വിശ്വാസിയായ കമ്യൂണിസ്റ്റുകാരൻ, കാലക്കേടിന്റെ ‘കാരണഭൂതൻ’! പത്മകുമാർ എന്ന അധ്യായം മടക്കിവച്ച് സിപിഎം
CPM action against A Padmakumar: ശബരിമല സ്വർണ്ണക്കൊള്ളകേസിൽ പത്മകുമാറിന്റെ പേര് ഉയർന്നുവന്നതു മുതൽ പാർട്ടി അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് നടപടിടെയുക്കുന്നില്ല എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന പാർട്ടിയുടെ തീരുമാനം വന്നതോടെ പാർട്ടിക്ക് നേരേ ഉയർന്ന ചോദ്യങ്ങൾക്ക് ഇന്ന് ഒരു താൽക്കാലിക ഉത്തരമായിരിക്കുന്നു.
കേരളത്തിലെ സിപിഎം ഇന്ന് വലിയൊരു തിരിച്ചടിയുടെ നീറ്റലിൽ വേകുമ്പോൾ അതിന് നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ആഴത്തിൽ പാർട്ടിയെ മുറിവേൽപ്പിച്ചത് ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആയിരുന്നു. സ്വർണ്ണക്കൊള്ളയിൽ പ്രതികൾ എന്ന് അന്വേഷണ സംഘം കണ്ടെത്തിയ നിരവധി പേർ ഉണ്ടെങ്കിലും ഈ വിവാദത്തിലേക്ക് സിപിഎം എന്ന പ്രസ്ഥാനത്തെ കൂട്ടിക്കെട്ടിയ മുഖ്യകണ്ണി എ പത്മകുമാർ എന്ന മുൻ തിരുവിതാകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിയായ ജില്ലാസെക്രട്ടേറിയറ്റ് അംഗമായിരുന്നു. സിപിഎമ്മിന്റെ ജില്ലയിലെ ഏറ്റവും പ്രമുഖനായ നേതാവ്, വർഷങ്ങളുടെ പാർട്ടി ബന്ധമുള്ളയാൾ… വർഷങ്ങൾ നീണ്ട് പൊതുപ്രവർത്തനത്തിലൂടെ ജനങ്ങൾക്കിടയിൽ പാർട്ടിയുടെ മുഖമായി മാറിയ ആൾ. സ്വർണ്ണക്കൊള്ള പുറത്തുവന്നപ്പോൾ പൊളിഞ്ഞുവീണ പൊയ്മുഖങ്ങളുടെ കൂട്ടത്തിൽ പത്മകുമാറിന്റെ മുഖവും ഉൾപ്പെട്ടെങ്കിലും ജനങ്ങളുടെ ഇടയിൽ പിച്ചിച്ചീന്തപ്പെട്ടത് പാർട്ടിയുടെ മുഖമായിരുന്നു.
പാർട്ടി അംഗീകരിച്ചാലും ഇല്ലെങ്കിലും ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശബരിമല വിഷയം എൽഡിഎഫിന്റെ തോൽവിയുടെ ഒരു മുഖ്യ കാരണമായിട്ടുണ്ട് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. നേരത്തെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം ഉണ്ടായപ്പോൾ പോലും നേരിട്ടിട്ടില്ലാത്തത്ര വലിയ ആഴത്തിലുള്ള ജനരോഷം പാർട്ടിക്കെതിരേ സൃഷ്ടിക്കാൻ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിപ്പട്ടികയിലുള്ള എ പത്മകുമാറിന്റെ സിപിഎം ബന്ധം കാരണമായി.
ALSO READ: മലപ്പുറത്ത് വീണ്ടും ഷിഗെല്ല മരണം: ഏഴ് വയസുള്ള രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു
ശബരിമലയിലെ സ്വർണ്ണം വിദഗ്ധമായി മോഷ്ടിക്കപ്പെട്ടു, കമ്യൂണിസ്റ്റുകാരനായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് അതിന് നേതൃത്വം നൽകി എന്ന നിലയ്ക്കാണ് ജനങ്ങൾക്കിടയിൽ സ്വർണ്ണക്കൊള്ള വിഷയം എതിരാളികളാൽ പ്രചരിപ്പിക്കപ്പെട്ടത്. പല വിശ്വാസികളെയും വൈകാരികമായി സിപിഎമ്മിന് എതിരേ തിരിക്കാൻ ഇത് ഒരു വലിയ കാരണമായി. ഈ വൈകാരികതയുടെ ചൂട് സിപിഎമ്മിന്റെ അടിക്കല്ലിളക്കുന്ന നിലയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.
