മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട്
Mullaperiyar dam to be opened today: തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണ് ഇന്ന് മുല്ലപ്പെരിയാർ ഷട്ടർ ഉയർത്തി വെള്ളം പുറത്തുവിടുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുക. സാധാരണയായി ജൂൺ 1ന് ആണ് ഡാം തുറക്കാറുള്ളത് എങ്കിലും ഇത്തവണ മഴ മൂലം ഷട്ടർ ഉയർത്താൻ വൈകുകയായിരുന്നു.
കുമളി: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. തമിഴ്നാട് സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കൃഷി, കുടിവെള്ള ആവശ്യങ്ങൾ മുൻനിർത്തിയാണ് ഡാം തുറക്കുന്നത്. സാധാരണയായി ജൂൺ 1ന് ആണ് ഡാം തുറക്കാറുള്ളത് എങ്കിലും ഇത്തവണ മഴ മൂലം ഷട്ടർ ഉയർത്താൻ വൈകുകയായിരുന്നു. തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ ഷട്ടർ ഉയർത്തൽ ചടങ്ങിൽ പങ്കെടുക്കും. വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷമുള്ള മുല്ലപ്പെരിയാറിലെ ആദ്യ മന്ത്രിതല സന്ദർശനമാണിത്. കഴിഞ്ഞ ദിവസം തമിഴ്നാട് ബജറ്റ് പ്രസംഗത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തും എന്ന് പരാമർശിച്ചത് കേരളത്തിൽ വലിയ ആശങ്കയ്ക്കും എതിർപ്പുകൾക്കും വഴിവച്ചിരുന്നു.
തേനി ജില്ലയിലെ കമ്പം താഴ്‌വരയിലുള്ള 14,707 ഏക്കർ സ്ഥലത്തെ ഒന്നാം ഘട്ട നെൽക്കൃഷിക്കായാണ് ഇന്ന് മുല്ലപ്പെരിയാർ ഷട്ടർ ഉയർത്തി വെള്ളം പുറത്തുവിടുന്നത്. സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്കാണ് തുറന്നുവിടുക. കൃഷിക്ക് പുറമേ മധുര കോർപ്പറേഷൻ പ്രദേശത്തെ കുടിവെള്ളത്തിനായി സെക്കൻഡിൽ 150 ഘനയടി വെള്ളവും വെള്ളം തുറന്നുവിടാനാണ് തമിഴ്നാട് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്.
ALSO READ: കേരളത്തെ വലച്ച് കാലവർഷം; ഈ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് ആണെങ്കിലും മുല്ലപ്പെരിയാറിലെ വെള്ളം പൂർണ്ണമായും ഉപയോഗിക്കുന്നതും ഡാം നിയന്ത്രിക്കുന്നതും തമിഴ്‌നാടാണ്. തമിഴ്‌നാട്ടിലെ തേനി, ദിണ്ഡിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം എന്നീ അഞ്ച് ജില്ലകളിലെ കൃഷിക്കും കുടിവെള്ളത്തിനും മുഖ്യ ആശ്രയം മുല്ലപ്പെരിയാറിലെ ജലം ആണ്.
തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളുടെ നിലനിൽപ്പിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഏറ്റവും അത്യന്താപേക്ഷിതമായ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം. പ്രത്യേകിച്ച് മധുര കോർപ്പറേഷനിലേക്ക് ആവശ്യമായ കുടിവെള്ളത്തിന്റെ ഭൂരിഭാഗവും പെരിയാർ-വൈഗൈ പദ്ധതി വഴിയാണ് എത്തുന്നത്. കൃഷി, കുടിവെള്ളം എന്നീ ആവശ്യങ്ങൾക്ക് പുറമേ വൈദ്യുതോൽപ്പാദനത്തിനും ഈ ജലം തമിഴ്നാട് പ്രയോജനപ്പെടുത്തിവരുന്നു.
