രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപഴ്സൺ ദിയ പുറത്തായി; കെണിയൊരുക്കി എൽഡിഎഫ്, കൂട്ടുനിന്ന് കോൺഗ്രസ്
India's youngest chairperson Dia Binu: പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്തായി. ചില കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. 26 അംഗ കൗൺസിലിലെ 17 പേർ ഇന്ന് യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു.
പാലാ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപഴ്സൺ എന്ന നേട്ടവുമായി പാലാ നഗരസഭയുടെ അധ്യക്ഷയായി ചുമതലയേറ്റ ദിയ ബിനു എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്തായി. ചില കോൺഗ്രസ് അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. 26 അംഗ കൗൺസിലിലെ 17 പേർ ഇന്ന് യോഗത്തിൽ ഹാജരായി. 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്തു. 12 പ്രതിപക്ഷ കൗൺസിലർമാർ, 4 കോൺഗ്രസ് അംഗങ്ങൾ, 1 സ്വാതന്ത്ര അംഗം എന്നിവരാണ് വോട്ട് ചെയ്തത്. ഭരണം നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം തങ്ങളുടെ അംഗങ്ങൾക്ക് വിപ്പ് നൽകിയിരുന്നെങ്കിലും അത് അനുസരിക്കാൻ അംഗങ്ങളിൽ ചിലർ തയാറായില്ല.
കോൺഗ്രസ് അംഗങ്ങൾ പിന്തുണ പിൻവലിച്ചതാണ് ഏഴ് മാസം തികയും മുമ്പ് പാലാ നഗരസഭയിലെ ഭരണം അട്ടിമറിക്കാൻ ഇപ്പോൾ ഇടയാക്കിയിരിക്കുന്നത്. പാലാ നഗരസഭയിൽ 26 അംഗങ്ങളാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എൽഡിഎഫിന് 12, യുഡിഎഫിന് പത്തംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതോടെ കോൺഗ്രസ് ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു പുളിക്കക്കണ്ടം, ബിനുവിന്റെ അനിയൻ ബിജു പുളിക്കകണ്ടം എന്നിവരുടെ സ്വതന്ത്ര മുന്നണിയെ പിന്തുണച്ചു.
ALSO READ: ആഴ്ചകൾക്ക് മുമ്പ് വിവാഹ നിശ്ചയം, അടുത്തമാസം വിവാഹം! നോവായി റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ
കോൺഗ്രസിന്റെ കൂടി പിന്തുണയോടെയാണ് 2025 ഡിസംബറിൽ ദിയ ബിനു പാലാ നഗരസഭയുടെ ചെയർപഴ്സണായി തെരഞ്ഞെടുക്കപ്പെട്ടത്. പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് പേരും, കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗവും സ്വതന്ത്രരുമടക്കം 14 പേരുടെ പിന്തുണയാണ് ദിയക്ക് ഉണ്ടായിരുന്നത്. എന്നാൽ നിലവിലെ ഭരണത്തിനെതിരേ കോൺഗ്രസ് അംഗങ്ങളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയർന്നു. ഇതോടെയാണ് എൽഡിഎഫ് അവിശ്വാസത്തിന് കളമൊരുക്കിയത്.
അവിശ്വാസം പാസ്സാകാൻ 14 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എൽഡിഎഫിന്റെ 12 അംഗങ്ങൾക്ക് പുറമേ 4 കോൺഗ്രസ് അംഗങ്ങളും 1 സ്വാതന്ത്ര അംഗവും അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ ഏതാണ്ട് ഏഴുമാസം മാത്രം പ്രായമായ ദിയ ബിനുവിന്റെ ഭരണം അവസാനിക്കുകയായിരുന്നു. ഇതോടെ നഗരസഭയിലെ തുടർ ഭരണവും പ്രതിസന്ധിയിലായിട്ടുണ്ട്.
ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പാലായിൽ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെയും വോട്ട് നിർണായകമാണ്. നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിനാണ് കൂടുതൽ ഭൂരിപക്ഷമുള്ളത്. അതേസമയം ഭരണത്തിന് എതിരേ വോട്ട് ചെയ്യരുത് എന്ന് സംസ്ഥാന നേതൃത്വം തന്നെ നിർദേശിച്ചിട്ടും കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തിന് കൂട്ടുനിന്നത് ജില്ലയിലെ കോൺഗ്രസിൽ കലഹമുണ്ടാക്കാൻ സാധ്യതയുണ്ട്.
ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് അംഗങ്ങൾ. ഇവരോടൊപ്പം വിമതയായി വിജയിച്ച് നിലവിൽ ഉപാധ്യക്ഷ സ്ഥാനത്തിരിക്കുന്ന മായാ രാഹുലും എൽഡിഎഫ് അവിശ്വാസത്തെ പിന്തുണച്ചു. ഇതോടെയാണ് ഭരണം വീണത്. റിയ ചീരാംകുഴി, സെബാസ്റ്റ്യൻ പനക്കൽ എന്നീ കോൺഗ്രസ് അംഗങ്ങൾ വിപ്പ് കണക്കിലെടുത്ത് യോഗത്തിൽ ഹാജരായില്ല.
കേരള കോൺഗ്രസിൻ്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും കാപ്പൻറെ പാർട്ടിയായ കെ.ഡി.പിയിലെ പ്രിൻസി സണ്ണിയും വിപ്പ് മാനിച്ച് യോഗത്തിൽ ഹാജരായില്ല. വിപ്പ് ലംഘിച്ച കോൺഗ്രസ് അംഗങ്ങൾക്ക് എതിരേ നേതൃത്വം എന്ത് നടപടിയാണ് സ്വീകരിക്കുക, പാലാ നഗരസഭയുടെ ഭരണം ഇനി എങ്ങോട്ട് എന്നീ ചോദ്യങ്ങളാണ് ഇപ്പോൾ ബാക്കിയായിരിക്കുന്നത്. സ്വതന്ത്ര മുന്നണിയാണ് ഭരിച്ചിരുന്നത് എങ്കിലും പാലായിലെ ഭരണം നഷ്ടമായത് യുഡിഎഫിനും തിരിച്ചടിയാണ് എന്ന് വിലയിരുത്തപ്പെടുന്നു.
English Summary
Diya Binu, who took charge as the chairperson of Pala Municipality with the distinction of being the youngest chairperson in the country, was ousted following a no-confidence motion brought by the LDF. The no-confidence motion was passed with the support of some Congress members. 17 of the 26-member council were present in the meeting today. All 17 voted in favor of the no-confidence motion.