KSRTC Priyadarshini : പ്രിയദർശിനി പദ്ധതി തുടരാം, സ്വകാര്യ ബസ്സുടമകൾ നൽകിയ പരാതി തള്ളി
KSRTC Free Travel Priyadarshini Scheme to Continue : പ്രിയദർശിനി പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ( സി സി ഐ ) തള്ളിയിരിക്കുകയാണ്. സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ക്ഷേമ...
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതിയിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ നൽകിയ പരാതി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ( സി സി ഐ ) തള്ളിയിരിക്കുകയാണ്. സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ക്ഷേമ പദ്ധതികൾ കോമ്പറ്റീഷൻ നിയമത്തിന്റെ കീഴിൽ വരില്ല എന്നും ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത് സർക്കാരിന്റെ വിവേചന അധികാരമാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി സി സി ഐ തള്ളിയത്. സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമായ തീരുമാനമാണ് ഇത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി ഉയർത്തിയ ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു തങ്ങൾ അധികാരത്തിൽ എത്തിയാൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കും എന്നത്. ഈ വാഗ്ദാനം പാലിച്ചുകൊണ്ടാണ് അധികാരത്തിലേറി ഒരു മാസം ചെയ്യുന്നതിന് മുമ്പ് തന്നെ പദ്ധതി സർക്കാർ നടപ്പിലാക്കിയത്. നിലവിലെ യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതി എന്ന് വിശേഷിപ്പിക്കുന്ന പ്രിയദർശനിക്ക് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Also Read : 2 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, തിരുവനന്തപുരത്ത് മ്യാൻമാർ യുവതിയും ആൺ സുഹൃത്തും പിടിയിൽ
എന്നാൽ ഈ പദ്ധതി വന്നതോടെ തങ്ങളുടെ നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുകയാണ് എന്ന് സ്വകാര്യ ബസ് ഉടമകൾ പരാതി ഉന്നയിച്ചിരുന്നു. കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ലഭിക്കുന്നതിനാൽ സ്വകാര്യ ബസുകളിൽ ആളുകൾ കയറാത്ത അവസ്ഥയാണ് എന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. പദ്ധതിക്കെതിരെ 2 സ്വകാര്യ ബസ്സുടമകളാണ് കോമ്പറ്റീഷൻ കമ്മീഷനിൽ പരാതി നൽകിയിരുന്നത്. എന്നാൽ ഇത് കമ്മീഷൻ നിയമത്തിന്റെ പരിധിയിൽ വരാത്ത കാര്യമാണെന്ന് ചെയർപേഴ്സൺ രവ്നീത് കൗർ, അംഗങ്ങളായ ശ്വേത കക്കാർ, ദീപക് അനുരാഗ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ക്ഷേമ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിന് പൂർണ്ണ അധികാരമുണ്ട് എന്ന് വ്യക്തമാക്കിയ കമ്മീഷൻ ആ അധികാരപരിധിയിലേക്ക് കടന്നു കയറാൻ തങ്ങൾക്ക് കഴിയില്ല എന്നും ഉത്തരവിൽ ചൂണ്ടി കാണിക്കുന്നു. പരാതി തള്ളിയത് സ്വകാര്യ ബസ്സുടമകളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. തങ്ങൾക്ക് അനുഭാവപൂർണ്ണമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എങ്കിൽ ബസ് സമരം ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് നേരത്തെ ബസ്സുടമകൾ പറഞ്ഞിരുന്നു.
English Summary
Relief for the state government regarding the Priyadarshini scheme: The Competition Commission of India (CCI) has dismissed a complaint filed by private bus owners against the state government’s Priyadarshini scheme, which offers free travel for women on KSRTC buses.