തുടർച്ചയായ 2-ാം ദിവസവും തൃശൂരിൽ വൻ അപകടം: കാർ ബൈക്കിലിടിച്ച് മൂന്ന് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നുപേർ മരിച്ചു
Three people died after a car hit a bike in Kunnamkulam: കുന്നംകുളം ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിൽ ഇടിച്ച് മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മൂന്നുവയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.

Three People Died After A Car Hit A Bike In Kunnamkulam
കുന്നംകുളം: തൃശൂരിനെ നടുക്കി തുടർച്ചയായ രണ്ടാം ദിവസവും വൻ വാഹനാപകടം. കുന്നംകുളം ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിൽ ഇടിച്ച് മൂന്നുവയസ്സുള്ള കുട്ടി ഉൾപ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ (35), ഷിഫ്ന (24), മൂന്നുവയസ്സുള്ള മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. ശനിയാഴ്ച രാത്രി 11.40-നാണ് അപകടം ഉണ്ടായത്. അതിവേഗതയിൽ എത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ചതിനുശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടൻ തന്നെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ദയ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മുനീറും ഷിഫ്നയും മരിച്ചിരുന്നു. ഇവരുടെ മകൻ എമിൽ ഐബക്ക് ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ALSO READ: ‘ഇനി ഒരു ജീവൻ പോലും പൊലിയരുത്’; ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്ടറുടെ നിർദ്ദേശം
കഴിഞ്ഞ ദിവസം രാത്രി കയ്പമംഗലത്ത് ഉണ്ടായ വാഹനാപകടത്തിൽ എട്ട് പേർ അതിദാരുണമായി കൊല്ലപ്പെട്ട സംഭവം കേരളത്തെയാകെ നടുക്കിയിരുന്നു. കയ്പമംഗലം പനമ്പിക്കുന്നിൽ ദേശീയപാത 66-ൽ നിർത്തിയിട്ടിരുന്ന ലോറിയിലിൽ കാറിടിച്ച് ഡിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ ആണ് മരിച്ചത്. ഈ അപകടത്തിന്റെ നടുക്കം മാറും മുമ്പേയാണ് ഇപ്പോൾ വീണ്ടും മൂന്ന് വയസുകാരൻ ഉൾപ്പെട്ട അതിദാരുണമായ മറ്റൊരു അപകടം കൂടി തൃശൂരിൽ ഉണ്ടായിരിക്കുന്നത്.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെയായിരുന്നു കയ്പമംഗലം ദേശീയപാതയിൽ എട്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്. നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറിയ കാർ പൂർണമായും തകർന്നു. ആറുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാക്കി രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തെറ്റായ ദിശയിൽ ലോറി പാർക്ക് ചെയ്തതാണ് അപകടകാരണം എന്നാതായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം.
അപകടസമയത്ത് ലോറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവറെ നാട്ടുകാരാണ് വിളിച്ചുണർത്തിയത്. തുടർന്ന് ഇയാൾ വണ്ടി അവിടുന്ന് മാറ്റിയിട്ട ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടിയിലായി. സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ലോറി ഡ്രൈവർക്കായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയിരിക്കെ, ഉച്ചയ്ക്ക് ശേഷം കയ്പമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ട നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ദേശീയപാതയിലെ ഡിവൈഡറുകൾ മറയ്ക്കുന്ന രീതിയിൽ ചരക്കുലോറി അലക്ഷ്യമായി നിർത്തിയിട്ടതാണ് കയ്പമംഗലത്തെ വൻ അപകടത്തിലേക്ക് നയിച്ചതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും വിലയിരുത്തൽ. പുണെ സ്വദേശിയായ ലോറി ഡ്രൈാർ ദൂക്കാറാം കംപ്ലയെ നിലവിൽ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും അതിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും പോലീസ് വ്യക്തമാക്കി.
English Summary
Three bikers, including a three-year-old child, died after a car hit a bike at Kurukkanpara Center near Arthat Church in Kunnamkulam. The deceased have been identified as Muneer (35), Shifna (24) and their three-year-old son Emil Aibak, natives of Edakkazhiyoor. Eyewitnesses said that the car driver was drunk. The accident occurred at 11.40 pm on Saturday. The speeding car hit the bikers and then crashed into a nearby electricity post.