നാട്ടുകാർ കുടിച്ചു; ബെവ്കോ ജീവനക്കാർക്ക് ‘ഹാപ്പി’ ഓണം! ബോണസ് കിട്ടുക ഒരുലക്ഷം രൂപയ്ക്ക് മുകളിൽ, റെക്കോഡ്
Kerala Bevco Onam Bonus 2026: ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് ലഭിക്കുന്ന ബോണസ് തുക ഇത്തവണ 1,05,000 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഒരു ജീവനക്കാരന് ലഭിക്കുന്ന പരമാവധി ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,500 രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും ഉയർന്ന ബോണസ് തുക എന്ന റെക്കോഡും ഇതോടെ കുറിക്കപ്പെട്ടു.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപന്മാരുടെ അകമഴിഞ്ഞ സഹകരണം ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്ക് ഇത്തവണയും നേട്ടമായി. ഓണത്തിന് ബെവ്കോ ജീവനക്കാർക്ക് ലഭിക്കുന്ന ബോണസ് തുക ഇത്തവണ 1,05,000 രൂപ എന്ന നിലയിലേക്ക് ഉയർന്നു. ഒരു ജീവനക്കാരന് ലഭിക്കുന്ന പരമാവധി ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2,500 രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും ഉയർന്ന ബോണസ് തുക എന്ന റെക്കോഡും ഇതോടെ കുറിക്കപ്പെട്ടിട്ടുണ്ട്. അഡ്വാൻസ് തുകയായി 50,000 രൂപ ജീവനക്കാർക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.
എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ബവ്കോ എം.ഡിയും യൂണിയൻ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ഈ ബോണസ് സംബന്ധിച്ച് തീരുമാനമായത്. ഒരു വർഷം സേവന കാലാവധി പൂർത്തിയാക്കിയ മുഴുവൻ ജീവനക്കാർക്കും ഒരുലക്ഷം രൂപയ്ക്ക് മുകളിൽ ബോണസ് തുക ലഭിക്കും. എപ്ളോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6250 രൂപയാക്കി.
Also Read: ശർക്കരവരട്ടിക്കും ഉപ്പേരിക്കും തീവില; ഓണസദ്യയ്ക്ക് ചെലവ് ഇമ്മിണി കൂടുതലാകും
സീപ്പർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞവർഷവും ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഓണത്തിന് റെക്കോർഡ് ബോണസാണ് ലഭിച്ചത്. സ്ഥിരം ജീവനക്കാർക്ക് അന്ന് 102,500 രൂപയായിരുന്നു ബോണസ്. ഇത്തവണ അതിന് മുകളിലേക്ക് ഉയർന്ന് റെക്കോഡ് കുറിക്കപ്പെട്ടിട്ടുണ്ട്.
2024ൽ 95,000 രൂപയും 2023ൽ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാർക്കുള്ള പരമാവധി ബോണസ്. കഴിഞ്ഞ വർഷം മാർച്ച് 31-ന് ബെവ്കോ 124.10 കോടി രൂപ ലാഭത്തിലായിരുന്നു. എന്നാൽ ഗാലനേജ് ഫീ ഏർപ്പെടുത്തിയതോടെ ഈ വർഷം മാർച്ച് 31-ന് ബെവ്കോ 281.95 കോടി നഷ്‌ടത്തിലായി.
ലാഭത്തിലായിരുന്ന ബവ്കോയ്ക്ക് ഗാലനേജ് ഫീസ് നൽകേണ്ടി വരുന്നതിനാലുണ്ടാവുന്ന നഷ്‌ടം സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. വിഷയം ഗൗരവമായി പഠിച്ച് ഫിനാൻസ് ഡിപ്പാർട്ടുമെന്റിലേക്ക് അയച്ച് അനുമതി വാങ്ങി കുറച്ചു കൊണ്ടുവരുമെന്നും മന്ത്രി ഉറപ്പു നൽകി. ഓണം സീസൺ ബെവ്കോയ്ക്ക് റെക്കോഡ് കളക്ഷൻ കിട്ടുന്ന സമയമാണ്. ഓരോ തവണയും കളക്ഷനിൽ പുതിയ റെക്കോഡുകൾ സൃഷ്ടിക്കപ്പെടാറുണ്ട്. ഇത്തവണയും റെക്കോഡ് കച്ചവടം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English Summary
The bonus amount received by Bevco employees for Onam has increased to Rs 1,05,000 this year. This is the highest amount an employee can get. This time there has been an increase of Rs 2,500 compared to last year. All employees who have completed one year of service will receive a bonus amount of over Rs 1 lakh.