Homemade Sago Recipe: ചൗവ്വരി കടയിൽ നിന്ന് വാങ്ങേണ്ട!; വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം, തയ്യാറാക്കുന്ന വിധം ഇതാ
Homemade Sago Making Tips: സ്വാഭാവികമായും ഗ്ലൂട്ടൻ ഇല്ലാത്ത ഭക്ഷണമായതിനാൽ ഗ്ലൂട്ടൻ അലർജിയോ സെലിയാക് രോഗമോ ഉള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാം. കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ പാൽ, നട്ട്സ് എന്നിവയ്ക്കൊപ്പം ചൗവ്വരി ചേർക്കാവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

പായസത്തിനും വിവിധ പലഹാരങ്ങൾക്കും ഏറെ ഉപയോഗിച്ചുവരുന്ന ഒന്നാണ് ചൗവ്വരി. എന്നാൽ ഇനി ഇത് കടകളിൽ നിന്ന് വാങ്ങണമെന്നില്ല. കൃത്രിമ വെളുപ്പിക്കലോ പ്രിസർവേറ്റീവുകളോ ഇല്ലാതെ, ശുദ്ധമായ രീതിയിൽ ചൗവ്വരി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. മരച്ചീനി/ കപ്പയുടെ അന്നജം ഉപയോഗിച്ചാണ് സാധാരണയായി ചൗവ്വരി നിർമ്മിക്കുന്നത്. എന്നാൽ ഇക്കാര്യം പലർക്കും അറിയില്ല എന്നതാണ് സത്യം. വീട്ടിൽ തന്നെ ലളിതമായി ചൗവ്വരി തയ്യാറാക്കുന്ന വിധം നമുക്ക് നോക്കിയാലോ. (Image Credit Source: Getty Images)

ആദ്യം തന്നെ കപ്പ നന്നായി കഴുകി അരച്ച് നല്ലൊരു പൾപ്പ് രൂപത്തിലാക്കുന്നു. വെള്ളം ചേർത്ത് വേണം അരയ്ക്കാൻ. ഈ സമയം നമുക്ക് കപ്പപാൽ കിട്ടുന്നു. ഇതൊരു വലിയ പാത്രത്തിലേക്ക് മാറ്റുക. ശേഷം കുറച്ച് മണിക്കൂർ കഴിഞ്ഞ് നോക്കുമ്പോൾ അടിയിൽ വെള്ള നിറത്തിൽ കപ്പയുടെ അന്നജം അടിഞ്ഞുകൂടിയത് കാണാനാകും. ഈ കട്ടിയുള്ള അന്നജമാണ് ഉരുളകളാക്കിയെടുക്കുന്നത്. സാധാരണ ഫാക്ടറികളിൽ ഇതിനായി പ്രത്യേകം അരിപ്പകളുണ്ട്.

ഈ ഉരുളകൾ ചൂടുള്ള പാനിലിട്ട് ചെറുതായി ഒന്ന് വറക്കും. ഈ സമയം ഇവയ്ക്ക് കട്ടി വരുകയും തിളക്കം ലഭിക്കുകയും ചെയ്യുന്നു. ശേഷം ഇവ ഒരു പായിലോ പാത്രത്തിലോ നിരത്തി വെയിലത്ത് ഉണങ്ങാൻ വയ്ക്കുന്നു. അപ്പോഴാണ് ഇവയ്ക്ക് കട്ടി ലഭിക്കുന്നത്. ഇന്ത്യയിലെ 80 ശതമാനത്തിലധികവും ചൗവ്വരി ഉല്പാദിപ്പിക്കപ്പെടുന്നത് തമിഴ്നാട്ടിലെ സേലത്ത് നിന്നാണ്. ലാൻ്റ് ഓഫ് സാഗോ എന്നാണ് അതിനാൽ ഈ സ്ഥല അറിയപ്പെടുന്നത്. ഒരു കിലോ ചൗവ്വരി തയ്യാറാക്കാൻ ഏകദേശം അഞ്ച് കിലോ വരെ കപ്പ ആവശ്യമായി വന്നേക്കാം.

ചൗവ്വരി കഴിക്കുന്നതിൻ്റെ ഗുണങ്ങൾ: കാർബോഹൈഡ്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് വേഗത്തിൽ ഊർജ്ജം പകരാൻ ചൗവ്വരി സഹായിക്കും. ക്ഷീണമകറ്റാനും ഉപവാസ ദിവസങ്ങളിലോ രോഗമുക്തി കാലത്തോ ഊർജ്ജം നിലനിർത്താനും ഇത് അനുയോജ്യമാണ്. ലളിതമായ അന്നജം അടങ്ങിയിരിക്കുന്നതിനാൽ വയറിന് ഭാരം കുറഞ്ഞതും ദഹിക്കാൻ എളുപ്പമുള്ളതുമാണ്. അസിഡിറ്റി, വയറുവേദന തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് മിതമായ അളവിൽ ഇത് ഉൾപ്പെടുത്താവുന്നതാണ്.

സ്വാഭാവികമായും ഗ്ലൂട്ടൻ ഇല്ലാത്ത ഭക്ഷണമായതിനാൽ ഗ്ലൂട്ടൻ അലർജിയോ സെലിയാക് രോഗമോ ഉള്ളവർക്ക് സുരക്ഷിതമായി ഉപയോഗിക്കാം. കലോറിയും കാർബോഹൈഡ്രേറ്റും കൂടുതലായതിനാൽ ശരീരഭാരം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവരുടെ ഡയറ്റിൽ പാൽ, നട്ട്സ് എന്നിവയ്ക്കൊപ്പം ചൗവ്വരി ചേർക്കാവുന്നതാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും പേശികളുടെയും നാഡികളുടെയും പ്രവർത്തനത്തിനും സഹായിക്കുന്ന പൊട്ടാസ്യം പോലുള്ള ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.