Arjun Ayanki: പിന്നിൽ നിന്ന് കുത്തരുതെന്ന് എംവി ജയരാജനോട് പറഞ്ഞു; പിന്നാലെ കണ്ണൂരിൽ നിന്ന് തന്നെ പൊക്കി!
Arjun Ayanki's arrest: ''മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല.., പക്ഷേ പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്…!'' എന്നായിരുന്നു എംവി ജയരാജന് എതിരേയുള്ള അർജുൻ ആയങ്കിയുടെ പോസ്റ്റ്.
കണ്ണൂർ: ദിവസങ്ങൾ നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ അർജുൻ ആയങ്കിയെ പിടികൂടി മാനം രക്ഷിക്കാൻ കേരള പോലീസിന് നിർണായകമായത് ഓട്ടോ ഡ്രൈവർ നൽകിയ സൂചന എന്ന് റിപ്പോർട്ട്. അർജുൻ എവിടെ എന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. സംസ്ഥാനം വിട്ടു, എറണാകുളത്ത് ഉണ്ട്, തൃശൂരിൽ കണ്ടു എന്നിങ്ങനെ പലവിധ വാർത്തകൾ പ്രചരിച്ചിരുന്നെങ്കിലും ഒടുവിൽ അർജുന്റെ കാർ കണ്ണൂരിൽ കണ്ടെത്തിയത് വഴിത്തിരിവായി. സംസ്ഥാനം മുഴുവൻ തിരഞ്ഞ അർജുനെ ഒടുവിൽ കണ്ണൂർ നഗരത്തിൽ നിന്ന് തന്നെ പോലീസ് പിടികൂടി. കണ്ണൂരിലെ മുതിർന്ന സിപിഎം നേതാവ് എംവി ജയരാജന് എതിരേ പോസ്റ്റിട്ട് മണിക്കൂറുകൾക്കകം ആയിരുന്നു ആയങ്കിയുടെ അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്.
ഒളിവിലായിരുന്നപ്പോഴും ഫെയ്സ്ബുക്കിൽ സജീവമായി അർജുൻ ആയങ്കിയുടെ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. സർക്കാരിനെതിരേയും പോലീസിനെതിരേയും മറ്റും വിവിധ പോസ്റ്റുകൾ ഇതിനകം തന്നെ അർജുൻ പോസ്റ്റ് ചെയ്തിരുന്നു, ഏറ്റവും ഒടുവിൽ വന്നത് കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവായ എംവി ജയരാജനെതിരേയുള്ള പോസ്റ്റ് ആയിരുന്നു. അർജുനെ വെടിവച്ചുകൊന്നാലും സന്തോഷമേയുള്ളൂ എന്ന നിലയ്ക്ക് എംവി ജയരാജൻ നടത്തിയ പ്രസ്താവന അർജുനെ ഏറെ വൈകാരികമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു.
Also Read: കള്ളനും പോലീസും കളി തീർന്നു; ഒടുക്കം അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തു
എംവി ജയരാജൻ സഖാവിനോടാണ്
മറ്റെല്ലാവർക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട് അർജ്ജുൻ ആയങ്കി ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ സഖാവിനോടാണ് എന്ന് പറഞ്ഞാണ് അർജുന്റെ അവസാന എഫ്ബി പോസ്റ്റ് തുടങ്ങുന്നത്.
ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു
”എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു, അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്.! ഈ പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാൻ കള്ളക്കേസിൽ ജയിലിലടക്കപ്പെട്ടത്.”
പിന്നിൽ നിന്ന് കുത്തരുത്…!
”മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല.., പക്ഷേ
പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുത്…!” എന്നായിരുന്നു എംവി ജയരാജന് എതിരേയുള്ള അർജുൻ ആയങ്കിയുടെ പോസ്റ്റ്.
കഴിഞ്ഞ ദിവസം പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അർജുൻ ആയങ്കിയുടെ അറസ്റ്റിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞിരുന്നു. എന്നാൽ പാർട്ടിയുടെ ശത്രുവായ കോൺഗ്രസ് ക്രിമിനലിന് ഉള്ള പരിഗണന പോലും തനിക്ക് ലഭിച്ചില്ല എന്നുമാത്രമല്ല വെടിവച്ചുകൊന്നാലും സന്തോഷമേയുള്ളൂ എന്ന നിലയ്ക്കുള്ള പ്രസ്താവനകൾ ജയരാജനെപ്പോലുള്ള നേതാക്കളിൽ നിന്ന് വന്നത് അർജുനെ വൈകാരികമായ പ്രതികരണത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവറുടെ സംശയം
കണ്ണൂർ നഗരത്തിലെ ഒരു അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിൽവെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പോലീസ് അർജുനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓട്ടോറിക്ഷയിലാണ് അഭിഭാഷകയെ കാണാനെത്തിയത്. ഓട്ടോയിൽ സഞ്ചരിച്ചത് അർജുൻ ആണെന്ന് സംശയമുണ്ടെന്ന് ഡ്രൈവർ പോലീസിനെ അറിയിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾവഴി പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം പുലർച്ചെയോടെ അപ്പാർട്ട്മെന്റ് വളഞ്ഞ് ബലപ്രയോഗത്തിലൂടെ പോലീസ് ഇയാളെ കസ്റ്റ്ഡിയിലെടുക്കുകയായിരുന്നു എന്ന് സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.
കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ. അതേസമയം പോലീസ് പിടിയിലായിട്ടും അർജുൻ ആയങ്കി സർക്കാരിനെതിരെ പരിഹാസം തുടർന്നു. കടലിൽ കാണാതായവരെ കിട്ടിയോ? എന്നായിരുന്നു വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോൾ അർജുന്റെ ചോദ്യം. പോലീസിനെ വെല്ലുവിളിച്ചിട്ടില്ലെന്നും പറഞ്ഞത് ന്യായമായ കാര്യങ്ങൾ മാത്രമാണെന്നും അർജുൻ പറഞ്ഞു.
English Summary
After days of investigation, the tip given by the auto driver was crucial for the Kerala Police to arrest Arjun Ayanki and save his honor. Arjun, who had been searching the entire state, was finally arrested by the police from Kannur city itself. It is also noteworthy that Ayanki’s arrest came within hours of posting a post against senior CPM leader MV Jayarajan in Kannur.