KM Shaji’s Car Number: ’13’ ചോദിച്ച് വാങ്ങി കെഎം ഷാജി; ഈ ‘പാവം നമ്പറി’നെ പേടിക്കേണ്ടതുണ്ടോ?
Real Reason People Dread Number 13: കേരള സർക്കാരിന്റെ പതിമൂന്നാം നമ്പർ കാറ് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഈ കാർ തിരഞ്ഞെടുക്കാനുള്ള മന്ത്രിമാരുടെ വിമുഖതയാണ് അതിന് കാരണം. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്. മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുകയാണ് പതിവ്.
പേടികൾക്കും അന്ധവിശ്വാസങ്ങൾക്കുമൊടുവിൽ 13ാം നമ്പർ കാർ ചോദിച്ച് വാങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജി. യു.ഡി.എഫ് മന്ത്രിസഭയിൽ ആരും 13ാം നമ്പർ സ്റ്റേറ്റ് കാർ എടുക്കാത്തത് വലിയ ചർച്ച ആയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മനംമാറ്റം. മുമ്പ് ഒമ്പതാം നമ്പർ കാറായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്.
എന്റെ ബുദ്ധിമുട്ടുകൾ കഴിഞ്ഞു. ഇനിയൊന്നും വരാനില്ല എന്നാണ് പതിമൂന്നാം നമ്പർ കാർ ചോദിച്ച് വാങ്ങിയതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത്. പതിമൂന്നാം നമ്പർ എടുത്താൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നൊക്കെ പറയുന്നുണ്ടെങ്കിൽ അത്തരം അന്ധ വിശ്വാസങ്ങളൊന്നും തനിക്കില്ലെന്നും മുമ്പ് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മന്ത്രിമാർ ഈ കാർ ഒഴിവാക്കിയത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും കെഎം ഷാജി വ്യക്തമാക്കി.
13 ഒരു പാവം നമ്പര്‍. ആരും എടുക്കാതിരിക്കുകയായിരുന്നോ എന്ന് അറിയില്ല. പക്ഷേ അതങ്ങനെ മോശമാക്കാന്‍ പാടില്ലല്ലോ. ഞാന്‍ എടുത്തുകൊള്ളാം എന്നു പറഞ്ഞു. ഒമ്പതാം നമ്പര്‍ കാര്‍ താത്കാലികമായി അനുവദിച്ചതാണ്. ഒമ്പതായാലും പതിമൂന്നായാലും താൻ ഹാപ്പിയാണ്. ന്റെ ബുദ്ധിമുട്ടൊക്കെ കഴിഞ്ഞു. ഇനിയൊന്നും വരാനില്ല. കുറെ അനുഭവിച്ചു. അന്നെന്റെ കൈയില്‍ 13 നമ്പര്‍ ഇല്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു.
ALSO READ: പെൻഷന് നാല് വർഷത്തെ സേവനം നിർബന്ധം, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ ചട്ടം മാറ്റി
കേരള മന്ത്രിമാരും 13ാം നമ്പർ കാറും
കേരള സർക്കാരിന്റെ പതിമൂന്നാം നമ്പർ കാറ് എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഈ കാർ തിരഞ്ഞെടുക്കാനുള്ള മന്ത്രിമാരുടെ വിമുഖതയാണ് അതിന് കാരണം. ടൂറിസം വകുപ്പാണ് മന്ത്രിമാർക്ക് കാർ അനുവദിക്കുന്നത്. മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുകയാണ് പതിവ്. എന്നാൽ ഇത്തവണ മന്ത്രിമാരിൽ പലരും 13ാം നമ്പർ വേണ്ടെന്ന് അധികൃതരെ അറിയിച്ചു. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പറും ഒ ജനീഷിന് 10-ാം നമ്പറുമാണ് ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരം 21-ാം നമ്പർ കാറും അനുവദിച്ചു. അപ്പോഴും പതിമൂന്ന് മാത്രം ആർക്കും വേണ്ട.
കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിലും ആരും 13ാം നമ്പർ കാർ ഉപയോഗിച്ചിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ഇടത് സർക്കാരിന് നമ്പർ പേടിയില്ലായിരുന്നു. ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രി തോമസ് ഐസക്കും, രണ്ടാം പിണറായി സർക്കാരിൽ കൃഷി മന്ത്രി പി പ്രസാദുമാണ് ഈ കാർ ഉപയോഗിച്ചത്.
13നെ പേടിക്കുന്നത് എന്ത് കൊണ്ട്?
13 എന്ന സംഖ്യയെ പൊതുവെ ദൗർഭാഗ്യമായാണ് കരുതുന്നത്. ദുരിതങ്ങളുടെയും കഷ്ടപ്പാടിന്റെയും സൂചനയായാണ് ഈ സംഖ്യയെ കണക്കാക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. സംഖ്യാജ്യോതിഷപ്രകാരം 1+3 = 4 എന്നുള്ളത് രാഹുവിന്റെ സംഖ്യയെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ, അവസാനത്തെ അത്താഴത്തെ ചുറ്റിപറ്റിയും പതിമൂന്നിന് കഷ്ടകാലമാണ്. യേശുക്രിസ്തുവിന്റെ അവസാനത്തെ അത്താഴത്തിൽ പങ്കെടുത്തത് 13 പേരായിരുന്നു. അതിൽ പതിമൂന്നാമനായി എത്തിയ യൂദാസ് ആയിരുന്നു യേശുവിനെ ഒറ്റിക്കൊടുത്തത്.
അതുപോലെ, 12 എന്ന സംഖ്യയെ പൂർണ്ണതയുടെ അടയാളമായാണ് കാണുന്നത്. വർഷത്തിൽ 12 മാസങ്ങൾ, ക്ലോക്കിൽ 12 മണിക്കൂർ, 12 രാശികൾ, യേശുവിന്റെ 12 ശിഷ്യന്മാർ ഇതെല്ലാം ആ പൂർണതയ്ക്ക് ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ പൂർണത നിറഞ്ഞ പന്ത്രണ്ടിൽ ഒന്ന് കൂട്ടുന്നത് അപൂർണമായി കരുതുന്നു. ഇതൊക്കെ കൊണ്ടാണ് 13 എന്ന സംഖ്യയെ ദുശകുനമായി കരുതാനും പേടിക്കാനും കാരണം. 13 എന്ന സംഖ്യയോടുള്ള ഭയത്തെ ട്രിസ്‌കൈഡെകഫോബിയ (Triskaidekaphobia) എന്നാണ് വിളിക്കുന്നത്.
English Summary:
Kerala government vehicles bearing the number 13 have often become a topic of discussion because many ministers are reportedly reluctant to choose them due to superstitious beliefs associated with the number. The number 13 is generally considered unlucky. It is considered a sign of misfortune and suffering. The fear of the number 13 is called Triskaidekaphobia.