ക്രിമിനലുകളുടെ ജയിൽ സെല്ലിൽ അല്ല, മൂന്ന് പേരുടെ കൊലയാളി സുഹൈലിന് ഇടം കുട്ടികളുടെ ദുർഗുണ പരിഹാര പാഠശാലയിൽ
Nedumbassery car accident: സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണ നെടുമ്പാശേരി കാറപകടക്കേസിലെ പ്രതികളെ ജയിലുള്ള ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റിയതെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വിശദീകരിച്ചു. എയർപോർട്ട് റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് സുഹൈലും സുഹൃത്തുക്കളും സഞ്ചരിച്ച മിനി കൂപ്പറിടിച്ച് മൂന്ന് ജീവനുകൾ പൊലിഞ്ഞത്.

Suhail Transferred To Juvenile Correctional Home
കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി കാറപകടത്തിൽ അറസ്റ്റിലായ സുഹൈൽ സജീവ്, സുഹൃത്ത് നിനവ് എന്നിവരെ കാക്കനാട് ദുർഗുണപരിഹാര പാഠശാലയിലേക്ക് മാറ്റി. ഇന്നലെ രാത്രി ആലുവ മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കിയ സുഹൈലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ജയിലിനോടു ചേർന്നുള്ള ബോർസ്റ്റൽ സ്കൂൾ അഥവാ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റിയത്. അതേസമയം, മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതിയെ, ക്രിമിനലുകൾക്കായുള്ള ജയിലിന് പകരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെയും കൗമാരപ്രായക്കാരെയും തിരുത്താനുള്ള ഇടമായ ദുർഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റിയതിന് എതിരേ നിരവധി പേർ സാമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുന്നുണ്ട്. പക്ഷേ ചട്ടം അങ്ങനെ ആയതിനാലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്നാണ് ജയിൽ അധികൃതർ വിശദീകരിക്കുന്നത്.
വാഹനമോടിച്ച സുഹൈലിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും 19 വയസാണ് പ്രായം. ‘‘18 നും 21 നും ഇടയിൽ പ്രായമുള്ളവർ അറസ്റ്റിലായാൽ ജയിലിലെ സെല്ലിൽ അല്ല ദുർഗുണ പരിഹാര പാഠശാലയിലാണ് പ്രവേശിപ്പിക്കുന്നത്’’ എന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വ്യക്തമാക്കി. ജയിൽ ചട്ടമനുസരിച്ചാണ് ഇവരെ ദുർഗുണപരിഹാര പാഠശാലയിലേക്കു മാറ്റിയതെന്ന് നെടുമ്പാശേരി പൊലീസും പറയുന്നു.
ALSO READ: ‘വീടിൻ്റെ വിളക്ക് പോയി, മനഃപൂർവം ഇടിച്ചതാണോയെന്ന് സംശയം’; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം
സർക്കാർ നിയമവും പ്രായവും പരിഗണിച്ചാണു ജയിലുള്ള ദുർഗുണ പരിഹാര പാഠശാലയിലേക്ക് ഇവരെ മാറ്റിയതെന്ന് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് വിശദീകരിച്ചു. എയർപോർട്ട് റോഡിൽ അത്താണി എയർപോർട്ട് സിഗ്നൽ കവലയ്ക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയാണ് സുഹൈലും സുഹൃത്തുക്കളും സഞ്ചരിച്ച മിനി കൂപ്പറിടിച്ച് മൂന്ന് ജീവനുകൾ പൊലിഞ്ഞത്.
അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന കർണാടക സുള്ള്യ കനകമജലു സുണ്ണമൂല പെൽത്തടുക്ക പി.എ.ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇയാസ് (22), വയനാട് കൽപ്പറ്റ മടക്കിമല സന്തോഷ്ഭവനിൽ സന്തോഷിന്റെ മകൾ കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് കരിമ്പ ഇടക്കുറിശ്ശി നീലാറ്റ മുള്ളൻകുഴിയിൽ പ്രദീപിന്റെ മകൾ എം.പി.ഗോപിക (22) എന്നിവരാണു മരിച്ചത്.
അപകടത്തിന് പിന്നാലെ തന്നെ മിനികൂപ്പർ ഓടിച്ച് അപകടമുണ്ടാക്കിയ ആലപ്പുഴ ആലിശേരി നൂഹ് മൻസിലിൽ സുഹൈൽ സജീവിനെ (19) നാട്ടുകാർ തടഞ്ഞുവയ്ക്കുകയും പോലീസിലേൽപ്പിക്കുകയുമായിരുന്നു. വാഹനം ഓടിക്കുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്നും എയർപോർട്ട് റോഡിലൂടെ 120 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അപകടസമയത്തെ കാറിന്റെ വേഗമറിയാൻ വിദഗ്ധ പരിശോധന നടത്തും.
English Summary
Suhail Sajeev and his friend Ninav, who were arrested in connection with the Nedumbassery car accident that claimed three lives, have been transferred to the Kakkanad Juvenile Observation Home. Suhail, who was driving the vehicle, was produced before the Aluva Magistrate last night and remanded to custody for 14 days; both he and his friend are 19 years old. Prison DGP S. Sreejith clarified that individuals aged between 18 and 21 who are arrested are admitted to a juvenile observation home rather than a standard prison cell.