Munnar Travel: ഫാമിലി ട്രിപ്പുകൾക്ക് ഏറ്റവും അനുയോജ്യമായ മൂന്നാറിലെ സ്ഥലങ്ങൾ; മിസ്സാക്കരുതേ
Safest Family Places In Munnar: ദിവസേന പതിനായരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. എന്നാൽ, സുഹൃത്തുക്കൾക്കൊപ്പം പോകുന്നതുപോലെയല്ല കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമായി ആസ്വദിക്കാൻ പറ്റുന്നതും, അപകടസാധ്യതകൾ ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഫാമിലി ട്രിപ്പുകൾക്ക് തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കിൽ കുടുംബവുമൊത്ത് മൂന്നറിലെത്തുന്ന നിങ്ങൾ പോകേണ്ടതും കാണേണ്ടതുമായ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

Munnar
പച്ചപുതച്ച തെയിലത്തോട്ടങ്ങളും കോടമഞ്ഞും കുളിർക്കാറ്റുമേറ്റ് സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹരമായ മലനിരകളും മൂന്നാറിൻ്റെ വശ്യമായ ഭംഗിയാണ്. അതുകൊണ്ട് തന്നെ ഏത് സീസണിലും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് മൂന്നാർ. ദിവസേന പതിനായരക്കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തിച്ചേരുന്നത്. എന്നാൽ, സുഹൃത്തുക്കൾക്കൊപ്പം പോകുന്നതുപോലെയല്ല കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്യുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുരക്ഷിതമായി ആസ്വദിക്കാൻ പറ്റുന്നതും, അപകടസാധ്യതകൾ ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഫാമിലി ട്രിപ്പുകൾക്ക് തിരഞ്ഞെടുക്കേണ്ടത്. അങ്ങനെയെങ്കിൽ കുടുംബവുമൊത്ത് മൂന്നറിലെത്തുന്ന നിങ്ങൾ പോകേണ്ടതും കാണേണ്ടതുമായ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
ALSO READ: മൺസൂൺ യാത്രകൾ ട്രാജഡിയാകരുത്; കാടും മലയും കയറാൻ പ്ലാനുണ്ടെങ്കിൽ ഇതറിഞ്ഞിരിക്കണം
ഇരവികുളം നാഷണൽ പാർക്ക്
മൂന്നാറിലെത്തുന്ന കുടുംബങ്ങൾ ആദ്യം തിരഞ്ഞെടുക്കേണ്ട സ്ഥലമാണിത്. വരയാടുകളുടെ താവളമായ ഇവിടം കുട്ടികൾക്ക് വളരെയധികം കൗതുകവും ഇഷ്ടവും തോന്നുന്ന സ്ഥലമാണ്. രാജമലയുടെ മുകളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നത് വനംവകുപ്പിൻ്റെ പ്രത്യേക ബസുകളിലാണ്. സ്വന്തം വാഹനങ്ങൾ താഴെ പാർക്ക് ചെയ്താണ് ഇവിടേക്ക് പ്രവേശിക്കേണ്ടത്. അതുകൊണ്ട് തന്നെ മലയോര പാതകളിലൂടെയുള്ള ഡ്രൈവിംഗിലെ അപകട സാധ്യത കുറയ്ക്കാം.
മാട്ടുപ്പെട്ടി ഡാം
മൂന്നാർ ടൗണിൽ നിന്നും ഏകദേശം 13 കിലോമീറ്റർ സഞ്ചരിച്ചാൽ മനോഹരമായ മാട്ടുപ്പെട്ടി അണക്കെട്ട് കാണാം. മലനിരകൾക്ക് നടുവിലെ വലിയ തടാകം കാണാൻ പ്രത്യേക ഭംഗിയാണ്. ഡാമിന് ചുറ്റും ശക്തമായ സുരക്ഷാ വേലികളും ഗൈഡുകളും ഉണ്ടാകും. അതിനാൽ കുട്ടികളെ പേടിക്കേണ്ട. സ്പീഡ് ബോട്ട്, മോട്ടോർ ബോട്ട് സർവീസുകൾ എന്നിവയും ഇവിടെ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ലൈഫ് ജാക്കറ്റുകൾ നിർബന്ധമായതിനാൽ പേടിക്കാതെ ബോട്ടിംഗ് ആസ്വദിക്കാം.
ബ്ലോസം ഹൈഡ്രെൽ പാർക്ക്
മുതിർന്നവർക്ക് വിശ്രമിക്കാനും കുട്ടികൾക്ക് ഓടിക്കളിക്കാനും പറ്റിയ മൂന്നാറിലെ ഏറ്റവും മികച്ച പാർക്കാണ് ബ്ലോസം ഹൈഡ്രെൽ പാർക്ക്. മുതിർന്നവർക്ക് നടക്കാൻ പ്രകൃതിരമണീയമായ വഴികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക പ്ലേ ഏരിയ, അക്വാട്ടിക്കൽ വാക്ക്, സൈക്ലിംഗ് എന്നിവ ഇവിടെയുണ്ട്.
വട്ടവട
മൂന്നാറിൻ്റെ തിരക്കുകളിൽ നിന്നും മാറി സമാധാനപരമായ ഒരു അന്തരീക്ഷം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് വട്ടവട നല്ലൊരു ഓപ്ഷനാണ്. കേരളത്തിൻ്റെ ‘പച്ചക്കറി ഗ്രാമം’ എന്നാണ് വട്ടവട സഞ്ചാരികൾക്കിടയിൽ അറിയപ്പെടുന്നത്. കനത്ത മൂടൽമഞ്ഞുള്ള അപകടകരമായ വളവുകളോ ഇല്ലാത്ത ശാന്തമായ ഒരു താഴ്‌വരയാണിത്. വട്ടവടയിലേക്കുള്ള യാത്രയിൽ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളും കാണാം.
കുടുംബവുമായി പോകുമ്പോൾ ശ്രദ്ധിക്കേണ്ടത്
- ഇരവികുളം നാഷണൽ പാർക്കിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്താൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാം.
- മലയോര പാതകളിലൂടെ യാത്ര ചെയ്യുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും തലകറക്കമോ ഛർദ്ദിയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനുള്ള മരുന്നുകൾ കയ്യിൽ കരുതേണ്ടതാണ്.
- മൂന്നാറിൽ ഏതു സമയത്തും കാലാവസ്ഥ മാറിമറിയാം. കുട്ടികൾക്കും മുതിർന്നവർക്കും ആവശ്യമായ സ്വെറ്ററുകളും റെയിൻ കോട്ടുകളും എപ്പോഴും വാഹനത്തിൽ കരുതുക. അസുഖങ്ങൾ തടയാൻ ഇത് നല്ലതാണ്.
- തിരക്കുള്ള സമയങ്ങളിൽ കഴിവതും മുൻകൂട്ടി റൂമുകൾ ബുക്ക് ചെയ്യുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അവിടെയെത്തിയാൽ റൂം കിട്ടണമെന്നില്ല.
English Summary:
Are you planning a family holiday to Munnar, Discover the safest, most accessible tourist spots. Mattupetty Dam, Eravikulam National Park, and Blossom Park that are perfect for kids and elderly parents.