അതേസമയം 130 വർഷത്തിലേറെ പഴക്കമുള്ള ഈ അണക്കെട്ട് കാലപ്പഴക്കം മൂലം അപകട ഭീഷണി ഉയർത്തുന്നുണ്ട് എന്ന ആശങ്കയിലാണ് കേരളം. അതിനിടെ ഡാമിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം കേരളത്തിൽ ഭീതി കൂട്ടാൻ കാരണമായി. മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്ന് മോൻസ് ജോസഫ് പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധനകൾ നടന്നിട്ടില്ല. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് 142 അടി നിലനിർത്തുന്നത്. ഇതിൽ മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ല. മുല്ലപ്പെരിയാർ സംബന്ധിച്ച് മുഖ്യമന്ത്രി തലത്തിലുള്ള ചർച്ചയ്ക്കുള്ള ശ്രമം ഉണ്ടാകുമെന്നും കേരളത്തിൻ്റെ ഭാഗത്തുനിന്നും അതിനുള്ള സാധ്യതകൾ തേടുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
ജലനിരപ്പ് ഉയർത്തും എന്ന തമിഴ്നാട് പ്രഖ്യാപനത്തിനെതിരേ കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു. മുൻ മന്ത്രിയും ഇടുക്കിയിലെ സിപിഎം നേതാവുമായ എംഎം മണി ഈ വിഷയത്തിൽ വിജയ് സർക്കാരിനെതിരേ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. തമിഴ്നാട് സർക്കാരിന് തീരുമാനമെടുത്ത് അവിടെ വെക്കാനേ സാധിക്കൂ, ഏതു വിജയ് സർക്കാർ ആയാലും ഈ തീരുമാനം കേരളത്തില്‍ നടപ്പാക്കില്ല എന്ന് എംഎം മണി പറഞ്ഞു.
”നിലവിലുള്ള ഡാമിന്‍റെ സുരക്ഷിതത്വം ഉറപ്പാക്കണം. അല്ലാതെ കൂടുതല്‍ വെള്ളം കൊടുക്കണം എന്നുള്ളതൊക്കെ മനസില്‍ വച്ചാല്‍ മതി. കേരളത്തില്‍ നടപ്പിലാക്കില്ല. വേണമെങ്കില്‍ പുതിയ ഡാം ആകാം. അപ്പോഴും വെള്ളം ഇതേ അളവില്‍ തന്നെയെ കൊടുക്കൂ. അതില്‍ കൂടുതല്‍ കൊടുത്താല്‍ ഇടുക്കി ഡാമിലേക്ക് വരുന്ന വെള്ളത്തിന്‍റെ അളവ് കുറയും. കേരളത്തെ ബാധിക്കും, വൈദ്യുതി ഉല്പാദനത്തെ ബാധിക്കും”.
”പറയുമ്പോൾ തമിഴ്നാട്ടിലെ ആളുകൾ നമ്മുടെ സഹോദരങ്ങളാണ് എങ്കിലും നമ്മുടെ സുരക്ഷ പ്രധാനമാണ്. ഇടുക്കി ഡാം നമ്മുടെ മണ്ണിലാണ്, അവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നതും നമ്മളാണ് എന്ന് അദ്ദേഹം പ്രതികരിച്ചു. ഇടുക്കിയിലെ 3 താലൂക്കുകൾ തമിഴ്നാടിന് വിട്ടുകൊടുക്കണം എന്ന പ്രചരണത്തിൽ ”പച്ച മലയാളത്തിൽ പറഞ്ഞാൽ അത് കയ്യിൽ വച്ചാൽ മതിയെന്ന്” എംഎം മണി മറുപടി നൽകി.
English Summary
The Mullaperiyar dam will be opened today. The Tamil Nadu government has issued an order in this regard. The dam will be opened to meet agricultural and drinking water needs. The dam is usually opened on June 1, but this time the shutter was delayed due to rain. Tamil Nadu Minister CTR Nirmal Kumar will attend the shutter-raising ceremony. The first phase of paddy cultivation on 14,707 acres of land in the Kambam valley of Theni district will be started today by raising the Mullaperiyar shutter and releasing water.