Abin Varkey MLA: കാറപകടം; എംഎൽഎ അബിൻ വർക്കിക്ക് പരിക്ക്
Aranmula MLA Abin Varkey Car Accident: ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് കാറപകടത്തിൽ പരിക്ക്. അബിൻ വർക്കി എംഎൽഎയ്ക്ക് പുറമെ ഡ്രൈവർ വിഷ്ണു, ജെറിൻ, അരുൺ എന്നിവർക്കും പരിക്കുണ്ട്. പരിക്കേറ്റവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്കുകൾ ഗുരുതരമല്ല.
കഴിഞ്ഞ ദിവസം, ഓമല്ലൂർ പുത്തൻപീടികയിൽ വെച്ചാണ് അപകടമുണ്ടായത്. എംഎൽഎ സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം. താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ടയിൽ കനത്ത മഴ
പത്തനംതിട്ട ജില്ലയിൽ മഴ കനക്കുകയാണ്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. പത്തനംതിട്ട ജില്ലയിൽ 533 ശതമാനം അധിക മഴ പെയ്തു. പത്തനംതിട്ടയിൽ 253.2 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. 40 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്.
ALSO READ: കലിതുള്ളി കാലവർഷം, കനത്ത മഴ 9 ജില്ലകളിൽ; ഇന്നത്തെ കാലാവസ്ഥ
മഴക്കെടുതി: 25 മരണം
കേരളത്തിലെ മഴക്കെടുതി സംബന്ധിച്ച സർക്കാരിന്റെ പുതിയ കണക്കുകൾ പുറത്ത്. ഓഗസ്റ്റ് നാലിന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം, കനത്ത മഴയെ തുടർന്ന് വിവിധ അപകടങ്ങളിലായി സംസ്ഥാനത്ത് ഇതുവരെ 25 പേർ മരിച്ചെന്ന് സർക്കാർ അറിയിച്ചു. നാല് പേരെ കാണാതാകുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 52 വീട് പൂർണ്ണമായും 565 വീട് ഭാഗികമായും തകർന്നു.
സംസ്ഥാനത്ത് ആകെ 418 ദുരിതാശ്വാസ ക്യാമ്പുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ക്യാമ്പുകളിലായി 18434 പേർ താമസിക്കുന്നു. കോട്ടയത്താണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് ഇതുവരെ അഞ്ച് പേർക്ക് മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടു. മലപ്പുറത്ത് നാല് പേർക്കും, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്ന് വീതം പേർക്കും ജീവൻ നഷ്ടമായി. ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത് ഇടുക്കിയിലും (14) കോട്ടയത്തുമാണ് (11). ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് പത്തനംതിട്ടയിലാണ്, 103 വീടുകളാണ് തകർന്നത്.