Kerala Sports Meet Controversy: ജിജോ ജയിംസ് 2021ൽ കോൺഗ്രസ് വിട്ടു; കായികമേള വിവാദത്തിൽ പ്രചാരണം തെറ്റെന്ന് ജിന്റോ ജോൺ
Jijo James Quit Congress in 2021 Jinto John Clarifies Political Affiliation: 2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജിജോ ജയിംസ് മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായിരുന്നു. വിജയിച്ചയാളെ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ജിജോ പാര്‍ട്ടി വിട്ടതെന്നാണ് ജിന്റോ ജോണിന്റെ വിശദീകരണം.
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തില്‍ ആരോപണവിധേയനായ കായികാധ്യാപകന്‍ ജിജോ ജയിംസിനെ കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. ജിജോ 2021ല്‍ തന്നെ കോണ്‍ഗ്രസ് വിട്ടതാണെന്നും നിലവില്‍ പാര്‍ട്ടിയുമായോ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎയുമായോ ബന്ധമില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
2020ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് ജിജോ ജയിംസ് മത്സരിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥിയായിരുന്നു. വിജയിച്ചയാളെ പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് ജിജോ പാര്‍ട്ടി വിട്ടതെന്നാണ് ജിന്റോ ജോണിന്റെ വിശദീകരണം.
കോണ്‍ഗ്രസ് വിട്ടശേഷം അന്നത്തെ സിപിഎം ലോക്കല്‍ സെക്രട്ടറി ജോര്‍ജ്ജി ജോയിയുടെ നേതൃത്വത്തില്‍ ജിജോ ഡിവൈഎഫ്‌ഐയില്‍ അംഗത്വമെടുത്ത് പ്രവര്‍ത്തിച്ചുവെന്നും ജിന്റോ ആരോപിച്ചു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് കെപിഎസ്ടിഎയില്‍ അംഗമായിരുന്നെങ്കിലും പിന്നീട് അംഗത്വം പുതുക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജിജോയെ കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കുന്നു
കഴിഞ്ഞ അഞ്ച് വര്‍ഷമായി കോണ്‍ഗ്രസിന്റെയോ പാര്‍ട്ടിയുടെ അനുബന്ധ സംഘടനകളുടെയോ പരിപാടികളില്‍ പങ്കെടുക്കാത്ത വ്യക്തിയെ ഇപ്പോഴും കോണ്‍ഗ്രസുകാരനായി ചിത്രീകരിക്കുന്നത് മനഃപൂര്‍വമാണെന്നാണ് ജിന്റോ ജോണിന്റെ ആരോപണം. ചില മാധ്യമങ്ങളും ഇടതുകേന്ദ്രങ്ങളും ഇത്തരത്തില്‍ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍പ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന ടികെ ഹംസ, പി സരിന്‍, കെപി അനില്‍കുമാര്‍, ലതിക സുഭാഷ്, പിഎസ് പ്രശാന്ത് തുടങ്ങിയവര്‍ നിലവില്‍ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നതുപോലെ തന്നെയാണ് ജിജോ ജയിംസിന്റെ കാര്യവുമെന്നാണ് ജിന്റോ ചൂണ്ടിക്കാട്ടിയത്.
പഴയ രാഷ്ട്രീയബന്ധം ഉയര്‍ത്തിക്കാട്ടുന്നതിനെതിരെ വിമര്‍ശനം
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ പ്രശാന്ത് മുന്‍പ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ചിരുന്ന വ്യക്തിയാണെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പഴയ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുന്നില്ലെന്നും ജിന്റോ ജോണ്‍ പറഞ്ഞു. അതുപോലെ ജിജോ ജയിംസിന്റെ മുന്‍കാല കോണ്‍ഗ്രസ് ബന്ധം മാത്രം ഉയര്‍ത്തിക്കാട്ടി പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം ആരോപിച്ചു.
English Summary
Youth Congress leader Jinto John has claimed that sports teacher Jijo James left Congress in 2021 and later joined DYFI. The statement came amid the controversy over the alleged discovery of a maggot in food served at the Kerala School Sports Meet.