Ambanad Hills: തെക്കൻ കേരളത്തിൻ്റെ ‘മിനി മൂന്നാര്‍’; കൊല്ലത്തെ അമ്പനാടാണ് ഇപ്പോൾ വൈറൽ, അടിപൊളി യാത്ര പോകാം
Ambanad Hills Monsoon Travel Guide: ആര്യങ്കാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അമ്പനാട് ഹിൽസ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ട്രെൻഡിംഗ്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ് നിൽക്കുന്ന ഈ പ്രദേശത്തേക്ക് ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. നല്ല മഴയുള്ളപ്പോൾ ഇവിടേക്കുള്ള ബൈക്ക് യാത്രയായാലും കാറിലെ യാത്രയായാലും അതിമനോഹരമാണ്. തെക്കൻ കേരളത്തിന്റെ 'മിനി മൂന്നാർ' എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത്.
കൊല്ലത്ത് കാണാൻ എന്തുണ്ട് എന്ന് ചോദിക്കുന്നവരോട്… കാണാൻ കടലും കായലും മലയും വെള്ളച്ചാട്ടവും എല്ലാം ഉണ്ടെന്ന് പറയാൻ മടിക്കേണ്ട. കാരണം കൊല്ലെ ജില്ലയിലെ ആര്യങ്കാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അമ്പനാട് ഹിൽസ് (Ambanad Hills) ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൻ ട്രെൻഡിംഗ്. പച്ചപ്പും കോടമഞ്ഞും നിറഞ്ഞ് നിൽക്കുന്ന ഈ പ്രദേശത്തേക്ക് ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. നല്ല മഴയുള്ളപ്പോൾ ഇവിടേക്കുള്ള ബൈക്ക് യാത്രയായാലും കാറിലെ യാത്രയായാലും അതിമനോഹരമാണ്. തെക്കൻ കേരളത്തിന്റെ ‘മിനി മൂന്നാർ’ എന്നാണ് ഈ സ്ഥലത്തെ അറിയപ്പെടുന്നത്. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറി വൺ-ഡേ ട്രിപ്പ് പ്ലാൻ ചെയ്യാൻ പറ്റിയ അടിപൊളി ലൊക്കേഷനാണിത്.
തേയിലത്തോട്ടങ്ങളും കോടമഞ്ഞും ആസ്വദിക്കാൻ ഇനി മൂന്നാറിലോട്ടോ വയനാട്ടിലേക്കോ തെക്കുള്ളവർക്ക് വണ്ടി കേറേണ്ടതില്ല. തെക്കൻ കേരളത്തിലുള്ളവർക്ക് വളരെ ചിലവ് കുറഞ്ഞ്, അധികം തിരക്കില്ലാതെ പോയിവരാൻ പറ്റിയ ഒരു സുന്ദരമായ സ്ഥലമാണ് അമ്പനാട്. പശ്ചിമഘട്ട മലനിരകളുടെയും അച്ചൻകോവിൽ വനമേഖലയുടെയും അതിർത്ഥിയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പ്രകൃതിസ്നേഹികളുടെ പുതിയ താവളമായി മാറിയിരിക്കുകയാണ്. ആന, കാട്ടുപോത്ത്, മാന്‍, മലയണ്ണാന്‍, മയിലുകള്‍ തുടങ്ങിയവ അമ്പനാട്ടിലെ പതിവ് കാഴ്ചകളാണ്.
ALSO READ: കോടമഞ്ഞും കാട്ടുചോലകളും; മഴയത്ത് നെല്ലിയാമ്പതിയിലേക്ക് ഒരു വൺഡേ ട്രിപ്പ് പോയാലോ?
ശാന്തതയാണ് അമ്പനാടിൻ്റെ ഏറ്റവും വലിയ സവിശേഷത. അധികമാളുകൾ എത്തിച്ചേരാത്ത സ്ഥലമായതിനാൽ തന്നെ ഇവിടെ തിരക്ക് നന്നേ കുറവാണ്. ഇതിനാൽ തന്നെ അമ്പനാട്ടിലെത്തുന്നവർക്ക് ഇവിടുത്തെ കാഴ്ചകൾ മതിവരുവോളം ആസ്വദിക്കാൻ കഴിയും. എന്നാൽ റീലുകളിലും വീഡിയോകളിലും വൈറലായതോടെ പഴയ അവസ്ഥയിലല്ല ഇവിടം. അമ്പനാട് എസ്റ്റേറ്റിലേക്കുള്ള പ്രവേശന ഫീസ് മുതിർന്നവർക്കും കുട്ടികൾക്കും യഥാക്രമം 100 രൂപയും 20 രൂപയുമാണ്. 2500 രൂപ വാടകയും ഭക്ഷണത്തിന് 250 രൂപ അധികമായും നൽകിയാൽ ഇവിടെയുള്ള ബംഗ്ലാവുകളിൽ താമസ സൗകര്യം ലഭിക്കും.
