കായികമേള പുഴു വിവാദം: അധ്യാപകൻ അറസ്റ്റിൽ, സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്; ഏത് പാർട്ടിക്കാരനെന്ന് തർക്കം
Worms in food controversy at sports meet: കായികമേളയിലെ പുഴു വിവാദത്തിന് പിന്നാലെ ഇത് സംബന്ധിച്ച് വീഡിയോ എടുത്ത ജിജോ ജെയിംസിനെ സർവീസിൽ നിന്ന് സസ്പെൻസ് ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉയർന്നതെന്നും ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായിക മേളയിലെ ഉച്ചഭക്ഷണത്തിൽ പുഴുവുണ്ടെന്ന സംശയത്തിൽ വീഡിയോ എടുത്ത അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. എറണാകുളം വെസ്റ്റ് വെങ്ങോല ശാലേം സ്‌കൂളിലെ അധ്യാപകൻ ജിജോ ജയിംസ് (35) ആണ് അറസ്റ്റിലായത്. ഇതിന് പിന്നാലെ, ജിജോ ജെയിംസിനെ സർവീസിൽ നിന്ന് സസ്പെൻസ് ചെയ്തു. അടിസ്ഥാന രഹിതമായ ആരോപണമാണ് ഉയർന്നതെന്നും ജിജോ ജെയിംസിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുറിപ്പിൽ അറിയിച്ചു. കായികമേള നടക്കുന്ന സ്ഥലത്ത് സംഘർഷം ഒഴിവാക്കുന്നതിനായി അധ്യാപകനെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നിലവിൽ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലാണ് ജിജോ ഉള്ളത്. ഫുഡ് കമ്മിറ്റി കൺവീനവർ നൽകിയ പരാതിപ്രകാരം ബിഎൻഎസ് 192 പ്രകാരമാണ് അധ്യാപകനെതിരേ കേസ് എടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും എന്നാണ് വിവരം. മേളയുടെ ശോഭ കെടുത്താൻ മനഃപൂർവം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ പരാതി നൽകിയിട്ടുണ്ട്. മേളയുടെ ആദ്യ ദിവസം വിതരണം ചെയ്ത പ്രഭാതഭക്ഷണത്തിൽനിന്ന് പുഴുവിനെ കിട്ടിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
ALSO READ: കോവളം സ്പാ പീഡനം: സഹ ഉടമയും ഹെൽത്ത് ഇൻസ്‌പെക്ടറുമായ സ്ത്രീ അറസ്റ്റിൽ; തെളിവുകൾ കണ്ടെടുത്ത് SIT
അതേസമയം പുഴു വിവാദത്തിന് പിന്നാലെ അധ്യാപകന്റെ രാഷ്ട്രീയ ചായ്വ് സംബന്ധിച്ച അന്വേഷണവും തർക്കവും ആരംഭിച്ചിട്ടുണ്ട്. സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണ് പുഴു വിവാദത്തിന് പിന്നിലെന്നും അധ്യാപകന്റെ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് സർക്കാർ അനുകൂലികളുടെ വാദം. എന്നാൽ പ്രതി യുഡിഎഫിന്റെ ആളാണ് എന്ന് എൽഡിഎഫ് അനുഭാവികൾ ആരോപിക്കുന്നു.
കടുത്ത രാഷ്ട്രീയവിരോധവും, മറ്റ് ചില താത്പര്യങ്ങളും വെച്ച് ഇത്തരം മേളകളെ അലങ്കോലമാക്കാൻ ശ്രമിക്കുന്നവർ കേരളത്തിലെ വിദ്യാർഥിസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഷംസുദ്ദീൻ പ്രതികരിച്ചു. ഒരു കായികാധ്യാപകനും, രണ്ട് ചാനലുകാരും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു പുഴു വിവാദം, അധ്യാപകനെതിരേ നടപടി ഉണ്ടാകും പോലീസ് നടപടിയും സ്വീകരിക്കും. സംഭവത്തെക്കുറിച്ചുള്ള ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തും എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം അറസ്റ്റ് ചെയ്യപ്പെട്ട അധ്യാപകൻ യുഡിഎഫിന്റെ തന്നെ ആളാണ് എന്ന നിലയ്ക്ക് എൽഡിഎഫ് കേന്ദ്രങ്ങൾ ആരോപണം ഉന്നയിക്കുകയും ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ പുറത്തുവരികയും ചെയ്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത് രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയായി ’കൈപ്പത്തി’ ചിഹ്നത്തിൽ ജിജോ ജെയിംസ് മത്സരിച്ചതിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
English Summary
The police have arrested a teacher who recorded a video after suspecting the presence of worms in the food served at the State School Sports Meet. The arrested individual is Jijo James (35), a teacher at Salem School in West Vengola, Ernakulam. Following this, Jijo James has been suspended from service. In a statement, the Education Department noted that the allegations were baseless and that Jijo James has been suspended pending an investigation.