറ്റ് കട്ടാക്കി; റോഡിലെ എഐ ക്യാമറകൾ നോക്കുകുത്തി
AI cameras on Kerala roads stop working: സംസ്ഥാനത്തെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചെന്ന് റിപ്പോർട്ട്. രണ്ട് ദിവസമായി ഇവ പ്രവർത്തിക്കുന്നില്ല, അതിനാൽത്തന്നെ പുതിയ നിയമലംഘനങ്ങളിൽ കേസുകൾ എടുക്കാനും കഴിയുന്നില്ല. ഇന്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയതിനാൽ നിയമലംഘന ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ എത്തുന്നില്ല എന്നാണ് റിപ്പോർട്ട്

Ai Cameras On Kerala Roads Stop Working
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താനും മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചെന്ന് റിപ്പോർട്ട്. രണ്ട് ദിവസമായി ഇവ പ്രവർത്തിക്കുന്നില്ല, അതിനാൽത്തന്നെ പുതിയ നിയമലംഘനങ്ങളിൽ കേസുകൾ എടുക്കാനും കഴിയുന്നില്ല. ഇന്റർനെറ്റ് സേവനദാതാക്കൾ സേവനം നിർത്തിയതിനാൽ നിയമലംഘന ദൃശ്യങ്ങൾ കൺട്രോൾ റൂമിൽ എത്തുന്നില്ല എന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാവായ ജിയോക്ക് വലിയ തുക കുടിശിക നൽകാനുണ്ടെന്നും ഇതിനെ തുടർന്ന് ജിയോ ഇന്റർനെറ്റ് കട്ടാക്കിയതാണ് ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
സർക്കാരിൽ നിന്ന് കെൽട്രോണിന് ഏതാണ്ട് 90 കോടിയിലധികം രൂപ ലഭിക്കാനുണ്ട്. ഈ കുടിശിക വൈകുന്നതാണ് ജിയോയ്ക്ക് പണം നൽകുന്നതിന് കാരണം എന്നാണ് പറയപ്പെടുന്നത്. പിഴയിനത്തിൽ സർക്കാരിലേക്ക് കോടിക്കണക്കിന് രൂപ എത്തുന്നതിൽ ഈ എഐ ക്യാമറകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിഴയായി കിട്ടുന്നതിന്റെ വളരെ ചെറിയ ഭാഗം മതി കുടിശിക തീർക്കാൻ.
ഇത്രയധികം വരുമാനം ലഭിക്കുകയും റോഡ് സുരക്ഷയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന എഐ ക്യാമറകളുടെ സേവനം തടസപ്പെടുന്നതിൽ അധികൃതരുടെ അനാസ്ഥ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കൃത്യ സമയത്ത് കുടിശിക നൽകിയിരുന്നു എങ്കിൽ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തില്ലായിരുന്നു. ഇപ്പോൾ രണ്ട് ദിവസമായി പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല എന്നതിനാൽത്തന്നെ ഇതിനകം സർക്കാരിന് പെറ്റി ഇനത്തിൽ കോടികൾ നഷ്ടമായിട്ടുണ്ട്.
അധികൃതരുടെ ഈ അനാസ്ഥ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ എഐ ക്യാമറയിൽ കുടുങ്ങിയവരുടെ ഭാഗ്യമായി, കാരണം പെറ്റി പേടിക്കേണ്ട. എന്നാൽ ക്യാമറകൾ പണിമുടക്കിയ വിവരം വിവാദമായതിനാൽ അധികം വൈകാതെ തന്നെ പണമടച്ച് ഇന്റർനെറ്റ് പുനസ്ഥാപിക്കാൻ സാധ്യതയുണ്ട്. അതിനാൽ ക്യാമറ പ്രവർത്തിക്കുന്നില്ല എന്ന ധൈര്യത്തിൽ നിയമലംഘനം നടത്താൻ ആരും മുതിരേണ്ടതില്ല.
എഐ ക്യാമറകൾ
2023 എപ്രിലിൽ ആണ് സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്. നിയമലംഘനങ്ങൾക്കെതിരേ ശക്തമായ നടപടി ഉറപ്പിക്കാൻ ഈ സംവിധാനം എവിഡിക്ക് സഹായമാകുന്നുണ്ട്. ഒരേ നിയമ ലംഘനത്തിന് ഒരു ദിവസം തന്നെ നിരവധി തവണ എഐ ക്യാമറ പിഴ ഈടാക്കും. ഉദാഹരണത്തിന് ഹെല്‍മെറ്റില്ലാതെ ഏതൊക്കെ ക്യാമറയുടെ പരിധിയിലെത്തുന്നോ അവിടെയെല്ലാം 500രൂപ വീതം പിഴ ചുമത്തും.
എഐ ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകൾ വന്നിരിക്കുന്നത് ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിനാണ്. ഓടിക്കുന്നയാൾക്ക് മാത്രമല്ല, പിന്‍സീറ്റിലുള്ളയാള്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും പെറ്റി ഉറപ്പാണ്. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള നിയമലംഘനമാണ് രണ്ടാമതുള്ളത്. ഇത് കൂടാതെ ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേര്‍ ഇരുന്ന് യാത്ര ചെയ്യുന്ന സംഭവങ്ങളും നിരവധി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.
പോലീസ് പെറ്റിയടിക്കുമ്പോള്‍ ഒരു ദിവസം ഒരു നിയമലംഘനത്തിന് ഒരു പെറ്റി മാത്രമാണ് ചുമത്തിയിരുന്നത്. എന്നാൽ എഐ ക്യാമറ വന്നതോടെ വിവിധ ക്യാമറകളുടെ പരിധിയിൽ കുറ്റം ആവർത്തിച്ചാൽ പിഴയും ആവർത്തിക്കും. നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ ചിത്രങ്ങള്‍ പതിഞ്ഞാല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സംസ്ഥാന, ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് അവ എത്തും.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പെറ്റി അംഗീകരിക്കേണ്ടത്. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അംഗീകരിച്ച ശേഷം പെറ്റി വാഹനമുടമയെ തേടി മൊബൈലിലൂടെ കൃത്യമായി എത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസ് അയച്ച് തുടർ നടപടികളിലേക്ക് കടക്കും.
English Summary
The AI cameras installed by the Motor Vehicles Department to ensure safety on the state’s roads and detect traffic violations have reportedly stopped working. They have not been working for two days, which is why new cases of violations cannot be registered. The report says that the footage of violations is not reaching the control room as internet service providers have stopped services.