Coriander Leaf: സൗജന്യമായി കിട്ടിയിരുന്ന കാലം കഴിഞ്ഞു; 2025-ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട താരം മല്ലിയില
മല്ലിയില പോലുള്ള പെട്ടെന്ന് വാടിപ്പോകുന്ന ഇലക്കറികൾ ഫ്രഷ് ആയി തന്നെ ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ബെംഗളൂരു: ഇന്ത്യൻ അടുക്കളകളിലെ വിഭവങ്ങൾക്ക് രുചിയും മണവും പകരുന്ന മല്ലിയിലയുടെ വിപണി മൂല്യം കുതിച്ചുയരുന്നു. 2025-ൽ ഇന്ത്യയിലെ നഗരങ്ങളിൽ ഏറ്റവും അധികം ഓർഡർ ചെയ്യപ്പെട്ട ഇനമായി മല്ലിയില മാറിയെന്നാണ് ഇന്ത്യയിലെ ആദ്യ സീറോ-സ്റ്റോക്ക് ഫ്രഷ് കൊമേഴ്സ് സ്റ്റാർട്ടപ്പായ ഹാൻഡ്പിക്ക്ഡ്’പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
പണ്ട് പച്ചക്കറി വാങ്ങി മടങ്ങുമ്പോൾ കടക്കാരൻ സഞ്ചിയിൽ വെറുതെ ഇട്ടുതന്നിരുന്ന മല്ലിയിലയ്ക്ക് ഇന്ന് ആവശ്യക്കാർ ഏറുകയാണ്. മല്ലിയിലയും പച്ചമുളകും അടങ്ങിയ കോംബോ പാക്കുകൾക്ക് മാത്രം 24,000-ത്തിലധികം ഓർഡറുകളാണ് ഈ വർഷം ലഭിച്ചത്. ഏറ്റവും കൂടുതൽ തവണ റീ-ഓർഡർ ചെയ്യപ്പെട്ട ഇനങ്ങളുടെ പട്ടികയിലും മല്ലിയില ഇടംപിടിച്ചു.
ആഴ്ചകളോളം പച്ചക്കറികൾ വാങ്ങി ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന രീതിക്ക് പകരം, പാചകം ചെയ്യുന്നതിന് തൊട്ടുമുമ്പ് ഫ്രഷ് ആയി സാധനങ്ങൾ ഓർഡർ ചെയ്യുന്ന ‘ക്വിക്ക് കൊമേഴ്സ്’ രീതി നഗരങ്ങളിൽ വ്യാപകമായതാണ് ഈ മാറ്റത്തിന് പിന്നിൽ. മല്ലിയില പോലുള്ള പെട്ടെന്ന് വാടിപ്പോകുന്ന ഇലക്കറികൾ ഫ്രഷ് ആയി തന്നെ ഉപഭോക്താക്കളിലേക്ക് എത്തുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
മറ്റ് തരംഗങ്ങൾ
തക്കാളിയാണ് ഏറ്റവും കൂടുതൽ റീ-ഓർഡർ ചെയ്യപ്പെട്ട മറ്റൊരു ഇനം. ഇഞ്ചി, കാപ്‌സിക്കം, ചുരയ്ക്ക, കോളിഫ്‌ളവർ, ഉള്ളി എന്നിവയും മുൻനിരയിലുണ്ട്. അവക്കാഡോ പോലുള്ള വിദേശ പഴങ്ങൾക്കും ആവശ്യക്കാർ വർദ്ധിച്ചു. പഴങ്ങളിൽ റോബസ്റ്റ വാഴപ്പഴത്തിനാണ് പ്രിയം. പാക്കേജ് ചെയ്ത പാനീയങ്ങളെ അപേക്ഷിച്ച് ഫ്രഷ് ഇളനീരിനും ആവശ്യക്കാർ ഏറിയിട്ടുണ്ട്. ഫ്രഷ് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യുന്നതിൽ ഇന്ത്യയിലെ നഗരങ്ങളിൽ ഹരിയാനയിലെ ഗുരുഗ്രാം ആണ് ഒന്നാമത്. 5,90,149 ഓർഡറുകളുമായി ഗുരുഗ്രാം മുന്നിലെത്തിയപ്പോൾ നോയിഡ, ബെംഗളൂരു തുടങ്ങിയ നഗരങ്ങൾ തൊട്ടുപിന്നാലെയുണ്ട്.
Also Read – ചക്ക മതി ഇനി ഗംഭീരം ഷവർമ ഉണ്ടാക്കാൻ… വഴി ഇതാ
ആരോഗ്യഗുണങ്ങളേറെ
- വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയാൽ സമ്പന്നമായ മല്ലിയില ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തമാക്കാൻ സഹായിക്കുന്നു.
- ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും മല്ലിയില സഹായിക്കും. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും നല്ലതാണ്.
- മല്ലിയിലയിലെ ചില എൻസൈമുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഗുണകരമാണ്.
- ദഹനരസങ്ങളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ മല്ലിയില സഹായിക്കുന്നു. ഇത് ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തമമാണ്.
- ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവ് തടയാൻ ഇത് സഹായിക്കും.
- വിറ്റാമിൻ കെ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങൾ തടയാനും മല്ലിയില സഹായിക്കുന്നു.
- ആൻറി ഓക്സിഡന്റുകളും ആന്റി ഫംഗൽ ഗുണങ്ങളും ഉള്ളതിനാൽ മുഖക്കുരു, ചർമ്മത്തിലെ അണുബാധകൾ എന്നിവ കുറയ്ക്കാൻ മല്ലിയില സഹായിക്കും.