കാലക്കേടിന്റെ ‘കാരണഭൂതൻ’
വിദ്യാർഥികാലഘട്ടം മുതലിങ്ങോട്ട് പിന്നിട്ട ജീവിതവഴികളില്ലൊം സിപിഎമ്മുകാരൻ എന്ന മേൽക്കുപ്പായം എ പത്മകുമാറിന് മുകളിലുണ്ടായിരുന്നു. ഒടുവിൽ ആ പാർട്ടി ബന്ധം നൽകിയ തണലിന് കീഴിലിരുന്നുകൊണ്ട് പത്മകുമാർ സ്വർണ്ണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തു എന്ന നിലയ്ക്കുള്ള വെളിപ്പെടുത്തലുകൾ പുറത്തുവന്നതോടെ ഉണ്ടായ ആക്രമണങ്ങൾ ഏൽക്കേണ്ടിവന്നതും പാർട്ടിയെന്ന പുറം കുപ്പായത്തിനായിരുന്നു. ആ ആക്രമണത്തിൽ ഇന്ന് പാർട്ടി ഏറെ മുറിപ്പെട്ടിരിക്കുന്നു.
വിശ്വാസിയായ കമ്യൂണിസ്റ്റുകാരൻ
മറ്റുള്ള കമ്യൂണിസ്റ്റുകാരെ പോലെയല്ല, താൻ വിശ്വാസിയാണെന്ന് പത്മകുമാർ തെളിയിച്ച സംഭവമായിരുന്നു ശബരിമല യുവതീ പ്രവേശന സമയത്തെ അദ്ദേഹത്തിന്റെ നിലപാട്. യുവതീ പ്രവേശനത്തിൽ പിണറായി വിജയൻ സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നില്ല പത്മകുമാർ. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. പാർട്ടിയുമായും പിണറായിയുമായും പത്മകുമാർ അകന്നുതുടങ്ങിയതും അന്ന് മുതലാണ് എന്ന് കരുതപ്പെടുന്നു.
എന്നാൽ യുവതീ പ്രവേശന സമയത്ത് കാണിച്ച ‘വിശ്വാസ സംരക്ഷണം’ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുടെ സമയത്ത് കാണിച്ചിരുന്നുവെങ്കിൽ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ കാലക്കേടിന്റെ ‘കാരണഭൂതനായി’ എ പത്മകുമാർ എന്ന കമ്യൂണിസ്റ്റുകാരൻ മാറുന്നത് ഒഴിവാക്കാനാകുമായിരുന്നു എന്ന് ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നു. പോയ ബുദ്ധി ആനപിടിച്ചാലും കിട്ടില്ല, എന്നാണല്ലോ. സംഭവത്തിൽ പാർട്ടിയുടെ ഭാഗത്തും വീഴ്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് വേറെ കാര്യം.
സ്വർണ്ണക്കൊള്ളയിൽ പത്മകുമാർ അറസ്റ്റിലായ ശേഷം അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാനോ ശക്തമായ നടപടികൾ കൈക്കൊണ്ടുവെന്ന് ജനത്തെ ബോധ്യപ്പെടുത്താനോ സിപിഎമ്മിന് കഴിഞ്ഞില്ല. ഇത് പാർട്ടി നേതാക്കൾക്കും സംഭവത്തിൽ പങ്കുണ്ട് എന്ന പ്രതീതി സൃഷ്ടിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചു. നേതൃത്വവുമായി നേരത്തെയുണ്ടായ ചില തർക്കങ്ങളെത്തുടർന്ന് പിൽക്കാലത്ത് പാർട്ടിയുടെ പ്രധാന ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിനെതിരേ പാർട്ടി ശക്തമായ നടപടി എടുത്തില്ല എന്ന അമർഷം താഴെത്തട്ടിൽ ഉണ്ടായിരുന്നു.
എ പത്മകുമാർ എന്ന കമ്യൂണിസ്റ്റുകാരൻ
1957 മെയ് 27 ന് പത്തനംതിട്ടയിലെ ആറന്മുളയിലായിരുന്നു ജനനം. ചങ്ങനാശേരി എൻഎസ്എസ് കോളേജിലും ആലപ്പുഴ എസ്ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. സിപിഎമ്മുമായി ഏതാണ്ട് 54 വർഷത്തെ രാഷ്ട്രീയ ബന്ധം എ പത്മകുമാറിനുണ്ട്. വെറും 25-ാം വയസിൽ പാർട്ടിയുടെ ഏരിയ സെക്രട്ടറിയായി, 1983 ൽ സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതൽ കമ്മിറ്റി അംഗമായിരുന്നു. 1991ൽ തന്റെ മുപ്പതാം വയസിൽ കോന്നി മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജയിച്ച് എംഎൽഎ ആയി. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും കോൺഗ്രസിലെ അടൂർപ്രകാശിനോട് പരാജയപ്പെട്ടു.
