വടക്കൻ പറവൂരിൽ കാൽ മുറിച്ചുമാറ്റപ്പെട്ട സംഭവം: നടപടി വേണമെന്ന് രോഗി, സ്വന്തം റിസ്കിൽ വീട്ടിൽപോയെന്ന് ആശുപത്രി
Medical negligence at North Paravur hospital: ചികിത്സാപ്പിഴവിനെ തുടർന്ന് കാൽമുറിച്ചുമാറ്റപ്പെട്ടു എന്ന് പരാതിപ്പെട്ട അബ്ദുൽ ജബ്ബാർ സംഭവത്തിൽ തുടർചികിത്സയും നടപടിയും ആവശ്യപ്പെട്ട് ഇന്ന് ആശുപത്രി സൂപ്രണ്ടിനെ കാണും. ചികിത്സതേടി ആശുപത്രിയിലെത്തിയപ്പോൾ സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നൽകാത്തതിനാൽ, തന്റെ കാല് മുറിച്ചുമാറ്റേണ്ടി വന്നു എന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്.

Medical Negligence At North Paravur Hospital
കൊച്ചി: വടക്കൻ പറവൂർ താലൂക്ക് ആശുപത്രിക്കെതിരേ ചികിത്സാപ്പിഴവ് ആരോപിച്ച് രംഗത്തെത്തിയ രോഗി ഇന്ന് ആശുപത്രി സൂപ്രണ്ടിനെ കാണും. ചികിത്സാപ്പിഴവിനെ തുടർന്ന് കാൽമുറിച്ചുമാറ്റപ്പെട്ടു എന്ന് പരാതിപ്പെട്ട അബ്ദുൽ ജബ്ബാർ ആണ് സംഭവത്തിൽ തുടർചികിത്സയും നടപടിയും ആവശ്യപ്പെട്ട് ഇന്ന് ആശുപത്രി സൂപ്രണ്ടിനെ കാണുക. ചികിത്സതേടി ആശുപത്രിയിലെത്തിയപ്പോൾ സ്ട്രോക്ക് ആണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ നൽകാത്തതിനാൽ, തന്റെ കാല് മുറിച്ചുമാറ്റേണ്ടി വന്നു എന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ആശുപത്രി സൂപ്രണ്ട് സമ്മതിച്ചിരുന്നതായതും ചികിത്സപ്പിഴവിന് പരിഹാരം ഉണ്ടാക്കാം എന്ന സൂപ്രണ്ടിന്റെ ഉറപ്പ് പാലിച്ചില്ലെന്നും നേരത്തെ അബ്ദുൾ ജബ്ബാർ ആരോപിച്ചിരുന്നു. ചികിത്സാപിഴവ് വലിയ വിവാദമായ പശ്ചാത്തലത്തിൽ നടപടി ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആണ് അബ്ദുൽ ജബ്ബാർ ഇന്ന് വീണ്ടും ആശുപത്രിയിലെത്തി സൂപ്രണ്ടിനെ കാണുന്നത്.
ജൂലൈ 26ന് രാത്രിയിൽ ആണ് കാലിന് അസഹ്യമായ വേദന ഉണ്ടായതിനെ തുടർന്ന് അബ്ദുൽ ജബ്ബാർ വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലെത്തിയത്. എന്നാൽ വേദനയുടെ കാരണം തിരിച്ചറിയാതെ വേദനസംഹാരികൾ നൽകി തിരിച്ചയച്ചതായും രാത്രിയിൽ വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴും സമാനമായ ചികിത്സയാണ് ലഭിച്ചതെന്നും അബ്ദുൽ ജബ്ബാർ പറയുന്നു.
പിറ്റേന്ന് രാവിലെ ആശുപത്രിയിലെത്തി സർജനെ കണ്ടപ്പോഴാണ് സ്ട്രോക്ക് ഉണ്ടായതായും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായും അറിഞ്ഞത്. തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സ തേടിയെങ്കിലും കാലിന്റെ ചലനശേഷി വീണ്ടെടുക്കാനാകാതെ ഒടുവിൽ മുറിച്ചുമാറ്റേണ്ടി വന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ ആശുപത്രിയിൽ ചികിത്സാപ്പിഴവ് എന്ന നിലയിൽ ഇത് വലിയ വാർത്തയായി. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് വിഷയത്തിൽ പ്രാഥമിക അന്വേഷണം നടത്തി. അബ്ദുൽ ജബ്ബാർ ജൂലൈ 26ന് രാത്രി 11:45നും വെളുപ്പിന് 3:30നും ആശുപത്രിയിലെത്തി. രണ്ടാമത് എത്തിയപ്പോൾ കോട്ടയത്തേക്ക് റഫർ ചെയ്തിരുന്നു എന്ന് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണത്തിൽ പറയുന്നു.
കോട്ടയത്തേക്ക് പോകാനാകില്ലെന്നായിരുന്നു രോഗിയുടെ മറുപടിയെന്നും സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോകുന്നതായി എഴുതി നൽകിയിരുന്നതായും ആശുപത്രി അധികൃതർ പറയുന്നു. സംഭവത്തിൽ ആശുപത്രിക്ക് വീഴ്ചയുണ്ടായിട്ടില്ല എന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് ആശുപത്രി സൂപ്രണ്ട് എറണാകുളം ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറി. ഡിഎംഒ ഈ റിപ്പോർട്ട് ഡിഎച്ച്എസിന് കൈമാറി.
English Summary
Allegations of medical negligence have been raised against the North Paravur Taluk Hospital. A patient named Abdul Jabbar claims that his leg had to be amputated because the hospital failed to provide treatment after identifying that he was suffering a stroke. Hospital authorities, however, explained that he had been referred to the Kottayam Medical College Hospital but chose to return home at his own risk. Abdul Jabbar is set to meet with the hospital superintendent today to demand action regarding the incident.