V2V Technology : ഇനി മുതൽ വാഹനങ്ങൾ തമ്മിൽ സംസാരിക്കണം! വി2വി സംവിധാനം നിർബന്ധമാക്കാൻ കേന്ദ്രം
Vehicle to Vehicle Communication : വാഹനങ്ങൾ തമ്മിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യായാണ് വെഹിക്കിൾ ടു വെഹിക്കിൾ ( V2V )കമ്മ്യൂണിക്കേഷൻ. മറ്റു പല രാജ്യങ്ങളിലും ഈ സംവിധാനം ഇതിനോടകം തന്നെ വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലും ഈ സംവിധാനം നിർബന്ധമാക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. എന്താണ് ഈ സാങ്കേതികവിദ്യ എന്നും എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിശദമായി നോക്കാം.

കേന്ദ്രസർക്കാർ പുറത്തിറക്കിയ ഇത് സംബന്ധിച്ച കരട് രേഖ പ്രകാരം 2028 ഒക്ടോബർ മുതൽ നിർമ്മിക്കുന്ന വാഹനങ്ങളിലാണ് ഈ സാങ്കേതികവിദ്യ നിർബന്ധമാക്കുന്നത്. ഇരുചക്രവാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ, കാറുകൾ, എസ് യു വികൾ, ബസുകൾ, ട്രക്കുകൾ, വാണിജ്യ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയിൽ ഈ സാങ്കേതികവിദ്യ നിർബന്ധമായും ഉൾപ്പെടുത്തേണ്ടിവരും. ( Image Credit Source Getty Images )

റോഡിലൂടെ സഞ്ചരിക്കുമ്പോൾ സമീപത്തുള്ള മറ്റു വാഹനങ്ങളുമായി ആശയവിനിമയം നടത്തി വേഗത, സഞ്ചരിക്കുന്ന ദിശ, ദിശയിലെ മാറ്റം, തടസ്സങ്ങൾ തുടങ്ങിയ വിവരങ്ങൾ പരസ്പരം കൈമാറുന്ന സംവിധാനമാണിത്. സുരക്ഷിതയാത്ര ഉറപ്പുവരുത്തുന്നതിനാണ് ഈ ടെക്നോളജി വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്നത്. ഡ്രൈവറുടെ കണ്ണിൽ പെടാത്ത അപകട സാധ്യതകൾ ഇതുവഴി മനസ്സിലാക്കാൻ സാധിക്കും.

ഉദാഹരണത്തിന് മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ഇടുമ്പോഴോ, വേഗത്തിൽ ലൈൻ ചേഞ്ച് ചെയ്യുമ്പോഴോ പിന്നിലുള്ള വാഹനത്തിലെ ഡ്രൈവർക്ക് ഈ സംവിധാനം വഴി അലർട്ട് ലഭിക്കും. ഇതുവഴി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും. കാഴ്ച മറക്കുന്ന വളവുകളിലെ വിവരങ്ങളും ഈ സാങ്കേതികവിദ്യ കൈമാറാം.

ആംബുലൻസ്, ഫയർഫോഴ്സ് ഉൾപ്പെടെയുള്ള അവശ്യ സർവീസ് വാഹനങ്ങൾ നിരത്തിലൂടെ കടന്നുപോകുമ്പോൾ അത് സംബന്ധിച്ച് വിവരങ്ങളും വൈക്കിൾ ടു വെഹിക്കിൾ കമ്മ്യൂണിക്കേഷൻ വഴി ലഭ്യമാക്കാൻ സാധിക്കും. തെറ്റായ ദിശയിൽ വാഹനങ്ങൾ വരുമ്പോഴും അറിയിപ്പ് ലഭിക്കും.

ഇതുവഴി നിരത്തുകളിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പിലാക്കാൻ വേണ്ട വിപുലമായ മുന്നൊരുക്കം ഇതിനകം തന്നെ പൂർത്തിയായിട്ടുണ്ട് എന്നാണ് വിവരം. വാഹനങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ സാധ്യമാക്കുന്നതിന് പ്രത്യേക ബാൻഡ് ടെലികോം മന്ത്രാലയം ഇതിനകം അനുവദിക്കുകയും ചെയ്തു.ക്കും.