അൽഫാമിൻ്റെ അളവിൽ കുറവ്, അടിമാലിയിൽ പൊരിഞ്ഞ അടി; മൂന്ന് പേർ അറസ്റ്റിൽ
Fight Over Food Quantity in Adimali : ഹോട്ടലിൽ കഴിക്കാനായി വിളമ്പിയ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായ ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം വലിയ ആക്രമണത്തിലേക്ക് വഴിമാറി. ഇടുക്കി അടിമാലിയിൽ ആണ് സംഭവം. അടിമാലി ജന്ന റസിഡൻസി എന്ന ഹോട്ടലിലാണ് വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിൽ ഹോട്ടൽ സൂപ്പർവൈസർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു.

പ്രതീകാത്മക ചിത്രം
അടിമാലി: ഹോട്ടലിൽ കഴിക്കാനായി വിളമ്പിയ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതുമായ ബന്ധപ്പെട്ട് ഉടലെടുത്ത തർക്കം വലിയ ആക്രമണത്തിലേക്ക് വഴിമാറി. ഇടുക്കി അടിമാലിയിൽ ആണ് സംഭവം. അടിമാലി ജന്ന റസിഡൻസി എന്ന ഹോട്ടലിലാണ് വിനോദസഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ പരസ്പരം ഏറ്റുമുട്ടിയത്. സംഭവത്തിൽ ഹോട്ടൽ സൂപ്പർവൈസർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത അടിമാലി പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശികളായ ഇവരെ കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്യുകയും ചെയ്തു.
സംഘർഷത്തിൽ പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഹോട്ടൽ സൂപ്പർവൈസറായ അടിമാലി മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), മറ്റു ജീവനക്കാരനായ ചെറുതോണി സ്വദേശി അനന്തു (27), അതിഥി തൊഴിലാളിയായ മുർഷിദുൽ ഇസ്ലാം (25) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നിഷാദിന്റെ പരിക്ക് ഗുരുതരമാണ്. ഇയാളെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അരുൺ സോമൻ (24), ലക്കിടി സ്വദേശി അലി അക്ബർ (19), പാലപ്പുറം കരിക്കലേത്ത് മുഹമ്മദ് റിസാൻ എന്നിവരെ ആണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.
Also Read: പോലീസ് ജീപ്പിന് പിഴയിട്ടത് അമിതാവേശം, തൃശൂരിലെ അസാധാരണ സംഭവത്തിൽ എം.വി.ഐക്കെതിരെ നടപടി
മൂന്നാറിലെ വിനോദയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്ന 22 അംഗ സംഘം ജന്ന റസിഡൻസിയിൽ ഭക്ഷണം കഴിക്കാൻ കയറി. ടൂർ പാക്കേജ് വഴി ഏജൻസിയാണ് ഇവർക്ക് ഈ ഹോട്ടലിൽ ഭക്ഷണവും മറ്റു ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നത്. സഞ്ചാരികൾക്കായി അൽഫാം ഉൾപ്പെടെയുള്ള ഭക്ഷണ വിഭവങ്ങളാണ് മുൻകൂട്ടി ഓർഡർ ചെയ്തിരുന്നത്.
എന്നാൽ അൽഫാമിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയം ടൂർ പാക്കേജ് ഏജൻസിയുമായി ചർച്ച ചെയ്യുന്നതിനിടെ ഹോട്ടൽ ജീവനക്കാർ ഇടപെട്ടു. തുടർന്ന് ഭക്ഷണത്തിന്റെ ബിൽ തുക കൊടുക്കുന്ന കാര്യത്തിൽ വലിയ തർക്കം ഉടലെടുത്തു. ഇതാണ് സംഘർഷത്തിലേക്കും പരസ്പരമുള്ള ആക്രമണത്തിലേക്കും കാര്യങ്ങൾ നീങ്ങിയത്. ഭക്ഷണത്തിന്റെ പേരിലുള്ള ആക്രമണ സംഭവങ്ങൾ കേരളത്തിൽ ഇപ്പോൾ തുടർക്കഥയായി മാറുകയാണ്. സംസ്ഥാനത്തുടനീളം ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
English Summary
A dispute over the portion size of food served at a hotel escalated into a violent altercation. The incident took place at Janna Residency in Adimali, Idukki, where tourists and hotel staff clashed. Three people, including the hotel supervisor, sustained injuries. The Adimali police have registered a case and arrested three individuals in connection with the incident.