Mangalavanam Bird Sanctuary: കൊച്ചിയുടെ ശ്വാസകോശമാണ് ഈ പച്ചപ്പ്; നഗരത്തിലെ ഈ ആമസോൺ നിങ്ങൾ കണ്ടിട്ടുണ്ടോ?
Kochi Mangalavanam Travel Guide: ഈ കുഞ്ഞൻ ആമസോൺ കൊച്ചിയുടെ 'ശ്വാസകോശം' എന്നാണ് അറിയപ്പെടുന്നത്. കൊച്ചിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന കണ്ടൽക്കാടുകളുടെ ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. കായലിനോട് ചേർന്ന് കിടക്കുന്ന ഈ കാടുകൾ വെള്ളത്തെ ശുദ്ധീകരിക്കുന്നു.

Mangalavanam
കൊച്ചിയിലെ കോൺക്രീറ്റ് കാടുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന ഒരു പച്ചപ്പാണ് മംഗളവനം (Mangalavanam). നഗരത്തിലെ തിരക്കുകൾക്കും പുകപടലങ്ങൾക്കും തൊട്ടടുത്ത് ഇത്രയും ശാന്തമായ ഒരു വനം ഉണ്ടെന്ന് പലർക്കും അറിയില്ല എന്നതാണ് സത്യം. ഈ കുഞ്ഞൻ ആമസോൺ കൊച്ചിയുടെ ‘ശ്വാസകോശം’ എന്നാണ് അറിയപ്പെടുന്നത്.
മെട്രോ ട്രെയിനുകളും ട്രാഫിക് ബ്ലോക്കുകളും നിറഞ്ഞ കൊച്ചി നഗരത്തിൻ്റെ മധ്യത്തിൽ, ശുദ്ധവായു ശ്വസിക്കാൻ ഒരിടം തിരയുന്നവരുണ്ടെങ്കിൽ തീർച്ചയായും മംഗളവനത്തിലേക്ക് പോകാവുന്നതാണ്. വെറുമൊരു പാർക്കായല്ല ഇതിനെ കാണേണ്ടത്, പ്രകൃതി നഗരത്തിന് നൽകിയ വലിയൊരു വരദാനമായാണ് കൊച്ചിക്കാർ ഈ പച്ചത്തുരുത്തിനെ കാണുന്നത്.
ALSO READ: കാറില്ലാതെ, ട്രാഫിക്കില്ലാതെ കൊച്ചി കാണാം; മെട്രോയിൽ ഒരു വൺ-ഡേ ട്രിപ്പ്
മംഗളവനത്തെ വ്യത്യസ്തമാക്കുന്നത് എന്ത്?
നഗരത്തിൻ്റെ ഒത്ത നടുവിലായി ഏകദേശം 2.74 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രദേശം കൊച്ചിയിലെ താപനില ചൂട് കുറയ്ക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. നഗരം വെന്തുരുകുമ്പോഴും മംഗളവനത്തിനുള്ളിൽ പ്രവേശിച്ചാൽ എപ്പോഴും തണുപ്പാണ്. ദേശാടന പക്ഷികളുടെ പറുദീസയാണ് മംഗളവനം. ലിറ്റിൽ കോർമോറൻ്റ് മുതൽ ബ്ലാക്ക് ക്രൗൺ നൈറ്റ് ഹെറോൺ തുടങ്ങിയ പക്ഷികൾ വരെ ഇവിടെ എത്താറുണ്ട്. അതുകൊണ്ട് തന്നെ കൊച്ചിയിലെ പക്ഷിസങ്കേതം എന്നും ഇതിനൊരു വിളിപ്പേരുണ്ട്.
കൊച്ചിയിലെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കുന്ന കണ്ടൽക്കാടുകളുടെ ഒരു വലിയ നിര തന്നെ ഇവിടെയുണ്ട്. കായലിനോട് ചേർന്ന് കിടക്കുന്ന ഈ കാടുകൾ വെള്ളത്തെ ശുദ്ധീകരിക്കുന്നു. ഇവിടെയെത്തിയാൽ കൊച്ചി നഗരം കാണാൻ സാധിക്കുന്ന ഒരു വാച്ച് ടവറുണ്ട്. കൂടാതെ കണ്ടൽക്കാടുകൾക്കിടയിലൂടെ നടക്കാനുള്ള സൗകര്യവുമുണ്ട്. പ്രവേശന ഫീസ് കുറവായതിനാൽ സാധാരണക്കാർക്ക് പോലും ഇവിടം സന്ദർശിക്കാം.
എപ്പോൾ സന്ദർശിക്കണം?
രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഇവിടെ പ്രവേശനാനുമതി ഉണ്ട്. സാധാരണയായി ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് പക്ഷികളെ കാണാൻ ഇവിടെ എത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ സമയം. വൈകുന്നേരങ്ങളിലാണെങ്കിൽ ഇവിടം കൂടുതൽ ശാന്തമായിരിക്കും. കൂടാതെ സൂര്യാസ്തമയം കാണാൻ നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്.
എങ്ങനെ എത്തിച്ചേരാം?
ഹൈക്കോടതിക്ക് തൊട്ടടുത്തായി മറൈൻ ഡ്രൈവി മേഖലയിലാണ് മംഗളവനം സ്ഥിതി ചെയ്യുന്നത്. കൊച്ചി മെട്രോയുടെ എംജി റോഡ് സ്റ്റേഷനിൽ ഇറങ്ങിയാൽ ഓട്ടോയിൽ ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും. നിരവധി ബസ് സർവീസുകളും ലഭ്യമാണ്.