പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
ED recommendation to register a case against Pinarayi Vijayan: സിഎംആർഎൽ എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്ത് കെപിസിസി. പിണറായിക്കെതിരേ കേസെടുക്കണം എന്ന നിലപാട് മാത്യു കുഴൽനാടൻ യോഗത്തിൽ മുന്നോട്ടുവച്ചു.
തിരുവനന്തപുരം: പിണറായി വിജയന് എതിരേ കേസെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഇഡി ശുപാർശ ചർച്ച ചെയ്ത് കോൺഗ്രസ്. കഴിഞ്ഞ ദിവസം നടന്ന കെപിസിസി യോഗത്തിൽ കേസെടുക്കണമെന്ന് ഒരുവിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടപ്പോൾ തിടുക്കം വേണ്ടാ എന്നായിരുന്നു മറ്റുചില നേതാക്കളുടെ അഭിപ്രായം. ഒടുവിൽ തിടുക്കപ്പെട്ട് നടപടികൾ വേണ്ടെന്നും കരുതലോടെ നിയമവിശങ്ങൾ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കാനും യോഗത്തിൽ പൊതുധാരണയായി എന്നാണ് റിപ്പോർട്ട്. സിഎംആർഎൽ എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇഡി കത്ത് നൽകിയ പശ്ചാത്തലത്തിലാണ് കെപിസിസി ഇക്കാര്യം ചർച്ച ചെയ്തത്.
നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് എതിരേ കേസെടുക്കാൻ അവസരം കിട്ടിയതിനോട് ആവേശപൂർവമാണ് മാത്യു കുഴൽനാടൻ പ്രതികരിച്ചത്. ഇഡി ശുപാർശയിൽ അതിവേഗം ശക്തമായ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം സിപിഎമ്മുമായി ഒത്തുകളിയാണെന്ന ആക്ഷേപമുയരുമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു എന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം കേന്ദ്ര ഏജൻസിയുടെ നീക്കങ്ങൾ ഒരു കെണിയാകാമെന്നും കരുതലോടെ വേണം സമീപിക്കാനെന്നും വിടി ബൽറാം പറഞ്ഞു.
ALSO READ: പി.എസ്. സി പരീക്ഷ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്ക് ഗുരുതരം വീഴ്ച സംഭവിച്ചു; ക്രൈംബ്രാഞ്ച് റിപ്പോർട്ട്
ഇഡി ശുപാർശയിൽ നടപടിയുണ്ടാകുമെന്നും എല്ലാ വശങ്ങളും പരിശോധിച്ചും നിയമോപദേശം തേടിയുമായിരിക്കും നടപടി സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വിഡി സതീശൻ കെപിസിസി യോഗത്തിൽ വ്യക്തമാക്കി. അതേസമയം കരുതലോടെ നിയമവിശങ്ങൾ പരിശോധിച്ച് സർക്കാർ തീരുമാനമെടുക്കണമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എടുത്ത് ചാടി നടപടി വേണ്ടെന്നാണ് കെപിസിസി യോഗത്തിലെ പൊതുധാരണ.
അതേസമയം, പിണറായി വിജയനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ടുള്ള ഇഡി കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് കൈമാറി. ഇഡി നൽകിയ കത്തിന്റെ പേരിൽമാത്രം എഫ്ഐആർ രജിസ്റ്റർചെയ്യാൻ സർക്കാരിന് ബാധ്യതയില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവുണ്ട്. ഈ സാഹചര്യത്തിൽ ഇഡി ശുപാർശയിൽ കേസെടുക്കണോ, എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ എജി റിപ്പോർട്ട് കൈമാറും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ സർക്കാർ നടപടി ഉണ്ടാകുക.
അഴമിതി നിരോധന നിയമപ്രകാരമുള്ള പരാതികളിൽ ആദ്യം പ്രാഥമിക പരിശോധന വേണമെന്ന് സുപ്രീംകോടതി വിധികളുണ്ട്. ഈ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം കേസെടുക്കാം എന്നായിരിക്കും എജി നിയമോപദേശം നൽകുക എന്നാണ് സൂചന. രണ്ട് ദിവസത്തിനകം ഇക്കാര്യത്തിൽ എജി സർക്കാറിന് നിയമോപദേശം കൈമാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
The Congress party discussed the Enforcement Directorate’s (ED) recommendation to register a case against Pinarayi Vijayan. During a recent KPCC meeting, while one faction of leaders advocated for registering the case, others advised against haste. Ultimately, a consensus emerged that there should be no rushed action and that a decision should be taken only after carefully examining the legal aspects.