Hair Care: ഉറങ്ങുമ്പോൾ മുടി കെട്ടിവെക്കണോ അഴിച്ചിടണോ? തലമുടി സംരക്ഷിക്കാൻ ഇക്കാര്യങ്ങൾ അറിയണം
Hair Care Before Bed: ദൈനംദിന ജീവിതത്തിൽ നമ്മൾ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിയാമോ? അതിൽ പ്രധാനമാണ് രാത്രി കിടക്കുമ്പോൾ മുടി കെട്ടി വയ്ക്കണോ, അഴിച്ചിടണോ എന്ന സംശയം.
എണ്ണകളും മരുന്നുകളും മാറി മാറി പ്രയോഗിച്ചിട്ടും തലമുടിക്കൊഴിച്ചിൽ കുറയുന്നില്ല….എന്ന പരാതി പലർക്കും ഉണ്ടാകും. എന്നാൽ ദൈനംദിന ജീവിതത്തിൽ നമ്മൾ വരുത്തുന്ന ചെറിയ തെറ്റുകൾ പോലും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് അറിയാമോ? അതിൽ പ്രധാനമാണ് ഉറങ്ങുമ്പോൾ തലമുടി എങ്ങനെയാണ് എന്നുള്ളത്. രാത്രി കിടക്കുമ്പോൾ മുടി കെട്ടി വയ്ക്കണോ, അഴിച്ചിടണോ എന്ന സംശയം പലർക്കും ഉണ്ടാകും. എന്നാൽ ഇനിയത് വേണ്ട….
മുടി അഴിച്ചിടണോ, പിന്നിക്കെട്ടണോ?
ഉറങ്ങുമ്പോൾ മുടി പൂർണ്ണമായും അഴിച്ചിടുന്നത് മുടി കെട്ടുപിണയാനും പൊട്ടിപ്പോകാനും കാരണമാകും. അതിനാൽ മുടി വളരെ അയച്ചു പിന്നിക്കെട്ടുന്നതാണ് ഏറ്റവും ഉചിതമെന്ന് വിദഗ്ധർ പറയുന്നു. ഇത് മുടിയിലെ ഈർപ്പം നിലനിർത്താനും ഉരസുന്നത് മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാനും സഹായിക്കും.
എന്നാൽ മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. രാത്രിയിൽ മുടി മുറുക്കി കെട്ടുന്നത് മുടിയുടെ വേരുകൾക്ക് ബലക്ഷയമുണ്ടാക്കും. ഇത് മുടി കൊഴിച്ചിലിന് കാരണമായേക്കാം. അതിനാൽ മുടി വരിഞ്ഞു മുറുക്കാതെ അയഞ്ഞ രീതിയിൽ കെട്ടാൻ ശ്രദ്ധിക്കുക.
ALSO READ: മുലപ്പാൽ പമ്പ് ചെയ്ത് സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; എത്ര നേരം പുറത്തു വെക്കാം
ഇക്കാര്യങ്ങളും ശ്രദ്ധിക്കാം..
സാധാരണ കോട്ടൺ തലയിണ കവറുകൾ മുടിയിലെ ഈർപ്പം വലിച്ചെടുക്കുകയും ഘർഷണം ഉണ്ടാക്കുകയും ചെയ്യും. ഇതിനു പകരമായി സിൽക്ക് അല്ലെങ്കിൽ സാറ്റിൻ തുണി കൊണ്ടുള്ള തലയിണ കവറുകൾ ഉപയോഗിക്കുന്നത് മുടി പൊട്ടുന്നത് തടയാൻ സഹായിക്കും.
മുടി നനഞ്ഞിരിക്കുമ്പോൾ അവയ്ക്ക് ബലം കുറവായിരിക്കും. ഈ സമയത്ത് ഉറങ്ങുന്നത് മുടി എളുപ്പത്തിൽ പൊട്ടിപ്പോകാൻ കാരണമാകും. കൂടാതെ നനഞ്ഞ മുടിയിൽ ഫംഗസ് ബാധയുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ഉറങ്ങുന്നതിന് മുമ്പ് മുടി പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തുക.
ഉറങ്ങുന്നതിന് മുമ്പ് മുടിയുടെ അറ്റത്ത് അല്പം ഹെയർ സെറമോ കുറച്ച് വെളിച്ചെണ്ണയോ പുരട്ടുന്നത് മുടി വരണ്ടുപോകാതിരിക്കാൻ സഹായിക്കും. ഇത് മുടിക്ക് തിളക്കം നൽകുകയും ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യും.