Memory Tips: പഠിച്ചതെല്ലാം മറന്ന് പോയോ? ടെൻഷൻ വേണ്ട, ചെയ്യേണ്ടത് വെറും 5 കാര്യം
How to Improve Memory Power: ടെൻഷനടിക്കുന്നതിന് പകരം യഥാർത്ഥ പ്രശ്നം തിരിച്ചറിയുകയാണ് വേണ്ടത്. ആത്മവിശ്വാസം വർധിപ്പിച്ച് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില സൂത്രവഴികൾ പരിചയപ്പെട്ടാലോ.....
പരീക്ഷാക്കാലമായാൽ കേൾക്കുന്ന പരാതിയാണ് ‘എല്ലാം പഠിച്ചതാണ്, പക്ഷേ പരീക്ഷാഹാളിൽ എത്തുമ്പോൾ മറന്നുപോകുന്നു’ എന്നത്. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്? ഇവിടെ ടെൻഷനടിക്കുന്നതിന് പകരം യഥാർത്ഥ പ്രശ്നം തിരിച്ചറിയുകയാണ് വേണ്ടത്. ആത്മവിശ്വാസം വർധിപ്പിച്ച് പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നിങ്ങളെ സഹായിക്കുന്ന ചില സൂത്രവഴികൾ പരിചയപ്പെട്ടാലോ…..
ഓർമ്മശക്തി കൂട്ടാൻ ഇതാ ചില വഴികൾ
ആവർത്തനം
പഠിച്ചത് പല തവണ വായിച്ച് നോക്കുന്നത് നല്ലതാണ്. ഇങ്ങനെ പഠിച്ച കാര്യങ്ങൾ പലതവണ ആവർത്തിച്ചു വായിക്കുന്നത് നിങ്ങളുടെ ദീർഘകാല ഓർമ്മയിൽ വിവരങ്ങൾ സൂക്ഷിക്കാൻ സഹായിക്കും. പുതിയൊരു വാക്കോ സമവാക്യമോ പഠിക്കുമ്പോൾ അത് പ്രായോഗികമായി ഉപയോഗിച്ചു നോക്കുക. ഉദാഹരണത്തിന് പുതിയ ഒരു വാക്കു പഠിച്ചെന്നു കരുതുക. ആ വാക്ക് വാചകത്തിൽ ഉൾപ്പെടുത്തി ഉപയോഗിച്ചു നോക്കുമ്പോൾ ആ സന്ദർഭം കൂടി ഓർമയിൽ ഉറയ്ക്കും.
ചങ്കിങ് രീതി
സങ്കീർണ്ണമായ വലിയ കാര്യങ്ങളെ ചെറിയ ഭാഗങ്ങളായി തിരിച്ച് പഠിക്കുക എന്നതാണ് ഇതിലൂടെ അർത്ഥമാക്കുന്നത്. ഉദാഹരണത്തിന്, 12 അക്കമുള്ള ആധാർ നമ്പർ നാല് അക്കങ്ങൾ വീതമുള്ള മൂന്ന് ഭാഗങ്ങളായി തിരിച്ച് ഓർമ്മിക്കുന്നത് പോലെ പഠനവിഷയങ്ങളെയും എളുപ്പമാക്കാവുന്നതാണ്.
ചുരുക്കെഴുത്തുകൾ
ഓർത്തിരിക്കേണ്ട വലിയ വാചകങ്ങളുടെ ആദ്യ അക്ഷരങ്ങൾ ചേർത്ത് ചുരുക്കെഴുത്തുകൾ ഉണ്ടാക്കാം. ഇത് പെട്ടെന്ന് ഓർത്തെടുക്കാൻ സഹായിക്കും. ഇതിനെ അക്രോണിമുകൾ എന്നാണ് പറയുന്നത്. സാധാരണയായി നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നതിന്റെ ഷോർട് ഫോം ആയി ന്യൂസ് എന്ന് പറയാറില്ലേ, അതുപോലെ തന്നെ.
ALSO READ: ഡയറ്റ് ചെയ്യുന്നവർക്കും സ്റ്റാക്സ് കഴിക്കാം, ദാ ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ചെയിനിങ്, അസോസിയേഷൻ മെമ്മറി
പഠിക്കാനുള്ള വിവരങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഒരു കൊച്ചു കഥ പോലെ മെനഞ്ഞെടുക്കാം. ഇത് താൽപ്പര്യവും ഓർമ്മയും വർദ്ധിപ്പിക്കും. അതുപോലെ പുതിയ വിവരങ്ങളെ നമുക്ക് നേരത്തെ അറിയാവുന്ന കാര്യങ്ങളുമായി ബന്ധിപ്പിച്ച് പഠിക്കുന്ന രീതിയാണ് അസോസിയേഷൻ മെമ്മറി. വിവരങ്ങൾ വിഷ്വലുകളായി കാണാൻ ശ്രമിക്കുന്നതും നല്ലതാണ്.
നല്ല ഉറക്കവും ഭക്ഷണവും
പരീക്ഷയെത്തിയാൽ ഉറക്കമിളച്ച് പഠിക്കുന്നവർ ധാരാളമാണ്. എന്നാൽ ഇത് ഒരിക്കലും ഗുണം ചെയ്യില്ല. രാത്രിയിൽ ആവശ്യത്തിന് ഉറക്കം ലഭിക്കുമ്പോഴാണ് തലച്ചോറ് വിവരങ്ങൾ കൃത്യമായി അടുക്കിവെക്കുന്നത്. അതുകൊണ്ട് കൃത്യമായി ഉറങ്ങാൻ ശ്രദ്ധിക്കുക. കൂടാതെ ഭക്ഷണത്തിൽ വാൾനട്ട്, ബദാം തുടങ്ങിയ നട്സുകൾ ഉൾപ്പെടുത്തുന്നതും ഗുണകരമാണ്.