KSEB Power Cut: KSEB കുളംകലക്കി മീൻ പിടിക്കുന്നു; സോളാറിന് മുൻഗണനയുള്ള ഊർജ്ജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ
KSEB Power Cut Issue:കെഎസ്ഇബി കുളം കലക്കി മീൻ പിടിക്കുകയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.ഊർജ്ജത്തിന്റെ ആവശ്യകതനുസരിച്ച് ഉത്പാദനത്തിന് ശേഷി ത്വരിതപ്പെടുത്തി കൊണ്ടുപോകണമെങ്കിൽ പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബറോടെ അങ്ങനെയൊരു നയം കൊണ്ടുവരും.പുരപ്പുറ സോളാർ മികച്ചരീതിയിൽ മുന്നേറുന്നുണ്ടെങ്കിലും വൈദ്യുതിബാറ്ററിയിൽ സംഭരിക്കുന്ന ബെസ് സംവിധാനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട്.......

Vd Satheesan
കൊച്ചി: കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കെഎസ്ഇബിയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. കെഎസ്ഇബി കുളം കലക്കി മീൻ പിടിക്കുകയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കൂടാതെ കേരളത്തിലെ വൈദ്യുത പ്രതിസന്ധി പരിഹരിക്കുന്നതിനായിപുനരുപയോഗ ഊർജമേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ സംസ്ഥാനത്ത് പുതിയ ഊർജനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
വൈദ്യുതി ഉല്പാദിപ്പിക്കുന്നതിന് വേണ്ടി സൗരോർജത്തിന് പ്രാഥമിക മുൻഗണന നൽകുമെന്നാണ് അദ്ദേഹം പറയുന്നത്.കോൺഫെഡറേഷൻ ഓഫ് റിന്യൂവബിൾ എനർജി (കോർ) കലൂർ ജവാഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന കോർ റിന്യു എക്സ്പോ ആൻഡ് എനർജി കോൺക്ളേവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യമായി വൈദ്യുതി നിയന്ത്രിക്കുന്നതിനെതിരെ കർശന നടപടി
ഊർജ്ജത്തിന്റെ ആവശ്യകതനുസരിച്ച് ഉത്പാദനത്തിന് ശേഷി ത്വരിതപ്പെടുത്തി കൊണ്ടുപോകണമെങ്കിൽ പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒക്ടോബറോടെ അങ്ങനെയൊരു നയം കൊണ്ടുവരും.പുരപ്പുറ സോളാർ മികച്ചരീതിയിൽ മുന്നേറുന്നുണ്ടെങ്കിലും വൈദ്യുതിബാറ്ററിയിൽ സംഭരിക്കുന്ന ബെസ് സംവിധാനം കൂടുതൽ മെച്ചപ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈദ്യുതി നിയന്ത്രണമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അനാരോഗ്യകരമായ പ്രവണതകൾക്കെതിരെയും അദ്ദേഹം തുറന്നടിച്ചു. ചിലയിടങ്ങളിൽ ദിവസം നാലു അഞ്ചും തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. ഇത്തരത്തിൽ അനാവശ്യമായി വൈദ്യുതി നിയന്ത്രിക്കുന്നതിനെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എന്തുകൊണ്ടാണ് കെഎസ്ഇബിയിലെ ചില ഉദ്യോഗസ്ഥർ പുനരുപയോഗ ഊർജത്തെ കുറിച്ച് പറയുമ്പോൾ ഇത്ര അസ്വസ്ഥരാകുന്നത് എന്ന് അറിയാം. കോടികൾ മുടക്കി വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടതാണ് ഇത്തരക്കാരുടെ ആവശ്യം എന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്കെതിരെ ഭരണപക്ഷത്തെ കുറ്റപ്പെടുത്തി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. തങ്ങളുടെ ഭരണകാലത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടായപ്പോൾ എൽഡിഎഫ് സർക്കാർ കൈമലർത്തിയില്ല എന്നും വിഷയത്തിൽ ഇടപെട്ട് പരിഹരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി ലഭ്യത കുറവും നിലയങ്ങളിലെ തകരാറുകളും ഉണ്ടായപ്പോഴും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടു പോയിരുന്നത് അല്ലാതെ ഇത്തരത്തിൽ കൈമലർത്തി കാണിച്ചതല്ല. തങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു എന്നും അല്ലാതെ കൈയും കെട്ടി നിസ്സഹായരായി നോക്കി നിൽക്കുകയല്ല ചെയ്തത് എന്നും പിണറായി വിജയൻ തുറന്നടിച്ചു. കൃത്യമായ ഇടപെടലുകൾ നടത്തി പ്രശ്നം പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള ശ്രമമാണ് നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് അക്കാലത്ത് ഇത്തരത്തിൽ യാതൊരു വിധത്തിലുള്ള പരാതിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY
Amid the worsening power crisis in Kerala, V.D. Satheesan criticized the KSEB, remarking that the board is fishing in troubled waters. He further stated that a new energy policy would be introduced in the state to address the crisis by leveraging the potential of the renewable energy sector.