പിന്നീട് ആറന്മുളയിൽ മത്സരിച്ചെങ്കിലും അവിടെ മാലേത്ത് സരളാദേവിയോട് പരാജയപ്പെട്ടു. സിപിഎമ്മിന്റെ പത്തനംതിട്ടയിലെ പ്രമുഖനായി വളർന്ന പത്മകുമാർ വിഭാഗീയതയുടെ കാലഘട്ടത്തിൽ, വിഎസ് പക്ഷം ആധിപത്യം പുലർത്തിയ ജില്ലാകമ്മിറ്റിയിലെ അടിയുറച്ച പിണറായി പക്ഷക്കാരനായിരുന്നു പത്മകുമാർ. പാർട്ടി നടപടികളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടെങ്കിലും പിന്നീട് പടിപടിയായി തിരികെ ജില്ലാ കമ്മിറ്റിയിലേക്കെത്തി.
കുഴിതോണ്ടിയ നീക്കം
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്, പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിന്റെ കാലാവധി മൂന്നു വർഷം എന്നതു രണ്ടു വർഷമായി വെട്ടിച്ചുരുക്കിയാണ് 2018ൽ പത്മകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയത്. ശബരിമല സ്വർണക്കൊള്ള നടന്നുവെന്ന് പറയപ്പെടുന്ന 2019 കാലയളവിലും പത്മകുമാറായിരുന്നു പ്രസിഡന്റ്. ഒടുവിൽ ആ സ്വർണ്ണക്കൊള്ള പത്മകുമാറിന്റെ കാരാഗ്രഹ വാസത്തിനും പാർട്ടിയുടെ ‘വനവാസത്തിനും’ മൂലകാരണമായി കാലത്തിന്റെ കണക്കുപുസ്കത്തിൽ ഇടംപിടിച്ചു.
അധ്യായം തൽക്കാലം മടക്കി വച്ച് സിപിഎം
ശബരിമല സ്വർണ്ണക്കൊള്ളകേസിൽ പത്മകുമാറിന്റെ പേര് ഉയർന്നുവന്നതു മുതൽ പാർട്ടി അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് നടപടിടെയുക്കുന്നില്ല എന്ന് ചോദ്യങ്ങൾ ഉയർന്നിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുന്നു എന്ന പാർട്ടിയുടെ തീരുമാനം വന്നതോടെ പാർട്ടിക്ക് നേരേ ഉയർന്ന ചോദ്യങ്ങൾക്ക് ഇന്ന് ഒരു താൽക്കാലിക ഉത്തരമായിരിക്കുന്നു.
എത്ര നാളത്തേക്കാണ് സസ്പെൻഷൻ എന്നത് ഉൾപ്പെടെ വ്യക്തമാക്കപ്പെട്ടിട്ടില്ല എങ്കിലും അദ്ദേഹത്തിന്റെ തിരിച്ചുവരവ് ഇനി ഏറെക്കുറെ അസാധ്യമാണ്. പുറത്താക്കൽ ആണ് പ്രതീക്ഷിച്ചത് എങ്കിലും സസ്പെൻഷനിൽ ഒതുങ്ങിയത് കഴിഞ്ഞ ദിവസങ്ങളിൽ പത്മകുമാർ നടത്തിയ ചില സമ്മർദ്ദങ്ങൾ കൊള്ളേണ്ടിടത്ത് കൊണ്ടതുകൊണ്ടാണ് എന്ന നിലയ്ക്ക് വിലയിരുത്തലുകളുണ്ട്. ഈ നടപടിയോടുകൂടി പത്മകുമാർ എന്ന അധ്യായം അടയ്ക്കാൻ പാർട്ടി ആഗ്രഹിക്കുന്നു. എന്നാൽ അതിന് സാധിക്കുമോയെന്ന് പത്മകുമാറിന്റെ വരുംദിവസങ്ങളിലെ പ്രതികരണങ്ങളും കേസിന്റെ മുന്നോട്ടുപോക്കുമാണ് തീരുമാനിക്കുക.
English Summary
Ever since Padmakumar’s name surfaced in the Sabarimala gold robbery case, questions have been raised as to why the party is not taking action against him. With the party’s decision to suspend A. Padmakumar, former president of the Travancore Devaswom Board and CPM Pathanamthitta district committee member, from the party, there has been a temporary answer to the questions raised against the party. The Sabarimala gold robbery case was the main reason for the CPM’s defeat in the last three major elections.