Kerala power cut: പ്രതിസന്ധിയിൽ കൈമലർത്തിയില്ല, അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം: പിണറായി വിജയൻ
Kerala power cut: ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും കാരണങ്ങൾകൊണ്ട് വൈദ്യുതി തടസപ്പെട്ടാൽ ആരും ഗവൺമെന്റിനെ കുറ്റം പറയില്ല, ഇതുപക്ഷേ തുടർച്ചയായി പ്രശ്നങ്ങളാണ്. വൈദ്യുതി മന്ത്രിക്ക് തന്നെ ഒന്നും പറയാൻ പറ്റുന്നില്ല. തീർത്തും നിസഹായാവസ്ഥയിൽ ഗവൺമെന്റ് എത്തിയിരിക്കുകയാണ്, അതൊരു കെടുകാര്യസ്ഥതയല്ലേ. ഇതാണ് പരിശോധിക്കേണ്ട കാര്യമെന്ന് പിണറായി വിജയൻ.

Kerala Power Cut Pinarayi Vijayan
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധിയും അതിന്റെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങളും മുറുകുന്നതിനിടെ, വൈദ്യുതി മുടക്കത്തിൽ സർക്കാരിനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. തങ്ങളുടെ ഭരണകാലത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാർ കൈമലർത്തിയില്ലെന്നും വിഷയത്തിൽ ഇടപെട്ട് പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പരിഹാരമുണ്ടാക്കി മുന്നോട്ടുപോയ സർക്കാരായിരുന്നു എൽഡിഎഫിന്റേത് എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. എൽഡിഎഫ് കാലത്തും വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു എന്ന നിലയ്ക്ക് ഇന്ന് ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെടുത്തികൊണ്ടാണ് അദ്ദേഹം എൽഡിഎഫ് കാലത്ത് തങ്ങൾ പ്രശ്നം പരിഹരിച്ചത് വിശദീകരിച്ചത്.
എൽഡിഎഫ് കാലത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായിരുന്നു എന്ന് ഇന്ന് പറഞ്ഞ മാധ്യമം തന്നെ അതിന്റെ കാരണങ്ങളും അതിൽ വിശദീകരിക്കുന്നുണ്ട്. പ്രതിസന്ധി ഉണ്ടായപ്പോൾ ഞങ്ങൾ കൈയും കെട്ടി നിസാഹയരായി നോക്കി നിൽക്കുന്ന നില അല്ല അന്ന് എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്നം പരിഹരിച്ച് മുന്നോക്ക് പോവുകയാണ് ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.
ALSO READ: റേഷൻ മണ്ണെണ്ണ, വിഹിതം നിശ്ചയിച്ച് കേന്ദ്രം ; അളവും വിലയും എങ്ങനെ?
വൈദ്യുതി പ്രതിസന്ധിയുടെ ഭാഗമായി ജനങ്ങൾക്ക് അക്കാലത്ത് ഒരു പരാതിയും ഉണ്ടായിട്ടില്ലയെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. ഏതെങ്കിലും പവർക്കട്ട് എന്ന് അന്ന് ആരെങ്കിലും പറഞ്ഞോ, കുട്ടികൾ ആരെങ്കിലും പരാതിപ്പെട്ടോ, ഒരു പ്രശ്നവും ഉണ്ടായില്ല, കൃത്യമായി വൈദ്യുതി എല്ലാവർക്കും ലഭിക്കുന്ന അവസ്ഥയല്ലേ ഉണ്ടായത് എന്നും അദ്ദേഹം ചോദിച്ചു.
നിലവിൽ പവർകട്ടിനെ തുടർന്ന് ഇന്ദിര കട്ട് എന്ന പേരിൽ സാമൂഹികമാധ്യമങ്ങളിൽ പവർ കട്ടിനെതിരേ ട്രോളുകൾ സജീവമാണ്. ഇത് കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ വൈദ്യുതി മുടക്കത്തിൽ സർക്കാരിനെ ട്രോളുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ കാലത്ത് കുട്ടികൾ ആരെങ്കിലും പരാതിപ്പെട്ടോ എന്നത് അടക്കമുള്ള ചോദ്യങ്ങളുമായി പിണറായി വിജയൻ രംഗത്തെത്തിയത്.
ഏതെങ്കിലും ഒരു ദിവസം എന്തെങ്കിലും കാരണങ്ങൾകൊണ്ട് വൈദ്യുതി തടസപ്പെട്ടാൽ ആരും ഗവൺമെന്റിനെ കുറ്റം പറയില്ല, ഇതുപക്ഷേ തുടർച്ചയായി പ്രശ്നങ്ങളാണ്. വൈദ്യുതി മന്ത്രിക്ക് തന്നെ ഒന്നും പറയാൻ പറ്റുന്നില്ല. തീർത്തും നിസഹായാവസ്ഥയിൽ ഗവൺമെന്റ് എത്തിയിരിക്കുകയാണ്, അതൊരു കെടുകാര്യസ്ഥതയല്ലേ. ഇതാണ് പരിശോധിക്കേണ്ട കാര്യമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
എൽഡിഎഫ് സർക്കാരും യുഡിഎഫ് സർക്കാരും ഒരുപോലെയാണെന്ന് ഇതിൽ കാണേണ്ടതില്ല. എൽഡിഎഫ് കാലത്ത് കൃത്യമായി വൈദ്യുതി ലഭിച്ചിരുന്നു. യുഡിഎഫ് തുടങ്ങി കുറച്ചുനാളേ ആയിട്ടുള്ളൂ, അപ്പോളേക്കും തന്നെ കാര്യങ്ങൾ അവതാളത്തിലായി. ഉമ്മൻ ചാണ്ടിയുടെ കാലത്തെ കരാർ എൽഡിഎഫ് റദ്ദാക്കിയെന്ന സർക്കാരിന്റെ വിമർശനത്തിന് മറുപടിയായി, കരാർ റദ്ദാക്കുന്ന നില വന്നത് റെഗുലേറ്ററി കമ്മിഷന്റെ ഇടപെടലിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇത് നേരത്തെ വിശദമായി വ്യക്തമാക്കിയതാണെന്നും പിണറായി പറഞ്ഞു.
കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യതക്കുറവോ നിലയങ്ങളിലെ തകരാറുകളോ ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ പരിഹാരമുണ്ടാക്കി മുന്നോട്ടുപോയ സർക്കാരായിരുന്നു എൽഡിഎഫിന്റേത്. ഇന്ന് പ്രതിസന്ധിയെക്കുറിച്ച് ചോദിക്കുമ്പോൾ സർക്കാരിന്റെ മറുപടി ഞങ്ങളുടെ കയ്യിൽ അത്ഭുതങ്ങളൊന്നുമില്ല എന്നാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രതിസന്ധിയുണ്ടാകാം. പക്ഷേ പരിഹാരം കണ്ടെത്തുക എന്നതാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും അതാണ് എൽഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസമെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
English Summary
Opposition Leader Pinarayi Vijayan has criticized the government over the power outages. He stated that when a power crisis occurred during their tenure, the LDF government did not wash its hands of the matter but instead intervened and resolved the issue. Pinarayi Vijayan remarked that not turning away from the crisis is the difference between the LDF and the UDF.