ജില്ലയിലെ ഏക തേയിലത്തോട്ടം
കൊല്ലം ജില്ലയിൽ തേയിലത്തോട്ടങ്ങളുള്ള ഏക ഹിൽസ്റ്റേഷനെന്ന പേരും നമ്മുടെ അമ്പനാടിനാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് സ്ഥാപിച്ച ഈ എസ്റ്റേറ്റ് പ്രകൃതിഭംഗി കൊണ്ട് മാത്രമല്ല, ചരിത്രം കൊണ്ടും സമ്പന്നമായ ഒരിടമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഗ്രാമ്പൂ എസ്റ്റേറ്റുകളിൽ ഒന്നാണിത്. തേയിലയ്ക്ക് പുറമെ ജാതിക്ക, ഓറഞ്ച്, സപ്പോട്ട എന്നിവയും ഈ മലനിരകളുടെ മടിത്തട്ടിലെ പ്രധാന വിളകളാണ്. 1920-കളിൽ ബ്രിട്ടീഷുകാർ സ്ഥാപിച്ച പുരാതനമായ മെഷിനറികൾ ഇപ്പോഴും പ്രവർത്തിക്കുന്ന തെയില ഫാക്ടറി ഇവിടെ എത്തിയാൽ കാണാനാകും.
കുടമുട്ടി വെള്ളച്ചാട്ടവും മറ്റ് ആകർഷണവും
തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ, കൂറ്റൻ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകിയിറങ്ങുന്ന മനോഹരമായ വെള്ളച്ചാട്ടമാണിത്. യാത്രാക്ഷീണം മാറ്റാൻ ഇവിടെ കുളിക്കാനുള്ള സൗകര്യമുണ്ട്. എസ്റ്റേറ്റിനുള്ളിൽ തന്നെ ശാന്തമായ മൂന്ന് തടാകങ്ങളും അതിൽ ബോട്ടിംഗ് നടത്താനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. പഴയ കാലത്തെ പ്രൗഢി ചോരാത്ത എസ്റ്റേറ്റ് ബംഗ്ലാവിൽ രാത്രി താമസിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ നിങ്ങളുടെ യാത്രയിൽ അങ്ങനൊരു പ്ലാനുണ്ടെങ്കിൽ അത് മുൻകൂട്ടി ബുക്ക് ചെയ്യണം.
എങ്ങനെ എത്തിച്ചേരാം?
പുനലൂരിൽ നിന്ന് ഏകദേശം 35 കി.മീറ്ററും, തെന്മലയിൽ നിന്ന് 12 കി.മീറ്ററും മാറിയാണ് അമ്പനാട് സ്ഥിതി ചെയ്യുന്നത്. കൊല്ലം-ചെങ്കോട്ട പാതയിൽ കഴുത്തുരുട്ടി എന്ന സ്ഥലത്ത് നിന്നും ഏകദേശം 12 കി.മീറ്റർ സഞ്ചരിച്ചാൽ അമ്പനാട് എസ്റ്റേറ്റിൽ എത്താം. ഹെയർപിൻ വളവുകളും പച്ചപ്പും നിറഞ്ഞ ഓഫ്‌റോഡ് ഡ്രൈവിംഗ് അനുഭവം മറക്കാനാവാത്ത ഓർമ്മകളാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. തെന്മല (12 കി.മീ) അല്ലെങ്കിൽ പുനലൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാലും ഇവിടേക്ക് പോകാവുന്നതാണ്. എസ്റ്റേറ്റിനുള്ളിൽ വലിയ റെസ്റ്റോറൻ്റുകൾ ഒന്നുമില്ലാത്തതിനാൽ വൺ-ഡേ ട്രിപ്പ് പോകുന്നവർ ആവശ്യത്തിന് ഭക്ഷണവും വെള്ളവും കയ്യിൽ കരുതുന്നത് നന്നായിരിക്കും.
English Summary:
Ambanad Hills Travel Guide 2026, Plan your perfect rainy day trip to Ambanad Hills in Kollam. Check out the best time to visit, road conditions, entry fees, and top misty viewpoints. Ambanad is also known as the Mini Munnar of South Kerala.