ധോണി മെന്റർ, സഹീർഖാൻ കോച്ച്: ഐപിഎല്ലിൽ ഇത്തവണ ചെന്നൈ ഒരു പൊളി പൊളിക്കും; ആവേശം വെളിപ്പെടുത്തി താരം
CSK Coach Zaheer Khan comments on MS Dhoni's new mentor role: 2027-ലെ ഐപിഎൽ താരലേലത്തിന് മുന്നോടിയായുള്ള റീറ്റെൻഷൻ പട്ടികയിൽ നിന്ന് ധോണിയെ ഒഴിവാക്കിയ ചെന്നൈ മാനേജ്‌മെന്റ്, അദ്ദേഹത്തെ ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കോച്ച് സഹീർ ഖാൻ ധോണിയുടെ പുതിയ റോളിനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തി.
ടീം മെന്ററായി ഇന്ത്യയുടെ ഇതിഹാസ താരം എംഎസ് ധോണി, കോച്ചായി ഒരുകാലത്ത് ഇന്ത്യൻ ബോളിങ് നിരയുടെ കുന്തമുനയായിരുന്ന സഹീർഖാൻ. ഈ രണ്ട് ഇതിഹാസങ്ങൾ കൂടിച്ചേരുന്നതോടെ ഇത്തവണ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് ഒരു പൊളിപൊളിക്കും എന്ന വൻ പ്രതീക്ഷയിലാണ് സിഎസ്കെ ആരാധകൾ. ടീമിലെ കളിക്കാരൻ എന്ന നിലയിൽ നിന്ന് ടീം മെന്റർ എന്ന നിലയിലേക്കുള്ള ധോണിയുടെ മാറ്റത്തെ വരവേറ്റ് കോച്ച് സഹീർ ഖാൻ ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. ധോണിയുടെ വിരമിക്കൽ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും എന്നാൽ പുതിയ റോളിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സഹീർ വ്യക്തമാക്കി.
2027-ലെ ഐപിഎൽ താരലേലത്തിന് മുന്നോടിയായുള്ള റീറ്റെൻഷൻ പട്ടികയിൽ നിന്ന് ധോണിയെ ഒഴിവാക്കിയ ചെന്നൈ മാനേജ്‌മെന്റ്, അദ്ദേഹത്തെ ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോച്ച് സഹീർ ഖാൻ പ്രതികരണവുമായി രംഗത്തെത്തിയത്. മുൻപ് ഇന്ത്യൻ ടീമിൽ ഒന്നിച്ച് കളിച്ചിട്ടുള്ള ഇരുവരും പുതിയ റോളിൽ ചെന്നൈയ്ക്കായി ഇതാദ്യമായി രംഗത്തിറങ്ങുന്നു എന്നത് 2027 ഐപിഎല്ലിലെ ശ്രദ്ധേയ സംഭവങ്ങളിലൊന്നായി മാറും.
സിഎസ്കെ 5 IPL കിരീടങ്ങൾ നേടുന്നതിൽ മഹേന്ദ്രസിങ് ധോണിക്കൊപ്പം വലിയ പങ്കുവഹിച്ച കോച്ച് സ്റ്റീഫൻ ഫ്ലെമിങ് ഏതാനും മാസങ്ങൾക്ക് രാജിവച്ചിരുന്നു. ആ ഒഴിവിലേക്ക് ആണ് സഹീർഖാൻ എത്തിയത്. സഹീർഖാൻ കോച്ചായി ചുമതലയേറ്റശേഷമുള്ള ആദ്യ ഐപിഎൽ ആണ് വരാൻ പോകുന്നത്. ഈ ഘട്ടത്തിൽ ധോണി കൂടി മെന്ററായി എത്തുന്നത് ടീമിന് കരുത്ത് കൂട്ടും എന്ന് ആരാധകർ വിശ്വസിക്കുന്നു.
ടീമിലെ ധോണിയുടെ റോൾ മാറ്റത്തെക്കുറിച്ച് സമ്മിശ്ര വികാരങ്ങളാണ് ടീമിലുള്ളവർക്കുള്ളതെന്ന് കോച്ച് സഹീർ വെളിപ്പെടുത്തി. “ഞങ്ങൾക്കെല്ലാവർക്കും വൈകാരികമായ ഒരു ആഴ്ചയായിരുന്നു ഇത്. എല്ലാ വർഷത്തെയും പോലെ ധോണി ടീമിൽ ഒരു പ്രധാന പങ്കുവഹിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ ഇത്തവണ മറ്റൊരു അവതാരത്തിലായിരിക്കും അദ്ദേഹം എത്തുക. എന്റെ ജോലിഭാരം കുറയ്ക്കാനും ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാനും അദ്ദേഹം ഒപ്പമുണ്ടാകുമെന്നതിൽ വലിയ സന്തോഷമുണ്ട്, എങ്കിലും അദ്ദേഹത്തിന്റെ വിരമിക്കൽ തീരുമാനം വൈകാരികമായി ബാധിക്കുന്നുണ്ട്” എന്ന് സഹീർ പറഞ്ഞു.
”ഈ സൈക്കിളിലെ അവസാന വർഷമായതുകൊണ്ട് തന്നെ ഇത്തരമൊരു തീരുമാനം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാൽ എപ്പോൾ, എന്ത് തീരുമാനമാണ് ശരിയെന്ന് ധോണിക്ക് കൃത്യമായി അറിയാം. വലിയ വാർത്തകളൊന്നും സൃഷ്ടിക്കാതെ വളരെ ലളിതമായാണ് അദ്ദേഹം തന്റെ തീരുമാനം അറിയിച്ചത്” – എന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ സംസാരിക്കവേ സഹീർ പറഞ്ഞു.
”തങ്ങൾക്കിടയിൽ അതിർവരമ്പുകളൊന്നുമില്ല, പദവികൾ പ്രവർത്തനങ്ങൾ സുഗമമാക്കാൻ വേണ്ടി മാത്രമുള്ളതാണ്. ഒരേ മനസ്സോടെ ടീമിനെ ഒരൊറ്റ ലക്ഷ്യത്തിലേക്ക് നയിക്കുക എന്നതാണ് പ്രധാനം. മറ്റുള്ളവരെ വിശ്വസിക്കുക എന്നതാണ് ധോണിയുടെ നേതൃത്വത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശരിയായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം താരങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും, പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വരുമ്പോൾ മാത്രമേ അദ്ദേഹം ഇടപെടുകയുള്ളൂ”- എന്ന് സഹീർഖാൻ വ്യക്തമാക്കി.
English Summary
Chennai Super Kings coach Zaheer Khan stated that Dhoni’s decision to retire came as a complete surprise, but added that he is eagerly looking forward to working with him in his new role. The Chennai management, having excluded Dhoni from the retention list ahead of the 2027 IPL player auction, has appointed him as the team’s mentor. Zaheer shared these remarks following this development.