CPM State Committee Meeting: തെരഞ്ഞെടുപ്പ് തോൽവി: സിപിഎം വിശാല സംസ്ഥാന സമിതി യോഗം ഇന്ന് മുതൽ
CPM Extended State Committee Meeting Today: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ പാർട്ടി നേരിട്ട രാഷ്ട്രീയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള സമഗ്രമായ കർമ്മപദ്ധതികൾക്ക് രൂപം നൽകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും. ചർച്ചയിലെ നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തി പുകയുന്നുണ്ട്.

Pinarayi Vijayan
കോഴിക്കോട്: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, വീഴ്ചകൾ സ്വയംവിമർശനപരമായി വിലയിരുത്താനും തിരുത്തൽ നടപടികൾ കൈക്കൊള്ളാനുമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് ആരംഭിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ പാർട്ടി നേരിട്ട രാഷ്ട്രീയ ആഘാതത്തിൽ നിന്ന് കരകയറാനുള്ള സമഗ്രമായ കർമ്മപദ്ധതികൾക്ക് രൂപം നൽകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങളെക്കുറിച്ച് ഏരിയ, ജില്ലാ കമ്മിറ്റി തലങ്ങളിൽ നടന്ന ദീർഘമായ ചർച്ചകളുടെയും റിപ്പോർട്ടുകളുടെയും ക്രോഡീകരണമാണ് വിശാല സംസ്ഥാന കമ്മിറ്റിയിൽ പ്രധാന ചർച്ചാവിഷയമാകുക. വോട്ട് ചോർച്ച, ഭരണവിരുദ്ധ വികാരം, സംഘടനാപരമായ പോരായ്മകൾ എന്നിവ തുറന്നടിക്കുന്ന റിപ്പോർട്ടുകളാണ് താഴെത്തട്ടുകളിൽ നിന്ന് ഉയർന്നുവന്നിട്ടുള്ളത്. അതേസമയം, വിശാല സംസ്ഥാന സമിതി യോഗത്തിലെ ചർച്ചയിൽ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിർത്തിയിരിക്കുകയാണ്.
ALSO READ: ആടിത്തിമിർത്ത് അല്ല ബോലെലോ VDS; ‘ഞാൻ നന്നായി ഡാൻസ് കളിക്കുന്നു’
പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുക. നേതൃത്വത്തിനെതിരെ ഉയർന്നേക്കാവുന്ന രൂക്ഷവിമർശനങ്ങളെയും നേതൃമാറ്റ ആവശ്യങ്ങളെയും തന്ത്രപരമായി പ്രതിരോധിക്കാനുള്ള നീക്കമാണിതെന്നാണ് ആരോപണം. മുൻകൂട്ടി അംഗീകരിച്ച റിപ്പോർട്ടിന്റെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചകളിൽ നിന്ന് പൂർണ്ണമായി മാറ്റിനിർത്താനാണ് തീരുമാനം.
വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന തോൽവി സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് നിലവിലെ സംസ്ഥാന സമിതി നേരത്തെ ചർച്ച ചെയ്‌ത് അംഗീകരിച്ചതാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സിപിഎമ്മിൽ ഒരിക്കൽ കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് അതേ കമ്മിറ്റിയിൽ വീണ്ടും ചർച്ച ചെയ്യാറില്ല എന്ന സംഘടനാപരമായ പതിവ് മുൻനിർത്തിയാണ് സംസ്ഥാന സമിതി അംഗങ്ങളുടെ ചർച്ചകൾക്ക് തടയിട്ടിരിക്കുന്നത്. ചർച്ചയിലെ നിയന്ത്രണത്തിൽ പാർട്ടിക്കത്ത് കടുത്ത അതൃപ്തി പുകയുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ നിന്നും കരകയറാൻ സംഘടനാപരമായും പ്രവർത്തനപരമായും തിരുത്തലുകൾ വേണമെന്ന നിഗമനത്തിൽ പാർട്ടി എത്തിച്ചേർന്നിട്ടുണ്ടെങ്കിലും, പരാജയത്തിന്റെ ഉത്തരവാദിത്തം ആര് എന്നതിനെച്ചൊല്ലി സിപിഎം സംസ്ഥാന നേതൃത്വത്തിൽ തർക്കം രൂക്ഷമാകുകയാണ്. പത്തു വർഷം സർക്കാരിനെ മുന്നിൽ നിന്ന് നയിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ തയ്യാറാകാത്തതാണ് പാർട്ടിയിലെ പ്രധാന തർക്കവിഷയം.
English Summary:
CPM Extended State Committee Meeting Starts Today. Kozhikode Meet to Review Assembly Election failure. Meeting Chaired by top leaders, including General Secretary M.A. Baby and State Secretary M.V. Govindan.