Asthram Recipe: ചേനയും ചേമ്പും കാച്ചിലും കപ്പയും ചേർത്ത തനിനാടൻ അസ്ത്രം; റെസിപ്പി ഇതാ
Kerala Traditional Asthram Recipe In Malayalam: കഞ്ഞിയും അസ്ത്രവും അച്ചാറും പപ്പടവും ഉണ്ടെങ്കിലും ഒരു നേരത്തെ ആഹാരം കുശാലാകും. ചേന, ചേമ്പ്, കാച്ചിൽ, പച്ച നേന്ത്രക്കായ, കപ്പ, വൻപയർ തുടങ്ങിയവയെല്ലാം ചേർത്ത് തേങ്ങാപ്പാലിന്റെയും മസാലകളുടെയും സ്വാദിൽ തയ്യാറാക്കുന്ന ഈ കൂട്ടുകറി ചോറിനും കഞ്ഞിക്കുമൊപ്പം അസാധ്യ രുചിയാണ് നൽകുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ തനിനാടൻ അസ്ത്രം റെസിപ്പി നമുക്ക് നോക്കിയാലോ.

അസ്ത്രം
കേരളത്തിൻ്റെ പഴമയും നാട്ടുരുചിയും ഒത്തുചേരുന്ന വിഭവമാണ് നാടൻ അസ്ത്രം. തെക്കൻ കേരളത്തിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ശബരിമല മണ്ഡലകാലം പിറന്നാൽ മിക്ക വീടുകളിലും ഇതൊരു പ്രധാന കറിയാണ്. കഞ്ഞിയും അസ്ത്രവും അച്ചാറും പപ്പടവും ഉണ്ടെങ്കിലും ഒരു നേരത്തെ ആഹാരം കുശാലാകും. ചേന, ചേമ്പ്, കാച്ചിൽ, പച്ച നേന്ത്രക്കായ, കപ്പ, വൻപയർ തുടങ്ങിയവയെല്ലാം ചേർത്ത് തേങ്ങാപ്പാലിന്റെയും മസാലകളുടെയും സ്വാദിൽ തയ്യാറാക്കുന്ന ഈ കൂട്ടുകറി ചോറിനും കഞ്ഞിക്കുമൊപ്പം അസാധ്യ രുചിയാണ് നൽകുന്നത്. വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ തനിനാടൻ അസ്ത്രം റെസിപ്പി നമുക്ക് നോക്കിയാലോ.
ALSO READ: ഇളനീർ ഇല്ലാതെ ഇളനീർ ഹൽവയോ? പച്ചത്തേങ്ങ മാത്രം മതി; കിടിലൻ ഹൽവ വീട്ടിൽ തയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മത്തങ്ങ, പച്ച നേന്ത്രക്കായ, വൻപയർ (മൂന്നാല് മണിക്കൂർ കുതിർത്ത് വച്ചത്), മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ്, വെള്ളം, ചിരകിയ തേങ്ങ, കാന്താരി മുളക്, കൊച്ചുള്ളി- 3, 4 എണ്ണം, ജീരകം, വെളുത്തുള്ളി, കറിവേപ്പില, വെളിച്ചെണ്ണ, കടുക്, വറ്റൽമുളക് എന്നിവയാണ് അസ്ത്രം തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ കപ്പ, ചേന, ചേമ്പ്, കാച്ചിൽ, മത്തങ്ങ, പച്ച നേന്ത്രക്കായ ഇവയെല്ലാം തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി അരിഞ്ഞ് വൃത്തിയാക്കി വയ്ക്കുക. ശേഷം ചേന, ചേമ്പ്, കാച്ചിൽ, മത്തങ്ങ, പച്ച നേന്ത്രക്കായ എന്നിവ ക്യൂബ് പോലെ കഷണങ്ങളാക്കി കുക്കറിലേക്ക് ഇടുക. കപ്പ വേറെ വേവിക്കുന്നതാണ് ഉചിതം. ശേഷം കുക്കറിലേക്ക് മൂന്നാല് മണിക്കൂർ കുതിർത്തുവച്ച വൻപയർ ചേർത്തുകൊടുക്കാം. അതിലേക്ക് അല്പം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് കുക്കർ അടച്ച് വച്ച് വേവിക്കാം.
ഈ സമയം കപ്പകൂടി വേവിക്കാൻ വയ്ക്കുക. എന്നിട്ട് കുക്കറിൽ ഒരു മൂന്ന് നാല് വിസിൽ വന്നാൽ സ്റ്റൗ ഓഫ് ചെയ്ത് വേവിച്ച് വച്ചിരിക്കുന്ന കപ്പ കൂടി ചേർത്ത് നന്നായി ഉടച്ചെടുക്കാം. ഇനിയാണ് അരപ്പ് തയ്യാറാക്കേണ്ടത്. ചിരകിയ തേങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് മൂന്ന് കൊച്ചുള്ളി, രണ്ട് വെളുത്തുള്ളി, പച്ചമുളക്/ കാന്താരി മുളക്, ജീരകം എന്നിവ ചേർത്ത് അരച്ചെടുക്കാം. ഈ മിക്സ് നേരെ കുക്കറിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം തേങ്ങയുടെ പച്ചമണം മാറുന്നതുവരെ നന്നായി തിളപ്പിക്കുക.
ഈ സമയംകൊണ്ട് താളിപ്പ് തയ്യാറാക്കാം. ഒരു ചീനചട്ടിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ കടുകിട്ട് പൊട്ടിക്കുക. അതിലേക്ക് കൊച്ചുള്ളി ചെറുതായി അരിഞ്ഞതും വറ്റൽമുളകും കറിവേപ്പിലയും കൂടി ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. കരിഞ്ഞുപോകാതെ സൂക്ഷിക്കണം. മൂത്ത് വരുമ്പോൾ അല്പം മുളകുപൊടി കൂടി ചേർക്കാം. ശേഷം സ്റ്റൗ ഓഫ് ചെയ്ത് തയ്യാറാക്കി വച്ചിരിക്കുന്ന അസ്ത്രത്തിലേക്ക് ഒഴിച്ചുകൊടുക്കാം. രുചികരമായ നാടൻ അസ്ത്രം റെഡി. ഇത് ചോറിൻ്റെ കൂടെയും കഞ്ഞിയുടെ കൂടെയും അസലാണ്.
English Summary:
Learn how to make traditional Kerala Asthram recipe for the Sabarimala season in Malayalam. Step-by-step ingredients and cooking tips included.