KSRTC Travel Card: ഹാപ്പി ലോംഗ് ലൈഫ്… കാൻസർ രോഗികൾക്ക് സൗജന്യ യാത്ര; കെഎസ്ആർടിസി ട്രാവൽ കാർഡ് എങ്ങനെ സ്വന്തമാക്കാം?
KSRTC Travel Card For Cancer Patients: സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ്.

KSRTC
ഇനി മുതൽ ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യാം. കെഎസ്ആർടിസിയിൽ മറ്റൊരു സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി കൂടിയാണ് ഈ പ്രഖ്യാപനത്തിലൂടെ നടപ്പിലാക്കുന്നത്. ഹാപ്പി ലോംഗ് ലൈഫ് എന്നാണ് ഈ യാത്രയ്ക്ക് പേര് നൽകിയത്. എന്നാൽ ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യണമെങ്കിൽ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.
സൗജന്യ യാത്രയ്ക്കായുള്ള അപേക്ഷ പരിഗണിച്ച ശേഷം അർഹരായവർക്ക് ‘ഹാപ്പി ലോംഗ് ലൈഫ് RFID യാത്രാ കാർഡ് ‘അപേക്ഷകന്റെ വീട്ടിൽ നേരിട്ട് കെഎസ്ആർടിസി എത്തിച്ചുനൽകുന്നതാണ്.
Also Read: അയ്യനെ കാണാം കെഎസ്ആർടിസിയിൽ; മണ്ഡലകാല യാത്രയ്ക്ക് കിടിലൻ പാക്കേജ്
യാത്രാ കാർഡിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
https:/keralartcit .com/ എന്ന ഔദ്യോഗിക പോർട്ടലിലൂടെ മാത്രമെ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കു
അപേക്ഷയോടൊപ്പം ചുവടെ ചേർക്കുന്ന രേഖകൾ (JPG ,PNG ,PDF , ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്)
പാസ്പോർട്ട് സൈസ് ഫോട്ടോ
ആധാർ കാർഡിന്റെ കോപ്പി
നിലവിലെ മേൽവിലാസം തെളിയിക്കുന്ന രേഖ (ആധാർ കാർഡിലെ മേൽവിലാസവുമായി വ്യത്യാസമുള്ള പക്ഷം)
ഓങ്കോളിജിസ്റ്റ് നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് (വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാതൃകയിൽ)
സമർപ്പിക്കുന്ന എല്ലാ രേഖകളും വ്യക്തവും സാധ്യതയുള്ളതും നിർദിഷ്ട ഫയൽ ഫോർമാറ്റിലും ആയിരിക്കണം
അപേക്ഷകൻ നൽകിയിരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് ബോധ്യപ്പെടുന്ന പക്ഷം കാർഡ് റദ്ദ് ചെയ്യുപ്പെടും. കൂടാതെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
അപേക്ഷ പരിശോധിച്ച് അംഗീകാരം ലഭ്യമാകുന്നവർക്ക് ചീഫ് ഓഫീസിൽ നിന്നും RFID യാത്രാ കാർഡ് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസർ മുഖേന അപേക്ഷകന്റെ വീടുകളിൽ എത്തിച്ച് നൽകുന്നതാണ്.