Eye Health: ഡാർക്ക് മോഡ് ആണോ അതോ ലൈറ്റ് മോഡ് ആണോ കണ്ണിന് നല്ലത്?; ഈ തെറ്റ് കണ്ണിൻ്റെ കാഴ്ചയെ ബാധിക്കും
Dark Mode Or Light Mode For Eye: ഡാർക്ക് മോഡ് കണ്ണുകൾക്ക് കുറഞ്ഞ സമ്മർദ്ദമെ നൽകു എന്നതാണ് ഇതിന് പിന്നിലെ പൊതുവായ ധാരണ. എന്നാൽ എപ്പോഴും ഡാർക്ക് മോഡ് കണ്ണുകൾക്ക് അത്ര നല്ലതാകണമെന്നില്ല. ഡാർക്ക് മോഡും ലൈറ്റ് മോഡും എപ്പോഴും മാറിമാറി ഉപയോഗിക്കേണ്ടവയാണ്. അവ എപ്പോൾ, എങ്ങനെ ഉപയോഗിക്കണം എന്ന് കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ കണ്ണുകൾ കൂടുതൽ കുഴപ്പത്തിലാകുകയും കാഴ്ച്ചയെ ബാധിക്കുകയും ചെയ്തേക്കാം.

പ്രതീകാത്മക ചിത്രം
രാവിലെ ഉണരുമ്പോൾ മുതൽ രാത്രി ഉറങ്ങാൻ കിടക്കുന്നത് വരെ നമ്മുടെ കൈയ്യിൽ എപ്പോഴും കാണുന്ന ഒന്നാണ് സ്മാർട്ട്‌ഫോൺ. ഈ ഡിജിറ്റൽ യുഗത്തിൽ ഭൂരിഭാഗം ആളുകളും ഫോണില്ലാതെ ഒരുനിമിഷം പോലും കഴിയാത്ത അവസ്ഥയാണ്. ഫോൺ കയ്യിലുള്ളപ്പോൾ നമ്മൾ പല മോഡുകളിലും അത് ഉപയോഗിക്കാറുണ്ട്. മിക്കവരും സ്ഥിരമായി ഓൺ ചെയ്തു വെക്കുന്ന ഒന്നാണ് ‘ഡാർക്ക് മോഡ്’ (Dark Mode). ചിലരാകട്ടെ അത് ലൈറ്റ് മോഡിലും ഉപയോഗിക്കാറുണ്ട്.
കണ്ണിന് യാതൊരു കുഴപ്പവും വരില്ല എന്ന വിശ്വാസത്തിലാണ് പലരും ഫോൺ ഡാർക്ക് മോഡിലിൽ ഉപയോഗിക്കുന്നത്. ഡാർക്ക് മോഡ് കണ്ണുകൾക്ക് കുറഞ്ഞ സമ്മർദ്ദമെ നൽകു എന്നതാണ് ഇതിന് പിന്നിലെ പൊതുവായ ധാരണ. എന്നാൽ എപ്പോഴും ഡാർക്ക് മോഡ് കണ്ണുകൾക്ക് അത്ര നല്ലതാകണമെന്നില്ല. ഡാർക്ക് മോഡും ലൈറ്റ് മോഡും എപ്പോഴും മാറിമാറി ഉപയോഗിക്കേണ്ടവയാണ്. അവ എപ്പോൾ, എങ്ങനെ ഉപയോഗിക്കണം എന്ന് കൃത്യമായി മനസ്സിലാക്കിയില്ലെങ്കിൽ കണ്ണുകൾ കൂടുതൽ കുഴപ്പത്തിലാകുകയും കാഴ്ച്ചയെ ബാധിക്കുകയും ചെയ്തേക്കാം.
ALSO READ: മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ..
ഡാർക്ക് മോഡ് vs ലൈറ്റ് മോഡ്
ലൈറ്റ് മോഡ്: വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ വരുന്ന രീതിയാണിത്. നമ്മുടെ പത്രങ്ങളും പുസ്തകങ്ങളും ഒക്കെ ഈ മാതൃകയിലാണ് പുറത്തിറക്കുന്നത്.
