തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ഇനി രാജകീയ യാത്ര! KSRTC എക്സിക്യൂട്ടീവ് AC വോൾവോ സർവീസ് ഓഗസ്റ്റ് 20 മുതൽ
KSRTC Executive AC Volvo service on Thiruvananthapuram-Ernakulam route: യാത്ര ഏറ്റവും അവിസ്മരണീയമാക്കുന്ന നിലയ്ക്കുള്ള അതിഗംഭീര ആഡംബര സൗകര്യങ്ങളാണ് കെ എസ്ആർടിസി വേൾവോ ബിസിനസ് ക്ലാസ് ബസിന്റെ പ്രധാന പ്രത്യേകത. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി ഉൾപ്പെടെയുള്ള മികച്ച യാത്രാസൗകര്യങ്ങൾ ഈ പുതിയ രണ്ടു ബസുകളിലും ഉണ്ട്. ഭക്ഷണവും കഫെറ്റീരിയയും പാൻട്രി സൗകര്യവുമൊക്കെയുള്ള കേരളത്തിലെ തന്നെ ആദ്യ ബസാണ് ഇത്.
തിരുവനന്തപുരം: തിരുവനന്തപുരം–എറണാകുളം റൂട്ടിൽ ഇനി കെഎസ്ആർടിസി വക രാജകീയ യാത്ര. അത്യാഡംബരസൗകര്യങ്ങളോട് കൂടിയ കെഎസ്ആർടിസിയുടെ പുതിയ രണ്ട് ബിസിനസ് ക്ലാസ് ബസുകളിൽ രണ്ടാമത്തെ ബസ് ഓഗസ്റ്റ് 20 വ്യാഴാഴ്ച മുതൽ തിരുവനന്തപുരം–എറണാകുളം റൂട്ടിൽ സർവീസ് ആരംഭിക്കും. ഇതിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ദീർഘദൂര യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവും പ്രീമിയം നിലവാരത്തിലുള്ളതുമായ യാത്രാനുഭവം ഒരുക്കുന്നതിനായിട്ടാണ് കെഎസ്ആർടിസി പുതിയ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസുകൾ അവതരിപ്പിച്ചത്. ഇതിൽ ആദ്യ ബസ് ആലപ്പുഴ- ബാംഗ്ലൂർ റൂട്ടിൽ ഇതിനകം സർവീസ് ആരംഭിച്ചു കഴിഞ്ഞു.
യാത്ര ഏറ്റവും അവിസ്മരണീയമാക്കുന്ന നിലയ്ക്കുള്ള അതിഗംഭീര ആഡംബര സൗകര്യങ്ങളാണ് കെ എസ്ആർടിസി വേൾവോ ബിസിനസ് ക്ലാസ് ബസിന്റെ പ്രധാന പ്രത്യേകത. സെമി സ്ലീപ്പർ സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി ഉൾപ്പെടെയുള്ള മികച്ച യാത്രാസൗകര്യങ്ങൾ ഈ പുതിയ രണ്ടു ബസുകളിലും ഉണ്ട്. ഭക്ഷണവും കഫെറ്റീരിയയും പാൻട്രി സൗകര്യവുമൊക്കെയുള്ള കേരളത്തിലെ തന്നെ ആദ്യ ബസാണ് ഇവ.
ALSO READ: ഓണത്തിരക്കിന് പരിഹാരം; എറണാകുളം–ബെംഗളൂരു വന്ദേ ഭാരതിൻ്റെ കോച്ചുകൾ കൂട്ടി
കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിന്റെ പ്രത്യേകതകൾ
36 സീറ്റുകളുള്ള 2×2 പ്രീമിയം റിക്ലെയ്നിങ് സീറ്റിങ്, ഓരോ സീറ്റിലും വ്യക്തിഗത എന്റർടെയ്ൻമെന്റ് സംവിധാനം, മിനി റഫ്രിജറേറ്റർ, കോഫീ മേക്കർ എന്നിവ ഉൾപ്പെടുന്ന പാൻട്രി സംവിധാനം, ദീർഘദൂര യാത്രകളിൽ കൂടുതൽ സൗകര്യത്തിനായി ബസിനുള്ളിൽ തന്നെ ടോയ്‌ലറ്റ് സൗകര്യം. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനുള്ള USB ചാർജിംഗ് സൗകര്യം എന്നിവ ഇതിലുണ്ട്.
കൂടാതെ കോംപ്ലിമെന്ററിയായി യാത്രയ്ക്കിടെ സൗജന്യ Wi-Fi സൗകര്യം ഈ ബസുകളിലുണ്ട്. പ്രീമിയം ബസ് സർവീസിന്റെ നിലവാരത്തിനനുസരിച്ചുള്ള മികച്ച സേവനം യാത്രക്കാർക്ക് ഉറപ്പാക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാർ ആണ് ഇതിലുണ്ടാകുക. ബസിന്റെ പ്രവർത്തനരീതി, വാഹനത്തിന്റെ പ്രത്യേക സവിശേഷതകൾ, വിവിധ സുരക്ഷാ സംവിധാനങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ സംബന്ധിച്ച പ്രത്യേക പരിശീലനം ഇവർക്ക് നൽകിയിട്ടുണ്ട്.
യാത്രക്കാരെ സഹായിക്കാനായി കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിൽ എയർ ഹോസ്റ്റസ് മാതൃകയില്‍ ‘ബസ് ഹോസ്റ്റസ്’ സേവനവും ലഭ്യമാണ്. ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കസ്റ്റമർ സർവീസ്, പ്രോട്ടോക്കോൾ, പാസഞ്ചർ ഹാൻഡ്ലിങ്, എമർജൻസി സർവീസ് തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം ഈ ബസ് ഹോസ്റ്റസിന് നൽകിയിട്ടുണ്ട്.
സർവീസ് സമയം
തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് രാവിലെ 5.30ന് പുറപ്പെട്ട് കൊല്ലം (അയത്തിൽ), ആലപ്പുഴ (കൊമാടി), ഹൈക്കോർട്ട് വഴി രാവിലെ 9.45ന് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ വൈകിട്ട് 5.30ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന സർവീസ് അതേ റൂട്ടിലൂടെ രാത്രി 9.45ന് തിരുവനന്തപുരത്ത് എത്തും. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഈ സർവീസ് ഉണ്ടായിരിക്കുക.
ടിക്കറ്റ് നിരക്ക്, ബുക്കിങ്
തിരുവനന്തപുരം- എറണാകുളം യാത്രയ്ക്ക് ഈ ബസിന്റെ ടിക്കറ്റ് നിരക്ക് 671 രൂപയാണ് എന്നാണ് ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്നത്. കെഎസ്ആർടിസി എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസിന്റെ ടിക്കറ്റുകൾ വാട്സ്ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനായി 9447071021 എന്ന നമ്പറിൽ ‘Hai’ അയച്ചാൽ മതി. കൂടാതെ www.keralartc.com, Ente KSRTC Neo OPRS മൊബൈൽ ആപ്പ്, കെ.എസ്.ആർ.ടി.സി. റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
English Summary
KSRTC to launch royal journey on Thiruvananthapuram-Ernakulam route. The second of KSRTC’s two new business class buses with luxurious amenities will start service on the Thiruvananthapuram-Ernakulam route from Thursday, August 20. Online ticket booking for this has already started. KSRTC has launched two new executive AC Volvo luxury buses to provide a premium travel experience. The first of these buses has already started service on the Alappuzha-Bangalore route.