AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Sukumara Kurup: കണ്‍ഫ്യൂഷനായല്ലോ! സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; പേരും ഊരുമെല്ലാം മാറ്റി അങ്ങ് ബ്രൂണെയില്‍?

Sukumara Kurup Reportedly Spotted in Brunei : സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായി സംശയം. ബ്രൂണേയില്‍ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തി. ഇത് സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, പൊലീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് ഇയാള്‍ താമസിക്കുന്നത്. പേരുമാറ്റിയാണ് കഴിയുന്നതെന്നാണ് സൂചന.

Sukumara Kurup: കണ്‍ഫ്യൂഷനായല്ലോ! സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; പേരും ഊരുമെല്ലാം മാറ്റി അങ്ങ് ബ്രൂണെയില്‍?
Sukumara KurupImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 27 Aug 2026 | 06:42 PM

കൊച്ചി: പിടിക്കിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നതായി സംശയം. ബ്രൂണേയില്‍ സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തി. ഇത് സുകുമാരക്കുറുപ്പാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും, പൊലീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ബ്രൂണെയിലെ ഇന്ത്യന്‍ സമൂഹവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടാണ് ഇയാള്‍ താമസിക്കുന്നത്. പേരുമാറ്റിയാണ് കഴിയുന്നതെന്നാണ് സൂചന. നാട്ടിലുള്ള ഭാര്യയും മക്കളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. 1991 മുതല്‍ ഇയാള്‍ വിദേശത്ത് ഒളിവ് ജീവിതം നയിക്കുന്നുവെന്നാണ് സൂചന. ഒരു സൈബര്‍ വിദഗ്ധന്റെ അന്വേഷണത്തിലാണ് സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുള്ളയാള്‍ ബ്രൂണെയില്‍ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

മലയാളിയായ ഈ വയോധികന്‍ ബ്രൂണെയില്‍ നിരീക്ഷണത്തിലാണ്. സംഭവത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബ്രൂണെയിലുള്ള ഈ വ്യക്തി ഒരു ചൈനീസ് സ്വദേശിയുമായി ചേര്‍ന്ന് ബിസിനസ് നടത്തുകയാണെന്നാണ് സൂചന. മലയാളിയായിരുന്നിട്ടും ഇയാള്‍ ബ്രൂണെയിലെ മറ്റ് മലയാളികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ഇന്ന് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. അന്വേഷണം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായവും വേണ്ടിവരും.

ഫോണ്‍ സ്വിച്ച്ഡ് ഓഫ്?

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫായതായാണ് വിവരം. അനധികൃതമായി സംഘടിപ്പിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ ബ്രൂണെയില്‍ കഴിയുന്നതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ശരിയാണെങ്കില്‍, ഇയാളെ ആരൊക്കെ സഹായിച്ചുവെന്നതടക്കം കണ്ടെത്തേണ്ടി വരും.

Also Read: പണ്ടേക്ക് പണ്ടേ സുകുമാരക്കുറുപ്പ് മരിച്ചിട്ടുണ്ടാകും: പുതിയ നിഗമനം, കേരള പോലീസ് കേസ് അ‌വസാനിപ്പിക്കുന്നു

വിചിത്രമായ പേരാണ് ഇയാള്‍ ഉപയോഗിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. സുകുമാരക്കുറുപ്പിന്റെ ബന്ധുക്കളുടെ ഫോണ്‍ ഹാക്ക് ചെയ്താണ് സൈബര്‍ വിദഗ്ധന്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും സൂചനയുണ്ട്. ഇയാള്‍ താമസിക്കുന്നതെന്ന് കരുതുന്ന വീടിന്റെയും, ബിസിനസ് സ്ഥാപനത്തിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇയാള്‍ ഭക്ഷണം കഴിക്കാനെത്തുന്ന റെസ്റ്റോറന്റും കണ്ടെത്തി.

സുകുമാരക്കുറുപ്പിന്റെ പാസ്‌പോര്‍ട്ടിന്റെ കാലാവധി നേരത്തെ കഴിഞ്ഞിരുന്നു. തുടര്‍ന്ന് മലേഷ്യയില്‍ വെച്ച് വ്യാജരേഖ ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചെങ്കിലും, അതിന്റെയും കാലാവധി കഴിഞ്ഞു. എന്നാല്‍ ഇയാള്‍ സുകുമാരക്കുറുപ്പ് തന്നെയാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനകളടക്കം നടത്തേണ്ടി വരും.

മലേഷ്യ-ബ്രൂണെ അതിര്‍ത്തിയോട് ചേര്‍ന്ന സിപാങിലാണ് ഇയാള്‍ താമസിക്കുന്നത്. നേരത്തെ, സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന തരത്തില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും അതില്‍ പലതും വ്യാജമായിരുന്നു.

അന്വേഷണസംഘത്തിന്റെ നീക്കം

നേരത്തെ, സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തില്‍ കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങിയിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മരിച്ചിരിക്കാമെന്നായിരുന്നു അന്വേഷണസംഘത്തിന്റെ നിഗമനം. അന്തിമ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

തീരുമാനമാകാത്ത കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുമ്പാണ് ഈ കേസിന്റെ ഫയല്‍ പൊലീസ് വീണ്ടും തുറന്നത്. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി താന്‍ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചാക്കോ എന്നയാളെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി കാറിലിട്ട് കത്തിച്ച കേസില്‍ 42 വര്‍ഷമായി ഇയാളെ പൊലീസ് തിരയുകയാണ്. 1984 ജനുവരി 22-നാണ് സുകുമാരക്കുറുപ്പ് ചാക്കോയെ കൊലപ്പെടുത്തിയത്.

English Summary

Cyber experts suspect notorious fugitive Sukumara Kurup is alive and living in Brunei under an alias. The suspect avoids the local Indian community but stays in constant contact with his family in Kerala. Kerala Police have not yet officially responded to these recent claims.

Follow Us