Railway Update: തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യൽ ഇനിയത്ര എളുപ്പമല്ല; ധൻബാദ് എക്സ്പ്രസിൽ ഉൾപ്പെടെ പുതിയ പരിഷ്കരണം
Tatkal Ticket Booking: തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യൽ ഇനിയത്ര എളുപ്പമല്ല. ആലപ്പുഴ - ധൻബാദ് എക്സ്പ്രസിലടക്കം പുതിയ നിബന്ധനയുണ്ട്.
തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പുതിയ നിബന്ധനയുമായി ദക്ഷിണ റെയിൽവേ. ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസിലടക്കം തത്കാൽ ബുക്കിംഗ് ഇനി അത്ര എളുപ്പമല്ല. ദുരുപയോഗം തടയാനും സുരക്ഷ വർധിപ്പിക്കാനുമാണ് പുതിയ നിബന്ധന നടപ്പിലാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
തത്കാൽ ടിക്കറ്റ് ബുക്കിംഗിനായി വൺ ടൈം പാസ്‌വേർഡ് ഇനി നിർബന്ധമാണ്. കുറച്ചുനാളുകളായി നടപ്പിലാക്കിവന്നിരുന്ന ഈ നിബന്ധന അഞ്ച് പുതിയ ട്രെയിനുകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
ട്രെയിൻ നമ്പർ 13352 ആലപ്പുഴയിൽ നിന്ന് ധൻബാദിലേക്കുള്ള ധൻബാദ് എക്സ്പ്രസിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കിൽ ഇനിമുതൽ ഒടിപി നിർബന്ധമാണ്. ട്രെയിൻ നമ്പർ 12656 ചെന്നൈ സെൻട്രൽ – അഹ്മദാബാദ് നവജീവൻ എക്സ്പ്രസ്, ട്രെയിൻ നമ്പർ 12842 ചെന്നൈ – ഹൗറ കോറമാണ്ടൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 22158 ചെന്നൈ എഗ്മോർ – മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ട്രെയിൻ നമ്പർ 22160 ചെന്നൈ സെൻട്രൽ – മുംബൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ തത്കാൽ ടിക്കറ്റ് എടുക്കാനും ഒടിപി നിർബന്ധമാണ്.
ക്രിസ്തുമസ് – പുതുവത്സര സീസൺ പരിഗണിച്ച് നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി ദക്ഷിണ റെയിൽവേ അനുവദിച്ചിരുന്നു. ഒരു എസി ത്രീ ടയർ കോച്ചും ഒരു സ്ലീപ്പർ കോച്ചുമാണ് രാജ്യറാണി എക്സ്പ്രസിൽ അധികമായി അനുവദിച്ചിരിക്കുന്നത്. ഇതോടെ ട്രെയിനിലെ ആകെ കോച്ചുകൾ 14ൽ നിന്ന് 16 ആയി. ഡിസംബർ 31മുതലാണ് 16 കോച്ചുകളുള്ള രാജ്യറാണി എക്സ്പ്രസ് സർവീസ് ആരംഭിക്കുക.