Kerala Gold Rate: ചിങ്ങം ഇങ്ങെത്തി, തൊഴിൽ കണക്കിൽ കുതിച്ച് സ്വർണവില; ഇനിയെന്ത്?
Kerala Gold Rate Forecast : പശ്ചിമേഷ്യൻ സംഘർഷവും യു.എസ് തൊഴിൽ കണക്കുമാണ് നിലവിൽ സ്വർണവിലയിൽ നിർണായകം. ചിങ്ങം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ചിങ്ങം മാസം പൊതുവെ, വിവാഹങ്ങളുടെ സീസണാണ്. അതുകൊണ്ട് തന്നെ, സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും.
സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 1,11,720 രൂപ നിരക്കിലാണ് വ്യാപാരം. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 13,965 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറും. 5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.
സ്വർണകുതിപ്പിന് കാരണം
ഓഗസ്റ്റ് 4ന് 1.05 ലക്ഷം രൂപയായിരുന്നു പവൻ വില. എന്നാൽ എട്ടാം തീയതി 1,11,720 രൂപയായി വില ഉയരുകയായിരുന്നു. ജൂൺ 18ന് ശേഷം ഇതാദ്യമായാണ് പവൻവില 1.11 ലക്ഷം രൂപയ്ക്ക് മുകളിൽ എത്തുന്നത്. യു.എസ് തൊഴിൽക്കണക്കാണ് നിലവിലെ കുതിപ്പിന് പ്രധാന കാരണം. യുഎസിൽ കഴിഞ്ഞമാസം 23,000 പേർക്ക് ജോലി നഷ്ടപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇതാണ് സ്വർണത്തിന് കരുത്തേകിയത്. സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്, അമേരിക്കയിൽ പുതുതായി 83,000 പേർക്കെങ്കിലും ജൂലൈയിൽ തൊഴിൽ കിട്ടുമെന്നായിരുന്നു. എന്നാൽ അതുണ്ടായില്ല.
തൊഴിൽ പ്രവചനങ്ങൾ തകർന്നതോടെ, യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് അടുത്തെങ്ങും അടിസ്ഥാന പലിശനിരക്ക് കൂട്ടില്ല. യുഎസ് സർക്കാരിന്റെ ട്രഷറി യീൽഡ് ഇതോടെ ഇടിഞ്ഞു. യുഎസ് ഡോളർ സൂചിക 0.33% ഇടിഞ്ഞ് 99.60ൽ എത്തി. പിന്നാലെ സ്വർണവില കുതിച്ചു.
ALSO READ: ചുവടുമാറ്റി പൊന്ന്, വന്‍ മുന്നേറ്റം: കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില
രാജ്യാന്തര തലത്തിൽ ഡോളറിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. അതുകൊണ്ട് തന്നെ ഡോളറിന്റെ മൂല്യം ഇടിയുമ്പോൾ സ്വർണാഭരണങ്ങളുടെയും നിക്ഷേപങ്ങളുടെയും ഡിമാൻഡ് കൂടും. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ വൻതോതിൽ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങുകയും ചെയ്യാം. ഇത് സ്വർണത്തിന് കരുത്തേകും.
സ്വർണവിലയിൽ ഇനിയെന്ത്?
പശ്ചിമേഷ്യൻ സംഘർഷവും യു.എസ് തൊഴിൽ കണക്കുമാണ് നിലവിൽ സ്വർണവിലയിൽ നിർണായകം. ചിങ്ങം പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ചിങ്ങം മാസം പൊതുവെ, വിവാഹങ്ങളുടെ സീസണാണ്. അതുകൊണ്ട് തന്നെ, സ്വർണത്തിന്റെ ഡിമാൻഡ് ഉയരുന്നത് സ്വർണവില കൂട്ടിയേക്കും. 3 ശതമാനം ജിഎസ്ടിയും 3 മുതൽ 30 ശതമാനം വരെയൊക്കെയുള്ള പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ചാർജും ചേരുമ്പോൾ ഏകദേശം 1.20 ലക്ഷം രൂപയെങ്കിലും കൊടുക്കേണ്ടി വരും. സ്വർണവില കുതിക്കുന്നത് ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തിരിച്ചടിയാണ്.
പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതോടെ ക്രൂഡ് ഓയിൽ വില താഴുന്നുണ്ട്. ഇതും വില ഉയർത്തിയേക്കും. അതേസമയം, സ്വർണം പണയം വയ്ക്കുന്നവർക്കും വിൽക്കുന്നവർക്കും സ്വർണ നിക്ഷേപ പദ്ധതികളിൽ ചേർന്നവർക്കും സ്വർണവില കൂടിയത് ആശ്വാസമാണ്.
സ്വർണം എങ്ങനെ വാങ്ങണം?
സ്വര്‍ണം വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ ദിവസത്തെ വില പരിശോധിക്കുന്നതിനൊപ്പം വിവിധ ജ്വല്ലറികളിലെ പണികൂലിയും മറ്റ് ചാര്‍ജുകളും താരതമ്യം ചെയ്യാവുന്നതാണ്. അഡ്വാൻസ് ബുക്കിങ് നടത്തുന്നത് നല്ലതാണെന്നും വിദഗ്ധർ ഉപദേശിക്കുന്നു. വില കുറയുന്ന ദിവസം ജ്വല്ലറികളിലെത്തി മുൻകൂർ ബുക്ക് ചെയ്യാവുന്നതാണ്. സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം വില കൂടിയാലും ബുക്കിങ് ദിവസത്തെ കുറഞ്ഞ വിലയ്ക്ക് തന്നെ ആഭരണങ്ങൾ സ്വന്തമാക്കാൻ ഇതിലൂടെ സാധിക്കുന്നതാണ്.
English Summary:
Gold prices in Kerala surged sharply, with the price of one sovereign rising to Rs 1,11,720. The rally was driven by weaker-than-expected US employment data, with around 23,000 jobs reportedly lost in July compared with economists’ expectations of 83,000 new jobs.