AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

ഒളിവിലായിട്ട് 42 വർഷം! സുവർണ ജൂബിലി ​ആഘോഷിക്കുമോ സുകുമാരക്കുറുപ്പ്; പുതിയ ട്വിസ്റ്റിൽ അ‌ന്വേഷണം

Is Sukumara Kurup dead or alive: പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടോ, അ‌തോ മരിച്ചോ എന്നറിയാൻ കേരള പോലീസ് വീണ്ടും അ‌ന്വേഷണം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി രമേശ് ചെന്നിത്തല അ‌റിയിച്ചു.

ഒളിവിലായിട്ട് 42 വർഷം! സുവർണ ജൂബിലി ​ആഘോഷിക്കുമോ സുകുമാരക്കുറുപ്പ്; പുതിയ ട്വിസ്റ്റിൽ അ‌ന്വേഷണം
Is Sukumara Kurup Dead Or AliveImage Credit source: Getty Images, Special Arrangement
Prasanth Kumar
Prasanth Kumar | Published: 28 Aug 2026 | 11:10 AM

തിരുവനന്തപുരം: 1984 മുതൽ കേരള പോലീസും സുകുമാരക്കുറുപ്പും തമ്മിൽ നടന്നുവരുന്ന ഒളിച്ചേ, കണ്ടേ കളിയിൽ വീണ്ടും ട്വിസ്റ്റ്. കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ സുകുമാരക്കുറുപ്പ് കേസ്, കുറുപ്പ് മരിച്ചു എന്ന നിഗമനത്തിന്റെ അ‌ടിസ്ഥാനത്തിൽ അ‌വസാനിപ്പിക്കുന്ന എന്ന നിലയ്ക്കുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നു. എന്നാൽ നാൽപ്പത്തി രണ്ട് വർഷമായി പോലീസിന് ചുരുളഴിക്കാൻ കഴിയാത്ത രഹസ്യമായി തുടരുന്ന കുറുപ്പിന്റെ കേസ് അ‌ത്ര പെട്ടെന്ന് അ‌വസാനിക്കുന്ന ഒന്നായിരുന്നില്ല. കേസ് അ‌വസാനിപ്പിക്കാൻ പോകുന്നു എന്ന് വാർത്തകൾ വന്ന് നിമിഷങ്ങൾക്കകം സുകുമാരക്കുറുപ്പ് ബ്രൂണയ്‌യിൽ ജീവനോടെയുണ്ടെന്നും നിർമാണമേഖലയിൽ ജോലിചെയ്യുകയാണെന്നുമുള്ള ചില വെളിപ്പെടുത്തലുകൾ വന്നു. ഇതോടെ അ‌വസാനിക്കുന്നു എന്ന് തോന്നിപ്പിച്ച കേസ് വീണ്ടും ഉയർത്തെണീക്കുകയായിരുന്നു.

പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടോ, അ‌തോ മരിച്ചോ എന്നറിയാൻ കേരള പോലീസ് വീണ്ടും അ‌ന്വേഷണം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സുകുമാരക്കുറുപ്പ് വിദേശത്തുണ്ടെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എഡിഡിപിക്ക് നിര്‍ദേശം നല്‍കിയതായി രമേശ് ചെന്നിത്തല അ‌റിയിച്ചു.

Also Read: കൺഫ്യൂഷനായല്ലോ! സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെന്ന് സംശയം; പേരും ഊരുമെല്ലാം മാറ്റി അങ്ങ് ബ്രൂണെയിൽ?

സുകുമാരക്കുറുപ്പ് ലോൺ പെൻഡിങ് കേസ് ആണ് എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. നിലവിലെ വാർത്തകളുടെ അ‌ടിസ്ഥാനത്തിൽ കേരളാ പൊലീസ് ഇന്റർപോളുമായി ബന്ധപ്പെട്ട് അതിന്റെ നിജസ്ഥിതി എന്താണെന്ന് അറിയേണ്ടിയിരിക്കുന്നു എന്ന് അ‌ദ്ദേഹം പറഞ്ഞു. ഇപ്പോൾ കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്നും സ്ഥിരീകരിക്കപ്പെട്ട കാര്യങ്ങളൊന്നുമില്ലെന്നും അ‌ദ്ദേഹം വ്യക്തമാക്കി. 40 വർഷമായ കേസിൽ എന്താണ് പൂഴ്ത്താനുള്ളതെന്നും വാർത്ത വന്നതോടെ സർക്കാർ ചെയ്യേണ്ടത് ചെയ്തു തുടങ്ങിയിട്ടുണ്ടെന്നും അ‌ദ്ദേഹം പറഞ്ഞു.

