Coriander: മല്ലിയില ആഴ്ചകളോളം ഫ്രഷായിരിക്കും; കേടാകാതെ സൂക്ഷിക്കാൻ വഴികളേറെ
How to Keep Coriander Leaves Fresh: മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് മല്ലിയില. പാചകത്തിൽ രുചിയും മണവും കൂട്ടാൻ ഇവ ഏറെ ഉപയോഗിക്കാറുണ്ട്. എന്നാൽ കടയിൽ നിന്ന് വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും മല്ലിയില ചീഞ്ഞുപോവുകയോ വാടികരിഞ്ഞ് പോവുകയോ ചെയ്യാറുണ്ട്. ഇതിന് എന്താണ് പരിഹാരം? മല്ലിയില ആഴ്ചകളോളം കേടാകാതെ സൂക്ഷിക്കാൻ സഹായിക്കുന്ന ചില വഴികളുണ്ട്.

മല്ലിയില കൂടുതൽ ദിവസം ഫ്രഷായി സൂക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ വഴി അവയുടെ വേരുകൾ വെള്ളത്തിൽ മുക്കി വെക്കുക എന്നതാണ്. മല്ലിയിലയുടെ വേരുകളിലുള്ള മണ്ണ് നന്നായി കഴുകി ഗ്ലാസിലോ ചെറിയ ജാറിലോ അല്പം വെള്ളമെടുത്ത് വേരുകൾ മാത്രം അതിൽ മുങ്ങിക്കിടക്കത്തക്ക രീതിയിൽ വെക്കുക. ഇതിന് മുകളിലായി ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാമ്. രണ്ട് ദിവസം കൂടുമ്പോൾ വെള്ളം മാറ്റിക്കൊടുക്കണം. (Image Credit source: Getty Images)

ചീത്തയായ മഞ്ഞനിറമുള്ള ഇലകൾ നുള്ളി മാറ്റിയ ശേഷം മല്ലിയിലെ ഒരു പേപ്പർ ടവലിലോ കോട്ടൺ തുണിയിലോ പൊതിയുക. ഇങ്ങനെ പൊതിഞ്ഞെടുത്ത മല്ലിയില ഒരു എയർ ടൈറ്റ് കണ്ടെയ്നറിലോ സിപ്ലോക്ക് കവറിലോ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇതാണ് മറ്റൊരു വഴി.

മല്ലിയില കഴുകി ഉണക്കി സൂക്ഷിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മല്ലിയില നന്നായി കഴുകിയ ശേഷം അതിലെ വെള്ളം പൂർണ്ണമായും മാറ്റേണ്ടതാണ്. ഒട്ടും ഈർപ്പമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം കഷണങ്ങളായി അരിഞ്ഞ് ഒരു എയർ ടൈറ്റ് ബോക്സിന്റെ അടിയിൽ പേപ്പർ ടവൽ വെച്ച് അതിലേക്ക് മാറ്റി സൂക്ഷിക്കാം.

അതുപോലെ മല്ലിയില ഫ്രീസ് ചെയ്ത് സൂക്ഷിക്കുന്നതും ആഴ്ചകളോളം ഫ്രഷായിയിരിക്കാൻ സഹായിക്കും. മല്ലിയില നന്നായി കഴുകി വെള്ളം ഉണക്കിയ ശേഷം ചെറുതായി അരിയുക. ഇത് ഒരു ഐസ് ക്യൂബ് ട്രേയിലേക്ക് മാറ്റി അതിൽ അല്പം ഒലിവ് ഓയിലോ വെള്ളമോ ഒഴിച്ച് ഫ്രീസ് ചെയ്തെടുക്കുക. പാചകം ചെയ്യുമ്പോൾ ആവശ്യമുള്ള ക്യൂബുകൾ നേരിട്ട് കറികളിലേക്ക് ചേർക്കാവുന്നതാണ്.

മല്ലിയില ഫ്രഷ് ആയി നിലനിർത്താൻ മഞ്ഞൾ വെള്ളം ഉപയോഗിക്കുന്ന രീതി വളരെ നല്ലതാണ്. ഒരു പാത്രം വെള്ളത്തിൽ അൽപം മഞ്ഞൾ ചേർത്ത് ഇലകൾ 20-30 മിനിറ്റ് മുക്കിവയ്ക്കുക. മഞ്ഞളിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ സൂക്ഷ്മാണുക്കളെ കൊല്ലുന്നു. തുടർന്ന്, ശുദ്ധമായ വെള്ളത്തിൽ കഴുകി ഉണക്കുക. നന്നായി ഈർപ്പം മാറ്റി എയർ ടൈറ്റ് കണ്ടെയ്നറിലോ സിപ്ലോക്ക് കവറിലോ ആക്കി സൂക്ഷിക്കാം.