പക്ഷിപ്പനി; ഇന്ന് അണുനശീകരണം, ഇതുവരെ കൊന്നൊടുക്കിയത് 17,280 താറാവുകളെ
പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്.

Bird flu in Alappuzha District
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) ഇന്നലെ പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 താറാവുകളെയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. എടത്വയിൽ 5,355 താറാവുകളെയും ചെറുതനയിൽ 11,925 താറാവുകളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് താറാവുകളെ കൊല്ലാൻ നേതൃത്വം നൽകിയത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി ഇന്ന് അണുനശീകരണവും കോമ്പിങ്ങും നടത്തും.
ആലപ്പുഴയിൽ രണ്ട് സ്ഥലങ്ങളിലെ താറാവുകളിൽ (ഏവിയൻ ഇൻഫ്‌ളുവൻസ-എച്ച്5 എൻ1) കണ്ടെത്തിയ സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്ഒപിയും പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേർന്ന് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻ കരുതലുകൾ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റർ ചുറ്റളവിൽ ഫീവർ സർവേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവർത്തകരുടേയും ഫീൽഡ്തല ജീവനക്കാരുടേയും നേതൃത്വത്തിൽ ഫീൽഡ്തല പ്രവർത്തനങ്ങൾ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവർ ക്വാറന്റൈൻ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യണം. വൺ ഹെൽത്ത് പരിശീലനം ലഭിച്ച വോളണ്ടിയർമാരുടെ സേവനവും ലഭ്യമാക്കും.