നടത്തവും ഓട്ടവും കൊണ്ട് മാത്രം നിങ്ങളുടെ വണ്ണം കുറയുമോ? വ്യായാമം ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Beyond Walking and Running: The Hidden Benefits of Weight Training for Fitness: വെയ്റ്റ് ട്രെയിനിംഗ് എന്ന് കേൾക്കുമ്പോൾ വലിയ ജിം ഉപകരണങ്ങൾ ഉപയോഗിച്ച് ഭാരം ഉയർത്തുന്നതാണ് പലരുടെയും ധാരണ. എന്നാൽ ഇതിനായി ഭാരമേറിയ ഉപകരണങ്ങൾ തന്നെ ഉപയോഗിക്കണമെന്നില്ല. പകരം ലളിതമായ ഡംബെൽസ്, റെസിസ്റ്റൻസ് ബാൻഡ് എന്നിവ ഉപയോഗിച്ചും, സ്ക്വാട്സ് പോലെയുള്ള ബോഡി വെയ്റ്റ് വ്യായാമങ്ങളിലൂടെയും സ്ട്രെങ്ത് ട്രെയിനിംഗ് പരിശീലിക്കാവുന്നതാണ്

പ്രതീകാത്മക ചിത്രം
നമ്മുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നിർബ്ബന്ധമായും ചെയ്യേണ്ട ഒന്നാണ് കൃത്യമായ വ്യായാമം. വ്യായാമം ചെയ്യാൻ തുടങ്ങുകയാണെന്ന് പറയുമ്പോൾ ഭൂരിഭാഗം ആളുകളുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് നടത്തം, ഓട്ടം, സൈക്ലിംഗ് തുടങ്ങിയ കാർഡിയോ വ്യായാമങ്ങളാണ്. ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരഭാരം വേഗത്തിൽ കുറയ്ക്കാനും കാർഡിയോ വ്യായാമങ്ങൾ മികച്ചതാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ കാർഡിയോ മാത്രം ചെയ്യുന്നത് കൊണ്ട് കാര്യമില്ല എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.
കാർഡിയോ വ്യായാമങ്ങൾ ഹൃദയത്തിൻ്റെയും പേശികളുടെയും പ്രവർത്തനക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെങ്കിലും, പേശികളുടെ കരുത്തും വലിപ്പവും വർധിപ്പിക്കാൻ ഈ വ്യായാമ രീതികൊണ്ട് മാത്രം സാധിക്കില്ല എന്നതാണ് പ്രധാന പോരായ്മ. ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കാർഡിയോ മാത്രം ചെയ്യുമ്പോൾ, ശരീരത്തിലെ കൊഴുപ്പിനൊപ്പം പേശികളും നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങളും ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. അതിനാൽ കാർഡിയോയ്ക്ക് ഒപ്പം തന്നെ വെയ്റ്റ് ട്രെയിനിംഗ് കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്.
Also Read: സ്ത്രീകൾ എന്തുകൊണ്ട് ജിമ്മിൽ പോകണം? അറിയാം ഗുണങ്ങളും മാറ്റങ്ങളും!
പേശികൾക്ക് കൂടുതൽ ബലം നൽകാനും, പ്രായമാകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പേശികളുടെ ബലക്കുറവ് തടയാനും സ്ട്രെങ്ത് ട്രെയിനിംഗ് സഹായിക്കും. കൂടാതെ നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിൻ്റെ ബാലൻസ് നിലനിർത്താനും ഇത് മികച്ചതാണ്. വെയ്റ്റ് ട്രെയിനിംഗ് എന്ന് കേൾക്കുമ്പോൾ വലിയ ജിം ഉപകരണങ്ങൾ ഉപയോഗിച്ച് ഭാരം ഉയർത്തുന്നതാണ് പലരുടെയും ധാരണ. എന്നാൽ ഇതിനായി ഭാരമേറിയ ഉപകരണങ്ങൾ തന്നെ ഉപയോഗിക്കണമെന്നില്ല. പകരം ലളിതമായ ഡംബെൽസ്, റെസിസ്റ്റൻസ് ബാൻഡ് എന്നിവ ഉപയോഗിച്ചും, സ്ക്വാട്സ് പോലെയുള്ള ബോഡി വെയ്റ്റ് വ്യായാമങ്ങളിലൂടെയും സ്ട്രെങ്ത് ട്രെയിനിംഗ് പരിശീലിക്കാവുന്നതാണ്.
കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിന് മികച്ച ആകൃതി നൽകാനും കാർഡിയോയോടൊപ്പം വെയ്റ്റ് ട്രെയിനിംഗും ഒരുമിച്ച് കൊണ്ടുപോകണം. ഇത് രണ്ടും കൂടിച്ചേരുമ്പോൾ വ്യായാമത്തിൻ്റെ ഫലം ഇരട്ടിയാകും. തുടക്കക്കാർക്ക് കാർഡിയോയിൽ വ്യായാമം ആരംഭിച്ച് പിന്നീട് പതിയെ വെയ്റ്റ് ട്രെയിനിംഗും ഇതിനൊപ്പം ഉൾപ്പെടുത്താവുന്നതാണ്. മുതിർന്ന ഒരാൾ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് കാർഡിയോ വ്യായാമങ്ങളും, അതിനൊപ്പം ചുരുങ്ങിയത് രണ്ട് ദിവസമെങ്കിലും സ്ട്രെങ്ത് ട്രെയിനിംഗും ചെയ്യുന്നത് ഏറെ ഗുണകരമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് വ്യായാമത്തോടൊപ്പം മികച്ച ഫലം ലഭിക്കാൻ പോഷകസമൃദ്ധമായ ഭക്ഷണക്രമവും കൃത്യമായ വിശ്രമവും ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
English Summary
Relying solely on cardio for weight loss can lead to muscle loss. Health experts recommend combining cardio with weight training to build strength, burn fat effectively, and maintain overall bone health.