Hair Growth: ഉള്ളി നീരോ റോസ്മേരി ഓയിലോ, തലമുടി വളരാൻ നല്ലതേത്?
Onion Juice vs Rosemary Oil: മുടിക്കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും പ്രായഭേദ്യമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ്. മുടിവളർച്ചയ്ക്ക് ഏറ്റവും അധികം പറഞ്ഞുകേൾക്കുന്നവയാണ് റോസ്മേരി എണ്ണയും ഉള്ളി നീരും. ഉള്ളി നീരിൽ ധാരാളം സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഇവയിൽ ഏതാണ് മികച്ചത്? പരിശോധിക്കാം....
ഭക്ഷണരീതിയിലെ മാറ്റങ്ങളും കാലാവസ്ഥയുമെല്ലാം നമ്മുടെ തലമുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. മുടിക്കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും പ്രായഭേദ്യമന്യേ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇവയ്ക്ക് പരിഹാരം കാണാൻ വിപണിയിൽ ലഭിക്കുന്ന കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ പരീക്ഷിച്ച് മടുത്തവർ പ്രകൃതിദത്ത മാർഗങ്ങളിലേക്ക് തിരിയുകയാണ്. മുടിവളർച്ചയ്ക്ക് ഏറ്റവും അധികം പറഞ്ഞുകേൾക്കുന്നവയാണ് റോസ്മേരി എണ്ണയും ഉള്ളി നീരും. എന്നാൽ ഇവയിൽ ഏതാണ് മികച്ചത്? പരിശോധിക്കാം….
ഉള്ളി നീര്
ഉള്ളി നീരിൽ ധാരാളം സൾഫർ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.മുടിയുടെ പ്രധാന പ്രോട്ടീനായ കെരാറ്റിന്റെ ഉൽപാദനത്തിന് ഇവ അത്യന്താപേക്ഷിതമാണ്. ഉള്ളി നീര് തലയിൽ തേയ്ക്കുന്നത് മുടി വേരുകളെ ശക്തമാക്കുകയും മുടി പൊട്ടി പോകുന്നത് തടയുകയും ചെയ്യുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾ അകാല നര തടയാനും ഗുണം ചെയ്യും.
അതുകൊണ്ട് തന്നെ മുടി പെട്ടെന്ന് പൊട്ടി പോകുന്നവർക്കും കട്ടിയില്ലാത്തവർക്കും അകാല നരയുള്ളവർക്കും ഉള്ളി നീര് ഉപയോഗിക്കാവുന്നതാണ്. എന്നാൽ, ഇതിന്റെ മണം എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. അലർജി ഉള്ളവർക്കും സെൻസിറ്റീവ് ചർമ്മമുള്ളവർക്കും ഇത് നേരിയ ചൊറിച്ചിലിനും മറ്റ് അസ്വസ്ഥതകൾക്കും ഇവ കാരണമായേക്കാം.
ALSO READ: മഴക്കാലത്ത് കൊതുക് ശല്യം അകറ്റാം, എളുപ്പ വഴികളിതാ..
റോസ് മേരി ഓയിൽ
വിപണിയിൽ ഏറെ ഡിമാൻഡുള്ള ഒരു ഹെയർ ഓയിലാണ് റോസ് മേരി ഓയിൽ. റോസ് മേരി വാട്ടറിനും ആവശ്യക്കാർ ഏറെയാണ്. ഇവ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുന്നു. രക്തയോട്ടം കൂടുമ്പോൾ മുടിയുടെ കോശങ്ങളിലേക്ക് കൂടുതൽ ഓക്സിജനും പോഷകങ്ങളും എത്തുകയും ഇത് പുതിയ മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യുന്നു. നല്ല സുഗന്ധമുള്ളത് കൊണ്ട് തന്നെ ഇവ ഉപയോഗിക്കാനും എല്ലാവർക്കും ഇഷ്ടമാണ്.
എന്നാൽ റോസ്മേരി എസൻഷ്യൽ ഓയിൽ ആയതിനാൽ ഒരിക്കലും ഇത് തലയിൽ നേരിട്ട് ഉപയോഗിക്കരുത്. പകരം, വെളിച്ചെണ്ണ, ബദാം ഓയിൽ പോലെയുള്ള മറ്റേതെങ്കിലും എണ്ണയിൽ ചേർത്താണ് ഉപയോഗിക്കാൻ.
മികച്ചതേത്?
ഇവ രണ്ടും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഇവ രണ്ടും വ്യത്യസ്ത രീതികളിലാണ് പ്രവർത്തിക്കുന്നത്. മുടിയുടെ യഥാർത്ഥ പ്രശ്നം എന്താണെന്ന് അറിഞ്ഞ് വേണം ഇവയിൽ നിന്നും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കാൻ. വേരുകൾക്ക് ബലമില്ലാത്തവർക്ക് ഉള്ളി നീരും പുതിയ മുടി വരാൻ ആഗ്രഹിക്കുന്നവർക്ക് റോസ്മേരി ഓയിലും തിരഞ്ഞെടുക്കാവുന്നതാണ്. തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് രക്തയോട്ടം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ചത് റോസ്മേരി ഓയിൽ തന്നെയാണ്. ഉള്ളി നീര് മസാജ് ചെയ്യുന്നതിനേക്കാൾ ഒരു ഹെയർ പാക്ക് പോലെ തലയിൽ തേച്ചുപിടിപ്പിക്കാം.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Onion juice and rosemary oil are popular natural remedies for hair growth, but they work in different ways. Onion juice is rich in sulphur, antioxidants, and flavonoids that help strengthen hair roots, reduce breakage, improve scalp circulation. Rosemary oil, improves blood flow to hair follicles, helps reduce dandruff and scalp irritation, supporting scalp health.