കേരള പൊലീസ് ചരിത്രവുമായി ഏറെ ആഴത്തിൽ ബന്ധപ്പെട്ടുകിടക്കുന്ന കേസാണ് സുകുമാരക്കുറുപ്പിന്റേത്. കേരള പോലീസ് ഏറ്റവും കൂടുതൽ കാലം ലുക്കൗട്ട് നോട്ടീസ് നിലനിർത്തിയത് സുകുമാരക്കുറുപ്പിന്റെ പേരിലാണ്. അ‌തിനാൽത്തന്നെ കേരള പോലീസിന്റെ സ്വന്തം പിടികിട്ടാപ്പുള്ളി എന്ന് കുറുപ്പിനെ വിശേഷിപ്പിക്കാം. പലവഴിക്കും കുറുപ്പിനെ കണ്ടെത്താൻ പോലീസ് വർഷങ്ങളായി പരിശ്രമിക്കുന്നുണ്ടെങ്കിലും ഇന്നും കൃത്യമായ ഒരു വിവരവും കണ്ടെത്താനായിട്ടില്ല.

കുറുപ്പിന്റെ ഭാര്യ ഓമനയെയും അടുത്ത ബന്ധുക്കളെയും വർഷങ്ങളോളം പൊലീസ് രഹസ്യമായി നിരീക്ഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. അറേബ്യൻ നാടുകളിലും വടക്കേ ഇന്ത്യയിലെ ആശ്രമങ്ങളിലും നേപ്പാളിലും ഗുജറാത്തിലും കുറുപ്പിനെ കണ്ടതായി അഭ്യൂഹങ്ങളുണ്ടായി. അന്വേഷണ സംഘങ്ങൾ അവിടെയെല്ലാം എത്തിയെങ്കിലും ഫലമുണ്ടായില്ല. നാല് പതിറ്റാണ്ടായി ഒളിവിൽ തുടരുന്നു എന്ന് കരുതുന്ന കുറുപ്പിന്റെ യാഥാർഥ്യം എന്താണ് എന്നത് കേരളം ഏറെ അ‌റിയാൻ ആഗ്രഹിക്കുന്ന ചുരുളഴിയാത്ത രഹസ്യങ്ങളിലൊന്നാണ്.

ഗോപാലകൃഷ്ണക്കുറുപ്പ് എന്നാണ് സുകുമാരക്കുറുപ്പിന്റെ യഥാർഥ പേര്. വ്യോമസേനയിലെ ജോലിക്ക് ശേഷമാണ് കുറുപ്പ് ‘സുകുമാരക്കുറുപ്പ്’ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1984 ജനുവരി 21-നാണ് കുറുപ്പിനെയും കേരള പോലീസിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഇടയായ ചാക്കോ വധക്കേസ് നടക്കുന്നത്. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ കൊലപ്പെടുത്തിയ ശേഷം അ‌ത് സ്വന്തം മരണമായി ചിത്രീകരിച്ച് സുകുമാരക്കുറുപ്പ് ഒളിവിൽ പോകുകയായിരുന്നു.

മരണത്തിൽ ബോഡി തിരിച്ചറിയാതിരിക്കാൻ കാർ സഹിതം കത്തിച്ചെങ്കിലും മൃതദേഹത്തിന്റെ പൂർണ്ണമായ ഭാഗങ്ങൾ വെന്തുപോയിരുന്നില്ല. ചാക്കോയുടെ കാലിലെ വിരലടയാളവും അടിവസ്ത്രത്തിന്റെ കഷണവും പോലീസിന് വീണ്ടെടുക്കാൻ കഴിഞ്ഞു. മൃതദേഹത്തിന്റെ വയറ്റിൽ നിന്ന ലഭിച്ച കാർബൊളിക് ആസിഡിന്റെയും മദ്യത്തിന്റെയും സാന്നിധ്യം മരണ കാരണം പൊള്ളലേറ്റല്ല, മറിച്ച് വിഷം ഉള്ളിൽ ചെന്നാണ് എന്ന് തെളിയിച്ചു. കാറിനുള്ളിൽ നിന്ന് ലഭിച്ച പെട്രോളിന്റെ സാന്നിധ്യവും കേസിൽ നിർണായകമായി.

കുറുപ്പ് ചിത്രീകരിച്ച ആൾമാറാട്ടവും കൊലപാതകവും കണ്ടെത്താൻ പോലീസിന് കഴിഞ്ഞെങ്കിലും പ്രധാന പ്രതിയായ കുറുപ്പിനെ കണ്ടെത്താൻ കഴിയാത്തത് പോലീസ് സേനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണ​ക്കേടുകളിലൊന്നായി തുടരുന്നു. ഇനി ഒരു എട്ട് വർഷവും കൂടി ഇതേ നിലയിൽ അ‌ഭ്യൂഹങ്ങളും അ‌ന്വേഷണവും മുന്നോട്ട് പോയാൽ സുകുമാരക്കുറുപ്പ് പിടികിട്ടാപ്പുള്ളിയായതിന്റെ ’50-ാം വാർഷികം’ കൂടി ആഘോഷിക്കേണ്ടി വരും. ഇതൊക്കെ കണ്ടും കേട്ടും കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ, അ‌തോ ഈ കോലാഹലങ്ങളൊന്നുമറിയാതെ ഇതിനകം മരിച്ചോ എന്നത് കേരളത്തിനെ കുഴക്കുന്ന ചോദ്യമായി ഇനിയും തുടരും…

Follow Us