Vipanchika Death: ജീവനറ്റ് തിരികെ, വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
Vipanchika death case: ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്.
ഷാർജയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാളെ രാവിലെ 10 ന് ഷാർജയിൽ എംബാം ചെയ്യും. തുടർന്ന് നാളെ വൈകിട്ട് 5.40നുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മകൾ വൈഭവിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ദുബായ് ജബൽഅലി ന്യൂ സോണാപൂർ ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. മൃതദേഹങ്ങൾ രണ്ടും നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നത്. വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കുടുംബം ആവശ്യപ്പെടുമെന്നാണ് വിവരം.
ഈ മാസം എട്ടാം തീയതിയാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കുകയായിരുന്നു.
ഭർത്താവ് നിതീഷും അദ്ദേഹത്തിന്റെ സഹോദരി നീതുവും പിതാവ് മോഹനനും ചേർന്ന് വിപഞ്ചികയെ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന ആരോപണവുമായി വിപഞ്ചികയുടെ കുടുംബം രംഗത്തെത്തിയിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുണ്ടറ പോലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.