ഡാർക്ക് മോഡ്: കറുത്ത പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങൾ വരുന്ന രീതിയെയാണ് ഡാർക്ക് മോഡ് എന്ന് പറയുന്നത്. ഇത് സ്ക്രീനിൽ നിന്ന് പുറത്തുവരുന്ന പ്രകാശത്തെ ഗണ്യമായി കുറയ്ക്കുന്നു.
എപ്പോൾ ഏത് മോഡ് ഉപയോഗിക്കണം?
പലരും വരുത്തുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ്, പകൽ സമയത്തോ ഓഫീസിലെ വെളിച്ചത്തിലോ ഇരുന്ന് ഡാർക്ക് മോഡ് ഉപയോഗിക്കുന്നത്. ഇത് കണ്ണിന് ഇരട്ടി ദോഷം ചെയ്യും. വെളിച്ചമുള്ള സ്ഥലത്ത് ഇരിക്കുമ്പോൾ കണ്ണിന്റെ പ്യൂപ്പിൾ സ്വാഭാവികമായും ചുരുങ്ങും. എന്നാൽ ഇതേ സമയം നിങ്ങൾ ഫോണിലെ ഇരുണ്ട ഡാർക്ക് മോഡ് സ്ക്രീനിലേക്ക് നോക്കുമ്പോൾ, അക്ഷരങ്ങൾ വ്യക്തമായി കാണാൻ കണ്ണിന് കൂടുതൽ സ്ട്രെസ് എടുക്കേണ്ടി വന്നേക്കാം. ഈ ശീലം പലപ്പോഴും കണ്ണിന് ചുറ്റുമുള്ള പേശികൾക്ക് കടുത്ത സമ്മർദ്ദമുണ്ടാക്കുകയും തലവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
പകൽ സമയത്ത് എപ്പോഴും ലൈറ്റ് മോഡ് ഉപയോഗിക്കുന്നതാണ് കണ്ണിന് ഏറ്റവും നല്ലത്. വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ വായിക്കുമ്പോൾ കണ്ണിന് കൂടുതൽ വ്യക്തത ലഭിക്കുകയും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുകയും ചെയ്യും. എന്നാൽ ഇരുണ്ട അന്തരീക്ഷത്തിൽ ഫോണിൽ നിന്നുള്ള ശക്തമായ നീല വെളിച്ചം നേരിട്ട് കണ്ണിലേക്ക് അടിക്കുന്നത് തടയാൻ രാത്രി സമയങ്ങളിലും വെളിച്ചം ഇല്ലാത്തപോഴും ഡാർക്ക് മോഡ് ഉപയോഗിക്കുന്നതാണ് നല്ലത്.
കണ്ണുകളുടെ സംരക്ഷണത്തിന് ചെയ്യേണ്ടത്
ഓട്ടോമാറ്റിക്: ഫോൺ സെറ്റിങ്സിൽ പോയി ഡാർക്ക് മോഡ് ‘Sunset to Sunrise’ ആക്കി മാറ്റുക. ഇത് പകൽ സമയത്ത് ലൈറ്റ് മോഡും, രാത്രിയാകുമ്പോൾ തനിയെ ഡാർക്ക് മോഡും ഓൺ ആകുന്ന രീതിയിലേക്ക് മാറും. ഇടയ്ക്കിടെ നിങ്ങളായി മാറ്റേണ്ടി വരില്ല.
ഐ കംഫർട്ട് ഷീൽഡ്: ഫോണിലെ ‘Blue Light Filter’ എപ്പോഴും ഓൺ ചെയ്തു വെക്കുന്നത് നല്ലതാണ്. ഇത് സ്ക്രീനിലെ മഞ്ഞ വെളിച്ചം കൂട്ടി കണ്ണിന് സുരക്ഷിതത്വം നൽകും.
20-20-20 റൂൾ: ഓരോ 20 മിനിറ്റ് ഫോൺ ഉപയോഗത്തിന് ശേഷവും, 20 സെക്കൻഡ് നേരം, 20 അടി ദൂരെയുള്ള ഏതെങ്കിലും വസ്തുവിലേക്ക് നോക്കുക. ഇത് കണ്ണിൻ്റെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
English Summary:
Your phone has two display settings: dark mode and light mode. Based on visual comfort or aesthetics, people toggle between the two. The general consensus is that dark mode is less stressful on the eyes, but the answer is not simply black and white, it is far more nuanced.