VV Rajesh: ‘കണ്ണിലെ കൃഷ്ണമണിപോലെ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു;എല്ലാ വാഗ്ദാനങ്ങളും പാലിക്കും’; വി.വി.രാജേഷ്
Thiruvananthapuram Corporation Mayor Candidate VV Rajesh: തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും സാമ്പത്തികമായും മറ്റുവിധത്തിലും പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി വി.വി. രാജേഷ്. വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യമുണ്ടെന്നും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി തീരുമാനമനുസരിച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനമെന്നും ആ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കോർപ്പറേഷനിലെ ബിജെപിയുടെ വിജയം സാധാരണ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങളെല്ലാം സമയബന്ധിതമായി നടപ്പിലാക്കുമെന്നും സാമ്പത്തികമായും മറ്റുവിധത്തിലും പിന്തുണയ്ക്കാൻ കേന്ദ്ര സർക്കാരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:തലസ്ഥാനത്ത് കോർപ്പറേഷൻ മേയർ വിവി രാജേഷ്; ചർച്ചകൾക്കൊടുവിൽ തീരുമാനം
വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മേയർ തിരഞ്ഞെടുപ്പടക്കം എല്ലാ തിരഞ്ഞെടുപ്പുകളെയും ബിജെപി ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തെരുവ് നായകളെ കൂട്ടിലടയ്ക്കണം എന്നതാണ് ആദ്യം മനസ്സിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ച് വർഷം അഴിമതിക്കെതിരായ പോരാട്ടം ഭരണത്തിലെത്താൻ സഹായിച്ചുവെന്നും ശക്തമായ പ്രതിപക്ഷമുള്ളതിനെ സന്തോഷത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് വൈകിട്ട് ജില്ല കമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷമാണ് മോയർ സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത്. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ആണ് പേരുകൾ പ്രഖ്യാപിച്ചത്.