കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റില്‍ കേരളത്തില്‍ പ്രതിഷേധം; കായംകുളത്ത് ട്രെയിന്‍ തടഞ്ഞു
Congress Protests Erupt in Kerala: രാജ്യതലസ്ഥാനത്ത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടിയില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ പ്രതിഷേധപ്രകടനം അരങ്ങേറി.
തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് സ്വീകരിച്ച നടപടിയില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും, യൂത്ത് കോണ്‍ഗ്രസും പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ വിവിധ ജില്ലകളില്‍ പ്രതിഷേധപ്രകടനം അരങ്ങേറി. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനെയും ആര്‍പിഎഫിനെയും മറികടന്ന് വഞ്ചിനാട് എക്‌സ്പ്രസ് തടഞ്ഞു. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇത് നേരിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം.
കായംകുളം റെയില്‍വേ ജങ്ഷനില്‍ നിന്ന് പ്രകടനവുമായാണ് പ്രവര്‍ത്തകരെത്തിയത്. റെയില്‍വേ സ്റ്റേഷന്റെ പ്രവേശനകവാടത്തില്‍ പൊലീസും, ആര്‍പിഎഫും തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ മറികടന്ന് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് പ്രവേശിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് എത്തിയ വഞ്ചിനാട് എക്‌സ്പ്രസ് 10 മിനിറ്റോളമാണ് തടഞ്ഞത്.
മന്ത്രിമാരും പങ്കെടുത്തു
തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നിന്ന് ലോക്ഭവനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ, എം ലിജു, കെഎ തുളസി തുടങ്ങിയവര്‍ പങ്കെടുത്തു. കോഴിക്കോട് ഡിസിസിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ച പ്രവര്‍ത്തകര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു. കൊച്ചിയില്‍ റോഡ് തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജീപ്പ് തടഞ്ഞ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു. വയനാട് കല്‍പ്പറ്റയിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജനപ്രതിനിധികളെ കൈയേറ്റം ചെയ്ത ഡൽഹി പൊലീസിന്റെയും കേന്ദ്രസേനയുടെയും നടപടി അത്യന്തം അപലപനീയമാണെന്ന് കോണ്‍ഗ്രസ് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കി.
എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെസി വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച മന്ത്രി പിസി വിഷ്ണുനാഥ്, എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ് എന്നിവരെ ക്രൂരമായി കൈയേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.
ഡൽഹി പൊലീസിൻ്റെ അതിക്രമം ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് നിരത്തിൽ വലിച്ചിഴച്ചെന്നും, പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസാണ് തടഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു.
English Summary
Congress and Youth Congress held widespread protests across Kerala following Delhi Police action against Rahul Gandhi and Priyanka Gandhi. Protesters blocked the Vanchinad Express in Kayamkulam and disrupted traffic in several other districts. The Congress leadership strongly condemned the police force against senior leaders and MPs in New Delhi. A nationwide and state-wide protest march has been called for this evening in response to the incident.