Thiruvananthapuram Metro: തിരുവനന്തപുരം മെട്രോ, വീണ്ടും ആശയക്കുഴപ്പം; സിഎംപി എവിടെ? വിശദീകരണം തേടി സർക്കാർ
Government Seeks Explanation from KMRL Over CMP Misinformation: തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സർക്കാറിലേക്ക് സമഗ്ര മൊബിലിറ്റി പ്ലാൻ കൈമാറിയെന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, സർക്കാർ ആവശ്യപ്പെട്ടിട്ടും പുതുക്കിയ സിഎംപി രേഖ നൽകാൻ കെഎംആർഎൽ തയ്യാറായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
തിരുവനന്തപുരം മെട്രോ പദ്ധതിയുടെ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാനുമായി (CMP) ബന്ധപ്പെട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് (KMRL) സംസ്ഥാന സർക്കാർ വിശദീകരണം തേടി. ഔദ്യോഗിക നിലപാടിന് വിരുദ്ധമായി മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ട്രാൻസ്പോർട്ട് വകുപ്പ് ഈ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സർക്കാറിലേക്ക് സമഗ്ര മൊബിലിറ്റി പ്ലാൻ കൈമാറിയെന്ന രീതിയിൽ കെഎംആർഎല്ലിനെ ഉദ്ധരിച്ച് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, കഴിഞ്ഞ എട്ട് മാസത്തിലേറെയായി സർക്കാർ ആവശ്യപ്പെട്ടിട്ടും പുതുക്കിയ സിഎംപി രേഖ നൽകാൻ കെഎംആർഎൽ തയ്യാറായിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു.
ALSO READ: തിരുവനന്തപുരം മെട്രോ വന്നാൽ രോഗികൾക്കും ആശ്വാസം; യാത്ര മിനിറ്റുകൾക്കുള്ളിൽ!
കേന്ദ്രാനുമതിക്ക് തടസ്സമാകുന്നത് ജനസംഖ്യാ മാനദണ്ഡം
നിലവിൽ കെഎംആർഎൽ സമർപ്പിച്ചിരിക്കുന്ന സിഎംപി പ്രകാരം തിരുവനന്തപുരം മെട്രോയ്ക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കില്ലെന്നാണ് വിലയിരുത്തൽ. മെട്രോ റെയിൽ പദ്ധതി അനുമതിക്ക് നഗരത്തിൽ കുറഞ്ഞത് 20 ലക്ഷം ജനസംഖ്യ ഉണ്ടായിരിക്കണം എന്നതാണ് കേന്ദ്രത്തിന്റെ മാനദണ്ഡം. എന്നാൽ, കെഎംആർഎൽ തയ്യാറാക്കിയ രേഖയിൽ തിരുവനന്തപുരത്തെ ജനസംഖ്യ 16 ലക്ഷം മാത്രമായാണ് കാണിച്ചിട്ടുള്ളത്. മാനദണ്ഡങ്ങളിൽ ഈ വ്യത്യാസം നിലനിൽക്കെ പദ്ധതിക്ക് അനുമതി ലഭിക്കില്ലെന്നിരിക്കെയാണ് തെറ്റായ വിവരങ്ങൾ പ്രചരിച്ചത്.
” ജനസംഖ്യ മാനദണ്ഡം പാലിക്കാൻ പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളിലെ സമീപത്തെ പഞ്ചായത്തുകളെയും സബർബൻ ഇടനാഴികളെയും ഉൾക്കൊള്ളുന്ന വിശാലമായ നഗര സംയോജന മാതൃക ഉൾപ്പെടുത്തി, ഗതാഗത സർവേകൾ, യാത്രാ ആവശ്യകത മോഡലിങ്, ഗതാഗത വിശകലനം, സോണിങ് കൂടാതെ തദ്ദേശ സ്വയംഭരണ വകുപ്പ്, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പ്, തിരുവനന്തപുരം കോർപറേഷൻ എന്നിവരുമായുള്ള കൂടിയാലോചനകൾക്ക് ശേഷമാണ് സിഎംപി തയ്യാറാക്കിയത്” എന്നിങ്ങനെയെല്ലാമായിരുന്നു വാർത്തകൾ പ്രചരിച്ചത്.
തലസ്ഥാന വാസികളുടെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു തിരുവനന്തപുരം മെട്രോ. എന്നാൽ നിലവിൽ നേരിടുന്ന തടസ്സങ്ങളും വെല്ലുവിളികളും വീണ്ടും കാത്തിരിപ്പ് ഉയർത്തുകയാണ്. മെട്രോ വന്നാൽ, തലസ്ഥാന വാസികൾക്ക് മാത്രമല്ല, അയൽ ജില്ലക്കാർക്കും ടെക്കികൾക്കും മെഡിക്കൽ കോളേജ്, ആർസിസി എന്നിവിടങ്ങളിൽ വരുന്നവർക്കും ഏറെ ഉപകാരപ്രദമാകും.
കൊച്ചി മെട്രോ എംഡി സ്ഥാനം
നിലവിലെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിൽ പുതിയ എംഡിയെ കണ്ടെത്താനുള്ള ചർച്ചകളും സജീവമാണ്. മുൻ ഡിജിപി കെ. പദ്മകുമാറിനാണ് ഈ സ്ഥാനത്തേക്ക് മുൻഗണന ലഭിക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ എം. ബീനയുടെ പേരും സജീവ പരിഗണനയിലുണ്ട്.
English Summary:
Kerala government has sought an explanation from Kochi Metro Rail Ltd (KMRL) over media reports regarding the Comprehensive Mobility Plan (CMP) for the proposed Thiruvananthapuram Metro project.