രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കുറ്റപത്രം തയാറാക്കി പോലീസ്; ഡിസംബറിൽ കോടതിയിലെത്തും
Rahul Mamkootathil case: ബലാത്സംഗം, ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് രാഹുലിനെതിരേ രണ്ട് പീഡനക്കേസുകളിൽ കരട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഭ്രൂണഹത്യ നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ് ഒരു കേസ്.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും പാലക്കാട് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് എതിരേ രജിസ്റ്റർ ചെയ്ത രണ്ട് പീഡനക്കേസുകളിൽ കരട് കുറ്റപത്രം തയാറാക്കി പ്രത്യേക അന്വേഷണ സംഘം (SIT). ഇനി ഈ കുറ്റപത്രം സംബന്ധിച്ച് നിയമോപദേശം ലഭിച്ച ശേഷം പോലീസ് തുടർ നടപടികളിലേക്ക് കടക്കും. ബലാത്സംഗം, ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കൽ, ഭീഷണിപ്പെടുത്തൽ, വഞ്ചന, ശാരീരിക ഉപദ്രവം തുടങ്ങിയ വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് ഈ കരട് കുറ്റപത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഭ്രൂണഹത്യ നടത്തുവാൻ നിർബന്ധിക്കുകയും ചെയ്തു എന്നതാണ് ഒരു കേസ്.
ഇതര സംസ്ഥാനത്ത് പഠിക്കുന്ന യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ചു എന്നതാണ് രണ്ടാമത്തെ കേസ്. രാഹുലിനെതിരേ ആകെ മൂന്ന് കേസുകളാണ് നേരത്തെ രജിസ്റ്റർ ചെയ്തത്. അതിൽ അവസാനം രജിസ്റ്റർ ചെയ്ത തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസ് നേരത്തെ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.
രാഹുലിനെതിരായ മറ്റ് രണ്ട് കേസുകളിൽ അന്വേഷണം മാസങ്ങളായി ഇഴയുകയായിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ രാഹുലിനെതിരായ അന്വേഷണം ഏതാണ്ട് നിലച്ചിരിക്കുകയാണ് എന്ന് കരുതപ്പെട്ടിരുന്നിടത്താണ് ഇപ്പോൾ കരട് കുറ്റപത്രം തയാറായി എന്ന വിവരം പുറത്തുവന്നിരിക്കുന്നത്. എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് രാഹുലിനെതരായ പീഡനക്കേസുകൾ അന്വേഷിച്ചത്.
സിബിഐയിലേക്ക് ഡെപ്യൂട്ടേഷൻ ലഭിച്ചതോടെയാണ് പൂങ്കുഴലിക്ക് ഈ കേസിന്റെ കേസിന്റെ ചുമതല ഒഴിയേണ്ട സാഹചര്യം നേരിട്ടു. എന്നാൽ ഡെപ്യൂട്ടേഷനിൽ പോകുന്നതിന് തൊട്ടുമുൻപ് അവർ കരട് കുറ്റപത്രം പരിശോധിച്ച് അംഗീകരിക്കുകയും തുടർ നിയമോപദേശത്തിനായി ക്രൈം ബ്രാഞ്ച് ലീഗൽ ഓഫീസർക്ക് കൈമാറുകയും ചെയ്യുകയായിരുന്നു. അതേസമയം കരട് കുറ്റപത്രം തയാറായെങ്കിലും നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസിന്റെ വകുപ്പുകളിലും പ്രതിപ്പട്ടികയിലും അന്തിമ തീരുമാനമെടുക്കുക.
ഡിസംബർ പകുതിക്ക് മുൻപായി കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഭ്രൂണഹത്യക്ക് നിർബന്ധിക്കുകയും ചെയ്തെന്ന് കേസിൽ ബലാത്സംഗം, ഭ്രൂണഹത്യ, ഭീഷണി, ശാരീരികമായി ഉപദ്രവിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ വില്ലയിൽ എത്തിച്ച് പീഡിപ്പിച്ച കേസിൽ ബലാത്സംഗം, വഞ്ചനാക്കുറ്റം, ശാരീരിക ഉപദ്രവമേൽപ്പിക്കൽ വകുപ്പുകൾ ചേർത്താണ് കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
English Summary
Special Investigation Team (SIT) has prepared draft charge sheets against Rahul Mamkootathil in two cases involving sexual assault. The police have framed these draft charge sheets by invoking various legal provisions, including those related to rape, compelling a woman to undergo an abortion, criminal intimidation, cheating, and causing physical harm. The police will proceed with further action after obtaining legal advice regarding these charge sheets.